2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

രാഹുല്‍ ഗാന്ധിയും മലബാറിലെ രക്തജന്യരോഗികളും

കരീം കാരശ്ശേരി

 

രാഹുല്‍ ഗാന്ധിയും കേരളത്തിലെ രക്തജന്യരോഗികളും തമ്മിലുള്ള ബന്ധമെന്നത് പ്രത്യക്ഷത്തില്‍ അതിശയോക്തിപരമായി തോന്നാമെങ്കിലും വളരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു തലം ഇതിനുണ്ട്. 2009 ഒക്ടോബര്‍ 29നാണ് ഇതിനാധാരമായ സംഭവം നടക്കുന്നത്. മാരക രക്തജന്യ രോഗമനുഭവിക്കുന്ന തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ, ഹീമോഫീലിയ, ലുക്കീമിയ പോലുള്ള മലബാറിലെ നൂറോളം പാവപ്പെട്ട രോഗികളും രക്ഷിതാക്കളും കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെയും ഉപാധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയെയും കാണുന്നതിനും പരിദേവനം പറയുന്നതിനും എ.ഐ.സി.സി ഓഫിസില്‍ അഭയം തേടിയ ദിവസമായിരുന്നു അത്. ഇടതു സര്‍ക്കാരിന്റെ കടുത്ത അവഗണനയും ജീവന്‍രക്ഷാ മരുന്നും വിദഗ്ധ ചികിത്സയും രോഗപ്രതിരോധവും സാമൂഹ്യനീതിയും ലഭിക്കാതെ രോഗികള്‍ നിത്യേന മരണപ്പെടുകയും ചെയ്ത അതിദാരുണ സാഹചര്യത്തിലായിരുന്നു രോഗികളും രക്ഷിതാക്കളും അന്നു പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് അന്നത്തെ ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സഹായം തേടിയാണ് രോഗികളും രക്ഷിതാക്കളും എ.ഐ.സി.സി ഓഫിസിലെത്തിയതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ സോണിയയെയോ രാഹുലിനെയോ നേരിട്ടു കാണാന്‍ സാധിച്ചില്ല. എന്നാല്‍ വളരെ നല്ലരീതിയില്‍ ഇവരെ സ്വീകരിച്ച എ.ഐ.സി.സി ഓഫിസ് രോഗികളുടെ പതിനൊന്നിന ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ശ്രദ്ധയില്‍പെടുത്തി അനുകൂലമായ നടപടി എടുപ്പിക്കാമെന്നും പറഞ്ഞുവെന്നു മാത്രമല്ല, കോണ്‍ഗ്രസ് വക്താവ് ഡോ. ഷക്കീല്‍ അഹ്മദ് ഇക്കാര്യത്തിനു വേണ്ടി മാത്രമായി എ.ഐ.സി.സി ഓഫിസില്‍ ഒരു പ്രത്യേക വാര്‍ത്താസമ്മേളനം നടത്തുകയും ഉറപ്പു നല്‍കുകയും ചെയ്തു.
ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെങ്കിലും രക്തജന്യ രോഗികളുടെ പ്രത്യേക ദുരിതങ്ങള്‍ കണക്കിലെടുത്ത് നിങ്ങളുടെ ആവശ്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്നും നിങ്ങള്‍ നല്‍കിയ നിവേദനം സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സമര്‍പ്പിച്ച് അനുകൂലമായ നടപടി സ്വീകരിപ്പിക്കാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രത്യേകം ഉറപ്പു പറയുകയുമുണ്ടായി. ടെലിഗ്രാഫ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ ഇതു വളരെ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയപ്പോള്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് രോഗികളും രക്ഷിതാക്കളും പൂര്‍ണമായും വിശ്വസിച്ചു. എന്നാല്‍ അനുകൂലമായ യാതൊരു നടപടിയും യു.പി.എ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാല ഭരണത്തിനിടയിലുണ്ടായില്ല. ജീവന്‍രക്ഷാ മരുന്നും വിദഗ്ധ ചികിത്സയും ലഭിക്കാതെയുള്ള രക്തജന്യ രോഗികളുടെ അകാല മരണങ്ങള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു. ഇങ്ങനെ ചരമമടഞ്ഞവരില്‍ എ.ഐ.സി.സി ഓഫിസില്‍ ചെന്നവരും പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തവരും ഉള്‍പ്പെട്ടിരുന്നു.

