2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

രാജ്യസഭാംഗത്വം രാഷ്ടീയ തീരുമാനമല്ല: സുരേഷ് ഗോപി

തിരുവനന്തപുരം: രാജ്യസഭ എം.പിയായി പ്രധാനമന്ത്രി തന്നെ നാമനിര്‍ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് നടന്‍ സുരേഷ് ഗോപി.രാഷ്ട്രീയത്തിനല്ല, രാഷ്ട്രനന്മയ്ക്കായിട്ടാണ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്തു രാഷ്ട്രപതി അംഗീകരിച്ചു എന്നല്ലാതെ ഇതില്‍ രാഷ്ടീയമൊന്നുമില്ല. കേരളത്തിലുടനീളം പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താനാണ് ആഗ്രഹം. കേരളത്തെ 25 വര്‍ഷത്തിനപ്പുറമുള്ള വികസനത്തിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കും. എം.പി എന്ന നിലയില്‍ ജലസ്രോതസുകള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് സ്വാഗതാര്‍ഹമാണെന്ന് ബി.ജെ. പി നേതാവ് ഒ.രാജഗോപാല്‍ പ്രതികരിച്ചു. ഇത് കുറച്ചുകൂടി നേരത്തെ വരേണ്ട തീരുമാനമായിരുന്നു. എന്നാലും ഇപ്പോഴത്തെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളില്‍ കലാകാരന്മാരുടെ വിഭാഗത്തിലാണ് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.