
പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതിരുന്ന നിയമഭേദഗതി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം തേടാതെ ഓര്‍ഡിനന്‍സിനായി സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയോടു രാഷ്ട്രപതി രേഖാമൂലം അതൃപ്തി പ്രകടിപ്പിച്ചതു ജനാധിപത്യ വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന പ്രതീക്ഷയാണ്.
യുദ്ധകാലങ്ങളില്‍ പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും മറ്റും കുടിയേറിയവര്‍ക്ക് ഇന്ത്യയിലുള്ള സ്വത്തുക്കളുടെ കൈമാറ്റത്തിനും പിന്തുടര്ച്ചാവകാശത്തിനും എതിരേയുള്ള ശത്രുസ്വത്തവകാശ നിയമഭേദഗതിയാണ് ഇത്തരത്തില്‍ ഓര്‍ഡിനന്‍സായി വന്നത്.
അടിയന്തര സാഹചര്യങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ ഇറക്കാറുണ്ടെങ്കിലും ഈ നിയമഭേദഗതിയുടെ കാര്യത്തില്‍ അടിയന്തര സ്വഭാവം ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. കേന്ദ്ര കാബിനറ്റ് യോഗം ചേര്‍ന്ന് ആലോചന നടത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ രാഷ്ട്രപതിയോടു ശിപാര്‍ശ ചെയ്യുന്നതാണു നടപടിക്രമം. അത് ഇവിടെ പാലിച്ചിട്ടില്ല.
കാബിനറ്റിനെ ചാടിക്കടന്നതാണു രാഷ്ട്രപതി തള്ളിപ്പറഞ്ഞത്. ഇത്തരം നീക്കങ്ങള്‍ക്കെതിരേയുള്ള രാഷ്ട്രപതിയുടെ നിലപാടു ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണ്.
നിയമനിര്‍മാണങ്ങള്‍ സുതാര്യവും ഭരണഘടനാസാധുതയുള്ളതും ആയിരിക്കണമെന്നും ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കപ്പെടണമെന്നുമുള്ള ശക്തമായ മുന്നറിയിപ്പാണു രാഷ്ട്രപതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ജോബ് കെ. മോനായി
പുല്ലാഞ്ഞിമേട്