2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തി

 

കൊച്ചി: കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഊഷ്മള സ്വീകരണം. ഇന്നലെ വൈകിട്ട് ഏഴിന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, കെ.സി വേണുഗോപാല്‍, കെ. മുരളീധരന്‍, പ്രൊഫ. കെ.വി തോമസ്, കെ. ബാബു, വി.ഡി സതീശന്‍, പി.ടി തോമസ്, കെ.പി ധനപാലന്‍, ജോസഫ് വാഴയ്ക്കന്‍, ലതിക സുഭാഷ്, ടി.ജെ വിനോദ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, ഡീന്‍ കുര്യാക്കോസ്, അബ്ദുല്‍ മുത്തലിബ്, സക്കീര്‍ ഹുസൈന്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജന. സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചെന്നൈയില്‍ നിന്നെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കാര്‍ മാര്‍ഗം അദ്ദേഹം തൃശൂരിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ ഒന്‍പതിന് തൃപ്രയാറില്‍ നടക്കുന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പങ്കെടുത്തശേഷം രാഹുല്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും.

ഉച്ചകഴിഞ്ഞ് രണ്ടിന് കാസര്‍കോട് പെരിയയിലെത്തി കഴിഞ്ഞ മാസം കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാ സംഗമത്തില്‍ പങ്കെടുത്തശേഷം രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് മടങ്ങും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.