2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

രാഷ്ട്രീയത്തിലും ട്രംപ് നല്ല വ്യവസായി

റെജി ലൂക്കോസ് 9895366606

അമേരിക്കന്‍ മാധ്യമങ്ങളെല്ലാം ഹിലരിക്ക് അനുകൂലമായിരുന്നു. വോട്ടെടുപ്പു നടന്നുകൊണ്ടിരിക്കെ ജനങ്ങളെ സ്വാധീനിക്കാവുന്ന തരത്തില്‍ അവര്‍ ഹിലരിയുടെ ജയസാധ്യത ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. ലോകരാജ്യങ്ങളില്‍ മിക്കതും ഹിലരി ജയിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. ലോകത്തെ പ്രമുഖവ്യക്തികളെല്ലാം ഹിലരിക്ക് അനുകൂലമായ തങ്ങളുടെ നിലപാട് പരസ്യമായി പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ കാര്യം തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായാല്‍ ലോകത്തു സംഭവിക്കുന്ന ഏറ്റവും വലിയ അശനിപാതമായിരിക്കുമെന്നായിരുന്നു അവരുടെ നിലപാട്. സ്ത്രീപീഡന ആരോപണങ്ങള്‍ തുടര്‍ച്ചയായി ട്രംപിനെതിരേ ഉയര്‍ന്നു. മുസ്‌ലിംവിരുദ്ധനും ന്യൂനപക്ഷവിരുദ്ധനും കുടിയേറ്റവിരുദ്ധനുമാണു താനെന്നു ട്രംപ് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചു. ട്രംപിനെ പിന്തുണയ്ക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കുപോലും മടിയായിരുന്നു.

എന്നിട്ടും ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി. എന്തു കൊണ്ട്? ഈ ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു. ട്രംപ് എന്ന സഹസ്രകോടീശ്വരനായ വ്യവസായി രാഷ്ട്രീയത്തിലും താന്‍ നല്ല കച്ചവടക്കാരനാണെന്നു തെളിയിച്ചു. അവസരങ്ങള്‍ മുതലെടുക്കുകയാണു കച്ചവടക്കാരന്റെ വിജയതന്ത്രം. ചരക്കുമിടുക്കു മോശമാണെങ്കിലും അത് അനായാസം വിറ്റഴിക്കാന്‍ ചെട്ടിമിടുക്കിനു കഴിയും. അങ്ങനെയുള്ളവരേ കച്ചവടത്തില്‍ വിജയിക്കൂ. വ്യവസായിയായ ട്രംപ് രാഷ്ട്രീയവും കച്ചവടമായി കണ്ടുവെന്നതാണ് സത്യം. എല്ലാവരും പുകഴ്ത്തിയപ്പോള്‍ ജയിച്ചുവെന്ന ആത്മവിശ്വാസത്തില്‍ ഉദാസീനയായ എതിരാളിയുടെ ആ ഉദാസീനതയും ട്രംപ് തന്റെ അവസരമായി വിനിയോഗിച്ചു.

ട്രംപിന്റെ വിജയം അമേരിക്കന്‍ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ അത്ഭുതവിജയമായി അറിയപ്പെടുമെന്നു തീര്‍ച്ച. കാരണം, സ്ഥാനാര്‍ഥിയാകാന്‍ പോലുമുള്ള സാധ്യതയില്ലാത്തിടത്തുനിന്നാണ് ഈ മനുഷ്യന്‍ അമേരിക്കന്‍ പ്രസിഡന്റായത്. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കാനുള്ള വിദൂരസാധ്യതയെങ്കിലുമുണ്ടാകണമെങ്കില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയോ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിത്വം നേടിയെടുക്കണം. അതാണ് ഏറ്റവും വലിയ കടമ്പ.

ആ കടമ്പ അനായാസമായി നേടിയ വ്യക്തിയായിരുന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിമോഹികളെയെല്ലാം ബഹുദൂരം പിന്നിലാക്കി അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്നു തെളിയിച്ചിരുന്നു. അതേസമയം, അനിശ്ചിതത്വത്തിന്റെ വന്‍ കടമ്പ കടന്നാണു ഡൊണാള്‍ഡ് ട്രംപ് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായത്. സ്ഥാനാര്‍ഥിയാകുന്നതിനുള്ള ഒരു യോഗ്യതയും ട്രംപിനുണ്ടായിരുന്നില്ല.

