2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

രാഹുലിന് വധഭീഷണി

പുതുച്ചേരിയിലെത്തിയാല്‍ കൊല്ലുമെന്ന് കത്ത്

കാരയ്ക്കല്‍ (പുതുച്ചേരി): കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വധഭീഷണി. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയാല്‍ കൊല്ലുമെന്നാണ് ഭീഷണി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.നാരായണ സ്വാമിക്കാണ് അജ്ഞാത കത്ത് ലഭിച്ചത്. കോണ്‍ഗ്രസ്, ഡി.എം.കെ അണികളുടെ സംയുക്തറാലി ഇന്ന് പുതുച്ചേരി കാരയ്ക്കലില്‍ നടക്കാനിരിക്കെയാണ് കത്ത് ലഭിച്ചത്. കേരളത്തിനൊപ്പം പുതുച്ചേരിയിലും വരുന്ന 16നാണ് നിയമസഭാ തെരഞ്ഞെടുപ്പ്.
തന്നെയും രാഹുലിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള കത്ത് പുതുച്ചേരിയിലെ പാര്‍ട്ടി ഓഫിസ് വിലാസത്തിലാണ് അയച്ചതെന്ന് മുന്‍ കേന്ദ്രമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ വി. നാരായണസ്വാമി പറഞ്ഞു. പുതുച്ചേരിയില്‍ വ്യവസായങ്ങള്‍ പൂട്ടിപ്പോയതിന് നിങ്ങളുടെ പാര്‍ട്ടിയാണ് ഉത്തരവാദികളെന്നും നിങ്ങളെയും നിങ്ങളുടെ മുന്‍ പ്രധാനമന്ത്രിയുടെ മകനെയും സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ വധിക്കുമെന്നുമാണ് തമിഴില്‍ എഴുതിയിരിക്കുന്ന ഭീഷണിക്കത്തിലുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലിസിനു പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവര്‍ക്കുപുറമെ ഗാന്ധി കുടുംബാംഗങ്ങളായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന എസ്.പി.ജി സുരക്ഷ നല്‍കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധി ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. 1991 മെയ് 21ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഇതിനേത്തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രിമാര്‍ക്കും എസ്.പി.ജി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കണ്ടു. നേതാക്കളായ അഹമ്മദ് പട്ടേല്‍, മോട്ടിലാല്‍ വോറ, ആനന്ദ്ശര്‍മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആഭ്യന്തരമന്ത്രിയെ കണ്ടത്.
രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും ശക്തമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ് ഉറപ്പുനല്‍കിയതായി സന്ദര്‍ശനത്തിനുശേഷം നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ക്കും എസ്.പി.ജിക്കും ജാഗ്രതാനിര്‍ദേശം നല്‍കിയതായി രാജ്‌നാഥ് സിങ് അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.