2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

രാഹുലിന്റെ അപ്രതീക്ഷിത വരവില്‍ മനംനിറഞ്ഞ് റിന്‍സി സുബൈര്‍

അംജദ്ഖാന്‍ റഷീദി

 

തിരുവമ്പാടി: രാഹുല്‍… രാഹുല്‍…. ഇത് ഉറക്കെ വിളിക്കുമ്പോള്‍ റിന്‍സി സുബൈര്‍ ഇത്രക്ക് പ്രതീക്ഷിച്ചില്ല. രാഹുല്‍ ഗാന്ധിയെ അതിരറ്റ് സ്‌നേഹിക്കുന്ന റിന്‍സി പെന്‍സില്‍ കൊണ്ട് രാഹുലിന്റെ ഛായാചിത്രം വരച്ചാണ് തിരുവമ്പാടിയിലെത്തിയത്.രാവിലെ പത്തോടെ തന്നെ വീട്ടുകാരോടൊപ്പം വന്ന് മുന്‍ നിരയില്‍ തന്നെ സീറ്റ് പിടിച്ചു.
ഒന്നരയോടെ തിരുവമ്പാടിയില്‍ എത്തിയ രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയതു മുതല്‍ താന്‍ വരച്ച ഛായാചിത്രം എടുത്തുയര്‍ത്തുകയായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ രാഹുല്‍ജി….. എന്നുറക്കെയുള്ള വിളി വന്നപ്പോള്‍ സുരക്ഷാവലയം ഭേദിച്ച് രാഹുല്‍, റിന്‍സി നിന്ന സ്ഥലത്തേക്ക് നടന്നടുക്കുകയായിരുന്നു. ഉടന്‍ തന്റെ ഛായാചിത്രം രാഹുല്‍ ആവശ്യപ്പെടുകയും റിന്‍സിയെ അരികിലേക്ക് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
മുക്കം വലിയ പറമ്പ് മുക്കോന്‍തൊടിക സുബൈര്‍ – റജീന ദമ്പതികളുടെ നാലു മക്കളില്‍ ഒരാളാണ് റിന്‍സി. നാലാം ക്ലാസു മുതല്‍ വരക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു വ്യക്തിയുടെ ഛായാചിത്രം വരക്കുന്നത്.
അത് രാഹുല്‍ജിയുടേതാവുകയും അദ്ദേഹം തന്റെ അടുത്ത് വന്ന് അത് വാങ്ങിയത് വലിയ അംഗീകാരമാണെന്നും ജീവിതത്തിലെ വലിയ ഒരു അഭിലാഷം നിറവേറിയെന്നും റിന്‍സി പറഞ്ഞു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.