ഒരുതരത്തിലുള്ള രാഷ്ട്രീയപരിചയവുമില്ല. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗംപോലുമാണോയെന്നു പുറംലോകത്തിന് അറിയില്ലായിരുന്നു. അങ്ങനെയൊരാളെക്കുറിച്ചുപോലും ലോകജനത കേട്ടിട്ടേയില്ല. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കു പലര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നിട്ടും, കച്ചവടമനസ്സുള്ള ട്രംപ് ഇടിച്ചു കയറി. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിത്വ പരിഗണനാ പട്ടികയില്‍ ആറാംസ്ഥാനക്കാരനായിട്ടാണു പ്രവേശനം ലഭിച്ചത്. അതോടെതന്നെ സാധ്യത മങ്ങിയെന്ന് ഉറപ്പായിരുന്നു.

എന്നാല്‍, സമ്പത്തുകൊണ്ടും പ്രത്യേകശൈലിയിലുള്ള സംഭാഷണംകൊണ്ടും ട്രംപ് സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള മത്സരത്തില്‍ പിടിച്ചുനിന്നു. അദ്ദേഹമെടുത്ത പല നിലപാടുകളും വംശീയാധിഷ്ഠിതമായിരുന്നു. അതിന്റെ പേരില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ വലിയ നേതാക്കള്‍പോലും അദ്ദേഹത്തിന്റെ വിരോധികളായി. അപരിഷ്‌കൃതനും വംശീയവാദിയുമായ ട്രംപിന്റെ പ്രചാരണത്തില്‍പ്പോലും പങ്കെടുക്കാതെ അവര്‍ മാറിനിന്നു.
എന്നാല്‍, വിവാദങ്ങള്‍ സൃഷ്ടിച്ച് അമേരിക്കന്‍ വോട്ടര്‍മാരെ തന്റെ പക്ഷത്തേയ്ക്കു മാറ്റിയെടുക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ് എന്ന അതിവിദഗ്ധനായ കച്ചവടക്കാരന്‍. അമേരിക്കന്‍ വംശജരെന്ന വികാരം അദ്ദേഹം ഇളക്കിവിട്ടു. കുടിയേറ്റക്കാര്‍ യഥാര്‍ഥ അമേരിക്കക്കാരുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്നും കുടിയേറ്റം ഇതുപോലെ പെരുകിയാല്‍ അമേരിക്കന്‍ വംശജര്‍ ഇവിടെ ന്യൂനപക്ഷമാകുമെന്നും പ്രസംഗങ്ങളിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അമേരിക്കക്കാരുടെ അഭിമാനത്തെയാണ് ട്രംപ് തൊട്ടുണര്‍ത്തിയത്.

ഇരട്ട ടവര്‍ ആക്രമണത്തിനുശേഷം, അമേരിക്കക്കാരില്‍ ഉടലെടുത്ത തങ്ങള്‍ സുരക്ഷിതരല്ലെന്ന ഭീതി ട്രംപ് പരമാവധി മുതലെടുത്തു. അമേരിക്കക്കാരെ സുരക്ഷിതരാക്കുകയും മുസ്‌ലിംതീവ്രവാദത്തെ അടിച്ചമര്‍ത്തുകയുമായിരിക്കും തന്റെ പ്രഥമകര്‍ത്തവ്യമെന്നു ട്രംപ് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. തീവ്രവാദികള്‍ തങ്ങളെ ഏതു നിമിഷവും ആക്രമിക്കുമെന്ന ഭയം അടുത്തകാലത്തായി അമേരിക്കന്‍ വംശജര്‍ക്കുണ്ടെന്ന് അവിടെ ദീര്‍ഘകാലം കഴിഞ്ഞയാള്‍ എന്ന നിലയില്‍ എനിക്കറിയാം.