അതിനിടെ സംസ്ഥാനത്ത് ഇടതുഭരണം മാറി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഭരണം ഏറ്റെടുത്തപ്പോള്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് രോഗികള്‍ ന്യായമായും വിശ്വസിച്ചു. അതും നടപ്പായില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതിയില്‍ നിന്ന് അരിവാള്‍ രോഗം, തലാസീമിയ തുടങ്ങിയ രക്തജന്യരോഗികള്‍ നിര്‍ദയം ഒഴിവാക്കപ്പെട്ടു. രോഗികളും രക്ഷിതാക്കളും ഏറെ മുറവിളി കൂട്ടിയെങ്കിലും അതു ചെവിക്കൊള്ളാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയാറായില്ല. എ.ഐ.സി.സി ഓഫിസില്‍നിന്ന് രോഗികള്‍ക്ക് നല്‍കിയ ഉറപ്പു പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ തയാറായില്ലെന്നു ചുരുക്കം. മാത്രമല്ല, രാഹുല്‍ജിയില്‍നിന്ന് ഒരു ആശ്വാസകരമായ മറുപടി പോലും രോഗികള്‍ക്കു ലഭിക്കുകയുണ്ടായില്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ തിരക്കിനിടയില്‍ ഇതിനു സമയം കണ്ടെത്താനാവാത്തതു കൊണ്ടാവാം. ഇന്ന് സ്ഥിതി അല്‍പം മാറിയിട്ടുണ്ട്. അദ്ദേഹം മലബാറില്‍ നിന്നുള്ള എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മലബാറിലെ വയനാട് മണ്ഡലത്തില്‍ അദ്ദേഹം രാഷ്ട്രീയ അഭയം തേടിയെത്തിയിരിക്കുന്നത് ഒരുപക്ഷേ ഒരു നിമിത്തമായിരിക്കണം. കേരളത്തിലെ തൊണ്ണൂറ്റിയഞ്ച് ശതമാനം അരിവാള്‍ രോഗികള്‍ അധിവസിക്കുന്ന മണ്ഡലത്തെയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ എം.പിയായി പ്രതിനിധീകരിക്കുന്നത്. വിദഗ്ധ ചികിത്സയോ ജീവന്‍രക്ഷാ മരുന്നുകളോ പ്രതിരോധ ചികിത്സയോ സാമൂഹ്യ നീതിയോ ലഭിക്കാതെ കടുത്ത വേദന തിന്നും അകാലമരണം അനുഭവിച്ചുമാണ് അവരുടെ കുടുംബങ്ങള്‍ കഴിഞ്ഞുപോകുന്നത്.

ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ രക്തജന്യ രോഗികള്‍ക്കു നേരെയുള്ള കടുത്ത അവഗണന തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നീതി പ്രതീക്ഷിക്കാനാകാത്തവിധം നിഷ്ഠൂരമായ സമീപനമാണ് രോഗികളും ബന്ധുക്കളും അനുഭവിക്കേണ്ടിവരുന്നത്. രക്തജന്യ രോഗികളുടെയും രക്ഷിതാക്കളുടെയും പതിറ്റാണ്ടുകളായുള്ള പ്രക്ഷോഭങ്ങള്‍ക്കും മുറവിളികള്‍ക്കും നേരെ സാമാന്യ ജനാധിപത്യ മര്യാദ പുലര്‍ത്താന്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരു ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഈ രോഗികള്‍ക്ക് അത്യാവശ്യമായിരിക്കുകയാണ്. ഇതിന് ആര് മുന്‍കൈയെടുക്കുമെന്നതും വളരെ പ്രസക്തമായ കാര്യമാണ്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ ഇമേജിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പതിനഞ്ച് മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പെട്ടവര്‍ ജയിച്ചുകയറിയിരിക്കുന്നത്. ഇവരുടെ ആസ്തി വികസന ഫണ്ടിലെ ഒരു വിഹിതമുപയോഗിച്ച് രക്തജന്യ രോഗികളെ സഹായിക്കുകയെന്നത് രാഹുല്‍ ഗാന്ധി വിചാരിച്ചാല്‍ വലിയ പ്രയാസമുള്ള കാര്യമല്ല. രാഹുല്‍ ഗാന്ധി ഇതിന് മുന്‍കൈയെടുത്ത് പ്രായശ്ചിത്തം ചെയ്യാനും കേരളത്തിലെ രക്തജന്യ രോഗികളുടെ ഉണങ്ങാത്ത കണ്ണീരൊപ്പാനും ഇനിയെങ്കിലും തുണയാകുമോ എന്നാണ് അറിയേണ്ടിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.