2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

രാത്രിയെ പകലാക്കുന്ന ലൈറ്റുമായി ഇനി റോഡില്‍ കളിവേണ്ട

 

വാഹനങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ക്കെതിരേ കര്‍ശന നടപടി; രജിസ്‌ട്രേഷന്‍ റദ്ദാക്കും

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വാഹനങ്ങളില്‍ അമിതപ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച് നിരത്തിലിറക്കുന്നതിനെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പൊലിസ്. വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന ഹെഡ്‌ലൈറ്റ് മാറ്റി പകരം പ്രത്യേക വയറിങ് കിറ്റോടെ കിട്ടുന്ന എച്ച്.ഐ.ഡി (ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ് ലാംപ്) ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് പതിവായിട്ടുണ്ട്. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങള്‍ക്കായി രൂപകല്‍പന ചെയ്ത ഉയര്‍ന്ന പ്രകാശ തീവ്രതയുള്ള ലൈറ്റുകള്‍ സാധാരണ റോഡില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കാഴ്ച പൂര്‍ണമായും തടസപ്പെടുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ചെയ്യും. ഇത്തരത്തില്‍ അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയെടുക്കുമെന്ന് പൊലിസ് അറിയിച്ചത്.
പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുമുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പൊലിസ് അറിയിച്ചു. നിയമപ്രകാരം ഇരട്ടഫിലമെന്റുള്ള ഹാലജന്‍ ബള്‍ബുകളുടെ ഹൈബീം 60 ഉം ലോ ബീം 55 വാട്ട്‌സും അധികരിക്കാന്‍ പാടില്ല. കാര്‍ നിര്‍മാതാക്കളെല്ലാം 55 -60 വാട്ട്‌സ് ഹാലജന്‍ ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. എച്ച്.ഐ.ഡി ലൈറ്റുകളാണെങ്കില്‍ 35 വാട്ട്‌സില്‍ അധികമാകാനും പാടില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.