അടുത്തകാലത്ത് അമേരിക്കയിലെ നിശാക്ലബ്ബില്‍ തീവ്രവാദി 50 പേരെ വെടിവച്ചു കൊല്ലുകയും 55 ഓളം പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവമുള്‍പ്പെടെ ഈ ഭീതിയുടെ തോതു കൂടിക്കൊണ്ടിരുന്നു. ഇതു ട്രംപ് രാഷ്ട്രീയമായി ഉപയോഗിച്ചു. ആ സമയത്തെല്ലാം ട്രംപ് മിനിറ്റുകള്‍കുള്ളില്‍ പ്രതികരിച്ചു. ഭീകരവാദം അമേരിക്കയുടെ ശാപമായി മാറിയെന്നും അതിനെ അടിച്ചമര്‍ത്തുമെന്നും പ്രഖ്യാപിച്ചു. ഹിലരിയാകട്ടെ മൂന്നു മണിക്കൂറിനു ശേഷമാണ് വളരെമിതമായ രീതിയില്‍ പ്രതികരിച്ചത്.

മുന്‍കാലത്ത് ലോകത്ത് തങ്ങള്‍ക്കുണ്ടായ ആധിപത്യം നഷ്ടപ്പെടുകയാണെന്നും അതു തിരിച്ചെടുക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശമാണു ട്രംപ് പ്രചാരണത്തിലുടനീളം നടത്തിയത്. മെക്‌സിക്കോപോലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും ഏഷ്യന്‍രാജ്യങ്ങളില്‍നിന്നും കുടിയേറിപ്പാര്‍ക്കുന്നവര്‍ തങ്ങളേക്കാള്‍ പ്രബലരാകുമോ എന്ന ശരാശരി അമേരിക്കക്കാരന്റെ ആശങ്കയും ട്രംപ് മുതലെടുത്തു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതിലുകെട്ടുമെന്നുമുള്ള ട്രംപിന്റെ പ്രചാരണം അമേരിക്കക്കാരെ ആകര്‍ഷിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ആരോപണം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത് ട്രംപായിരുന്നു. അതില്‍ ഏറ്റവും രൂക്ഷം സ്ത്രീവിഷയമായിരുന്നു. ട്രംപ് അതിനെ നേരിട്ടത് തന്റെ മൂന്നാമത്തെ ഭാര്യയെയും മകളെയും മുന്‍നിര്‍ത്തിയാണ്. വ്യക്തിപരമായ ആരോപണങ്ങള്‍ അമേരിക്കക്കാര്‍ വിലമതിച്ചില്ല.

അമേരിക്കന്‍ ജനത ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം ആരോഗ്യമാണ്. അവര്‍ മറ്റുള്ളവരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ അന്വേഷിക്കുന്നത് ആരോഗ്യവിഷയമാണ്. ഹിലരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അമേരിക്കക്കാര്‍ക്കു സംശയമുണ്ടായിരുന്നു. പക്ഷാഘാതമുണ്ടായി ഏകദേശം ഒരു വര്‍ഷക്കാലം അവര്‍ ചികില്‍സയ്ക്കായി മുഖ്യധാരയില്‍നിന്നും മാറിനിന്നിരുന്നു. പ്രചാരണത്തിനിടയില്‍ രണ്ടിടങ്ങളില്‍നിന്ന് അവര്‍ മാറിനിന്നത് ആരോഗ്യപ്രശ്‌നം കൊണ്ടാണെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്കയുടെ ഏറ്റവും നല്ല പ്രസിഡന്റ്, അമേരിക്കയുടെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ്, എല്ലാവരോടും നല്ലപോലെ ഇടപെടുന്ന വ്യക്തി, ഇറാഖില്‍നിന്നു സൈന്യത്തെ പിന്‍വലിച്ചു കൈയടി നേടിയ നേതാവ് തുടങ്ങിയ നിലയില്‍ ഒബാമ പുറംലോകത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. പക്ഷേ, അമേരിക്കക്കാരുടെ കണ്ണില്‍ ഒബാമ പരാജയമായിരുന്നു. ഒബാമ അധികാരത്തിലേറുന്നതുവരെ അമേരിക്കന്‍ സമ്പദ്ഘടനയിലെ കടബാധ്യത നാലു ട്രില്യന്‍ ഡോളറായിരുന്നു. അദ്ദേഹം പ്രസിഡന്റായി എട്ടു വര്‍ഷത്തിനു ശേഷം അതു 12 ട്രില്യന്‍ ഡോളറായി. ഒബാമയ്‌ക്കെതിരായ ഈ മനോഭാവം തിരിച്ചടിയായതു ഹിലരിക്കാണ്.

