2018 June 18 Monday
ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള ശക്തി സ്‌നേഹത്തിന് മാത്രമേയുള്ളൂ
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

രാഷ്ട്രപതി തെരഞ്ഞെടുപ്പ് മോദി ഭരണത്തിനെതിരായ കൂട്ടായ്മയുടെ ആദ്യ പടി

രമേശ് ചെന്നിത്തല

ഇന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ ചേരിയുടെ പ്രതിനിധിയായി മീരാകുമാറും തമ്മില്‍ മല്‍സരിക്കുമ്പോള്‍ എന്തുകൊണ്ട് മീരാ കുമാര്‍ എന്ന ചോദ്യത്തിന് മുമ്പെന്നെത്തേക്കാളുമേറെ പ്രസക്തിയുണ്ട്. മീരാകുമാര്‍ ഒരു പ്രതീകമാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും അതിജീവനത്തിന്റെയും ഇന്ത്യയുടെ ബഹുസ്വര സാമൂഹിക വ്യവസ്ഥിതിയുടെയും നിലനില്‍പ്പിന്റെ പ്രതീകം. ഇന്ത്യയിലെ ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ പോരാട്ടത്തിന്റെ പ്രതീകം. മോദിയും സംഘവും നയിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനും വര്‍ഗീയ ഭ്രാന്തിനുമെതിരേ ഇന്ത്യന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകം. വിജയിക്കുന്ന പ്രതീകത്തേക്കാള്‍ ശക്തമായിരിക്കും ഇവിടെ പരാജയപ്പെടുന്ന പ്രതീകം. ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മോദി സംഘത്തിനെതിരെ പ്രതിരോധനിര ഉയരുക എന്നതു തന്നെ ശുഭസൂചകമാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വന്‍മതില്‍ പോലെ ഉയരുന്ന മതേതര ജനാധിപത്യ ചേരിയുടെ ഉദയമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂടെ ദൃശ്യമാകുന്നത്.
ഇന്ത്യയിലെ ഇടതുപക്ഷമുള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായത് ശുഭോതര്‍ക്കമാണ്. നാളെയുടെ ഇന്ത്യന്‍ രാഷ്ട്രീയം ബി.ജെ.പി വിരുദ്ധ ചേരിയുടെ രാഷ്ട്രീയമായിരിക്കും. രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസുമായിരിക്കും. ചില മതേതര കക്ഷികള്‍ ഇതില്‍ ചേരാതെ ശങ്കിച്ച് മാറി നില്‍ക്കുന്നുണ്ടെന്നത് സത്യമാണ്. അവര്‍ക്കും അധികനാള്‍ ആ സമീപനം തുടരാന്‍ കഴിയില്ല. കാരണം മോദി സംഘ്പരിവാര്‍ ഭരണം ഇന്ത്യയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും മേല്‍ അഴിച്ചുവിടുന്ന അക്രമത്തോടൊപ്പം തന്നെ എഴുത്തുകാരും കലാകാരന്‍മാരെന്നു വേണ്ട തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരും തങ്ങളുടെ ഭ്രാന്തന്‍ വര്‍ഗീയ ആശയത്തോട് യോജിക്കാത്തവരുമായ എല്ലാവരെയും ശത്രുക്കളായി കാണുകയും അവരെ ഇല്ലാതാക്കുകയും ചെയ്യുന്ന ഗുരുതര സ്ഥിതിവിശേഷമാണ് സംഘ്പരിവാറിന്റെ കാര്‍മികത്വത്തില്‍ രാജ്യത്ത് സംജാതമായിരിക്കുന്നത്. അതുകൊണ്ട് തന്നെ സംഘ്പരിവാറിന്റെ ആശയങ്ങളെ എതിര്‍ക്കാനും പ്രതിരോധിക്കാനും നമുക്ക് കിട്ടുന്ന ഓരോ അവസരവും നമ്മള്‍ നന്നായി ഉപയോഗപ്പെടുത്തണം. എപ്പോഴും വിജയിച്ചെന്ന് വരില്ല. പക്ഷേ, എതിര്‍പ്പിന്റെയും പ്രതിരോധത്തിന്റെയും സ്വരം എപ്പോഴും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോള്‍ മാത്രമെ മതേതര ശക്തികള്‍ക്ക് അവരുടെ ഊര്‍ജവും പ്രത്യാശയും നിലനിര്‍ത്താന്‍ കഴിയൂ.
ഇന്ത്യയിലെ മതേതര ചേരിയില്‍ ഇനിയും കൂടുതല്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഉണ്ടാകണം എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴും ഒഴിഞ്ഞുമാറി നില്‍ക്കുന്ന ചില പ്രാദേശിക പാര്‍ട്ടികളുണ്ട്. അവര്‍ ഒരവസരത്തിലല്ലങ്കില്‍ മറ്റൊരവസരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ചേരിക്കൊപ്പം നിലയുറപ്പിച്ച ചരിത്രമുള്ളവരാണ്. അതുകൊണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഈ മതേതര കൂട്ടായ്മക്കു പുതിയ രൂപവും ഭാവവും നല്‍കി ഇതിനെ വിപുലപ്പെടുത്തേണ്ടതുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ ശക്തമായ മതേതര ചേരി രൂപപ്പെടുത്തുന്നതിനുള്ള ആദ്യ പടിയായിട്ട് വേണം രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നാം കാണേണ്ടത്.
എന്തുകൊണ്ട് ബി.ജെ.പി ഭരണം വരുന്ന തെരഞ്ഞെടുപ്പോടെ അവസാനിക്കണം. ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. നമ്മുടെ വരുംതലമുറകള്‍ക്കായി ഇന്ത്യ നിലനില്‍ക്കണം. സ്വതന്ത്ര ഇന്ത്യയുടെ സൃഷ്ടാക്കാള്‍ കണ്ട മഹത്തായ ഒരു സ്വപ്നമുണ്ട്. മതേതരത്വവും ബഹുസ്വരതയും സര്‍വമത സാഹോദര്യവും നിലനില്‍ക്കുന്ന, ജനങ്ങള്‍ പരസ്പരം പോരടിക്കാതെ സ്‌നേഹിച്ചും പരിശ്രമിച്ചും മുന്നോട്ട് കുതിക്കുന്ന ലോക മഹാശക്തിയാകുന്ന ഇന്ത്യ. ആ സ്വപ്നസമ്പൂര്‍ണതയ്ക്കു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അതോടെ മോദി ഭരണത്തിന്റെ മരണമണി മുഴങ്ങും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നമ്മുടെ ഏക ലക്ഷ്യവും അതാണ്. ആ കൂട്ടായ്മയുടെ ആദ്യ റിഹേഴ്‌സലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.