2018 April 20 Friday
ആരുടെ സംസാരം അധികമായോ അവരുടെ അബദ്ധങ്ങളും അധികമായിരിക്കും
ഉമറുല്‍ ഫാറൂഖ് (റ)

രാജ്യാന്തര നിലവാരത്തില്‍ സ്റ്റേഡിയം: പാലായുടെ കായിക സ്വപ്നം പൂവണിയുന്നു

കെ.എസ്. വിനോദ്

പാലാ: കായിക കുതിപ്പിനു വേഗം പകര്‍ന്നു പാലായില്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. സ്‌പോര്‍ട് കോംപ്ലക്‌സ്, രാജ്യാന്തര നിലവാരത്തിലുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട്, നീന്തല്‍ കുളം, കായിക താരങ്ങള്‍ക്കുള്ള ഡ്രസിങ് മുറികള്‍, ഒഫിഷ്യലുകള്‍ക്കുള്ള താമസ സൗകര്യം, സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫിസുകള്‍, മത്സരങ്ങള്‍ തത്സമയം ചിത്രീകരിക്കുന്നതിനും സംപ്രേഷണം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍, ജിം എന്നിവ ഉള്‍പ്പെടുത്തിയുള്ള സ്റ്റേഡിയമാണ് പൂര്‍ത്തിയാകുന്നത്.
    32 കോടി രൂപയോളം മുടക്കിയുള്ള നവീകരണ പദ്ധതിയില്‍ ഒന്നാം ഘട്ടമായ 17.5 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണു ഇപ്പോള്‍ നടക്കുന്നത്. നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് അഥവാ സ്‌പോര്‍ട്‌സ് എന്‍ജിനിയറിങ് വിങിന്റെ ചുമതലയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നിര്‍മിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ സ്റ്റേഡിയമാണ് പാലായില്‍ പൂര്‍ത്തിയാകുന്നത്. കൊച്ചിയിലും കോഴിക്കോട്ടുമാണു പ്രവര്‍ത്തന സജ്ജമായ സ്റ്റേഡിയമുള്ളത്. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തതോടെ ഉള്‍പ്പെടെ ആറു സ്റ്റേഡിയങ്ങളാണ് സിന്തറ്റിക് ട്രാക്കായി നിലവിലുള്ളത്.
സ്‌പോര്‍ട്‌സ് അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായിട്ടാണു സ്റ്റേഡിയം നിര്‍മിക്കുന്നതെങ്കിലും പൂര്‍ണമായ ഉടമസ്ഥാവകാശം നഗരസഭക്കാണ്. നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നവീകരണവും സംരക്ഷണവും നഗരസഭയുടെ ചുമതലയാണ്. പ്രതിമാസം ഒരു ലക്ഷത്തോളം രൂപയുടെ ചെലവാണ് സംരക്ഷണത്തിനുപ്രതീക്ഷിക്കുന്നത്. അതോടൊപ്പം വിവിധ ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കാനും നഗരസഭക്ക് അധികാരമുണ്ട്.  ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഒന്നര കോടിയോളം ചെലവാണ് പ്രതീക്ഷിക്കുന്നത്. ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ രാത്രിയിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാനും സാധിക്കും. കൂടാതെ ഗാലറിയുടെ നിര്‍മ്മാണ ചുമതലയും നഗരസഭക്കാണ്.
 യു.ഡി.എഫ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ പ്രത്യേക താത്പര്യ പ്രകാരമാണു സ്റ്റേഡിയത്തിനു അനുമതി നല്‍കിയത്. വളരെയേറെ എതിര്‍പ്പുകളെ അതിജീവിച്ചാണ് നഗരസഭ സ്റ്റേഡിയം സ്‌പോര്‍ട്‌സ് അതോറിറ്റിക്ക് നല്‍കി നിര്‍മാണം ആരംഭിച്ചത്. സര്‍ക്കാരില്‍ നിന്നു ആവശ്യമായ തുക അനുവദിക്കുന്നതിനു കായിക വകുപ്പ് മന്ത്രിയുമായി കെ.എം. മാണി എം.എല്‍.എ, ജോസ് കെ മാണി എംപി, നഗരസഭാ ചെയര്‍മാന്‍ ലീനാ സണ്ണി എന്നിവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ബജറ്റിലൂടെ മാത്രമേ ഇനി തുക അനുവദിക്കാന്‍ സാധിക്കൂ. ഇതിനായി മാര്‍ച്ചു വരെ കാത്തിരിക്കേണ്ടി വരും


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.