അവസാന നിമിഷം ഹിലരിയെ ബാധിച്ചത് ഇ- മെയില്‍ വിവാദമാണ്. ലക്ഷക്കണക്കിനു വരുന്ന ഇ -മെയിലുകള്‍ സ്വന്തം ആവശ്യത്തിനായി ദുരുപയോഗം ചെയ്യുകയും അക്കാര്യം ഒളിച്ചുവയ്ക്കുകയും ചെയ്തുവെന്നായിരുന്നു ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. അതില്‍ കഴമ്പില്ലെന്നു പിന്നീടു വെളിപ്പെടുത്തിയെങ്കിലും അപ്പോഴേക്കും നല്ലൊരു ശതമാനം ആളുകളും വോട്ടുരേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.
ട്രംപ് ഇനി അന്താരാഷ്ട്ര തലത്തില്‍ എങ്ങനെ ഇടപെടുമെന്ന ചോദ്യം പ്രസക്തമാണ്. ഇതുവരെ അദ്ദേഹത്തിന്റെ വിദേശനയം ലോകത്തോടോ അമേരിക്കയോടോ പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പു വേളയില്‍ ട്രംപിനെതിരായ ആരോപണങ്ങളിലൊന്ന് അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ബിസിനസ് പങ്കാളിയായിരുന്നുവെന്നതാണ്. അദ്ദേഹം സമ്മതിച്ചിട്ടുമുണ്ട്. അമേരിക്കയുടെ പ്രഖ്യാപിതശത്രുവായ റഷ്യയുമായി ട്രംപിനു മാനസിക ഐക്യമുണ്ടായാല്‍ അതു ലോകത്തിനു നല്‍കുന്ന സന്ദേശം നല്ലതായിരിക്കും. റഷ്യയുമായുള്ള വ്യാപാരബന്ധങ്ങളും പുരോഗതിയിലേക്കെത്തും. ഈ രണ്ടു രാജ്യങ്ങളുമായി നയതന്ത്രതലത്തിലും വ്യാപാരതലത്തിലും ദീര്‍ഘകാലമായുള്ള സുദൃഢബന്ധം ഇന്ത്യക്കു ഗുണം ചെയ്യും.

ഡൊണാള്‍ഡ് ട്രംപ് പലതവണ പരസ്യമായി ആവര്‍ത്തിച്ച ചൈന വിരുദ്ധതയും ഇന്ത്യക്കു ഗുണകരമാണ്. പ്രാരംഭഘട്ടത്തില്‍ ഇന്ത്യയെകുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ തനിക്ക് ഇന്ത്യയെക്കുറിച്ച് ഒന്നുമറിയില്ലെന്നും അപരിഷ്‌കൃതരാഷ്ട്രമാണെന്നാണു കേട്ടിരിക്കുന്നതെന്നുമാണു പ്രതികരിച്ചിരുന്നത്. മല്‍സരത്തിന്റെ മൂര്‍ധന്യത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇന്ത്യയെ ഏറെ ബഹുമാനിക്കുന്നുവെന്നും ഇന്ത്യയുമായി വലിയ വ്യാപാരബന്ധത്തിനു ശ്രമിക്കുമെന്നും ഇന്ത്യക്കു യു.എന്നില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിനു മുന്‍കൈയെടുക്കുമെന്നുമാണ്. എങ്കിലും അദ്ദേഹത്തിന്റെ വിദേശനയത്തില്‍ അനിശ്ചിതത്വമുണ്ട്.

മുസ്്‌ലിം തീവ്രവാദത്തിനെതിരേ ആഞ്ഞടിക്കുമെന്നെല്ലാം ട്രംപ് പറഞ്ഞത് വിജയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണു കരുതുന്നത്. മുസ്‌ലിംവിരുദ്ധതയുമായി മുന്നേറാന്‍ ട്രംപിനു സാധിക്കില്ല. കാരണം, ആത്യന്തികമായി ട്രംപ് ഒരു കച്ചവടക്കാരനാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.