2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

രാജ്യദ്രോഹികളെ സൃഷ്ടിക്കുന്ന വിധം

വി. അബ്ദുല്‍ മജീദ്- 8589984470

എങ്ങനെയെങ്കിലും കുറെ രാജ്യദ്രോഹികളെ സൃഷ്ടിച്ചെടുക്കാന്‍ പാടുപെടുകയാണ് വലിയ ദേശസ്‌നേഹികളെന്ന് അവകാശപ്പെടുന്ന സംഘ് പരിവാറുകാര്‍. രാജ്യത്തിന്റെ ഭദ്രതയ്ക്കു കോട്ടം തട്ടാതിരിക്കാന്‍ ഊണും ഉറക്കവും വെടിഞ്ഞു കാവല്‍ നില്‍ക്കുന്നു എന്നു നടിക്കുന്നവര്‍ക്ക് ഇപ്പോള്‍ ആക്രമിക്കാന്‍ കുറെ രാജ്യദ്രോഹികളെ കിട്ടിയില്ലെങ്കില്‍ രാഷ്ട്രീയമായി നിലനില്‍ക്കാനാവില്ലെന്ന സ്ഥിതി വന്നിരിക്കയാണ്. കാരണം ലളിതമാണ്. നരേന്ദ്രമോദിയുടെ ഭരണത്തിനു കീഴില്‍ ഭീകരരൂപം പ്രാപിച്ചുകഴിഞ്ഞ സംഘ്പരിവാര്‍ ഫാസിസത്തിനെതിരേ ഉയരുന്ന ജനാധിപത്യ ശബ്ദങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള കെല്‍പ്പ് ഇപ്പോള്‍ സംഘ്പരിവാറിനില്ല. അതുകൊണ്ടു തന്നെ ഇടുങ്ങിയ ദേശീയബോധമെന്ന ആള്‍ക്കൂട്ട ചിത്തഭ്രമം ഇളക്കിവിട്ട് ബഹുജനമുന്നേറ്റങ്ങളെ തല്ലിക്കെടുത്തുകയും ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുക എന്ന ആപല്‍ക്കരമായ രാഷ്ട്രീയക്കളിയിലാണ് അവരിപ്പോള്‍. ഭരണകൂട അനീതികളെ ചോദ്യം ചെയ്യുന്നവരെയെല്ലാം ദേശവിരുദ്ധ മുദ്രയടിച്ച് വേട്ടയാടുന്നത് ആ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ്.

ജെ.എന്‍.യു സംഭവത്തിന്റെ പേരില്‍ ദേശദ്രോഹക്കുറ്റം ചുമത്തി ഭരണകൂടം വേട്ടയാടുന്ന വിദ്യാര്‍ഥികളുടെ യഥാര്‍ഥ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാല്‍ നീചമായ ഈ രാഷ്ട്രീയ തന്ത്രത്തിന്റെ ചുരുളഴിയും. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന വ്യാജ കുറ്റം ചുമത്തി തുറുങ്കിലടയ്ക്കപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ എ.ഐ.എസ്.എഫ് നേതാവാണ്. സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയാണ് എ.ഐ.എസ്.എഫ്. വെറും കാംപസ് ആവേശത്തില്‍ ആ സംഘടനയില്‍ ചേര്‍ന്നവനല്ല കനയ്യ. സി.പി.ഐയുടെ ശക്തികേന്ദ്രമായ ഒരു ഗ്രാമത്തില്‍ നിന്ന് ചെറുപ്പം മുതല്‍ ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് അതിന്റെ രാഷ്ട്രീയം നന്നായി പഠിച്ച ശേഷമാണ് കനയ്യ ജെ.എന്‍.യു കാംപസിലെത്തിയത്. അത്തരമൊരാള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നത് നട്ടാല്‍ മുളയ്ക്കാത്ത നുണയാണ്.

ദേശീയത സംബന്ധിച്ച സി.പി.ഐയുടെ കാഴ്ചപ്പാട് രാഷ്ട്രീയത്തിന്റെ ബാലപാഠമെങ്കിലും പഠിച്ച ഏതൊരു ഇന്ത്യക്കാരനും നന്നായി അറിയാവുന്നതാണ്. ദേശീയതകളുടെ സ്വയംനിര്‍ണയാവകാശം സംബന്ധിച്ച പഴയ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിനു പോലും വിരുദ്ധമായി സംഘ്പരിവാറിന്റെ അത്ര തന്നെ കടുത്ത ദേശീയബോധവും അഖണ്ഡതാവാദവുമൊക്കെ കൂടെ കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. ഖലിസ്ഥാന്‍ വിഘടനവാദത്തിനെതിരേ അന്നു കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരേക്കാള്‍ വീറോടെ പോരാടിയത് പഞ്ചാബിലെ സി.പി.ഐക്കാരായിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദ സംഘടനകളെ അടിച്ചമര്‍ത്താന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വലംകൈയായി പ്രവര്‍ത്തിച്ചത് അന്തരിച്ച പ്രമുഖ സി.പി.ഐ നേതാവ് സത്യപാല്‍ ഡാങ് ആയിരുന്നു എന്നത് അധികമൊന്നും പഴകാത്ത ചരിത്രമാണ്. അത്തരമൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകനെയാണ് ഖലിസ്ഥാന്‍ വാദം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന അകാലിദളിനെ കൂടെ കൊണ്ടുനടക്കുന്ന സംഘ്പരിവാര്‍ രാജ്യദ്രോഹക്കുറ്റമാരോപിച്ച് വേട്ടയാടുന്നത്.

ജെ.എന്‍.യു സംഭവത്തിന്റെ പേരില്‍ ഡല്‍ഹി പൊലിസ് തിരഞ്ഞുകൊണ്ടിരിക്കുന്ന മൂന്നു വിദ്യാര്‍ഥികളിലൊരാളായ ഉമര്‍ ഖാലിദിന്റെ രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിനെതിരായ ആരോപണവുമായി ഒരിക്കലും ചേര്‍ന്നുപോകാത്തതാണ്. ഉമര്‍ ഖാലിദ് ദേശവിരുദ്ധനും മുസ്‌ലിം തീവ്രവാദിയും ഐ.എസ് അനുകൂലിയുമൊക്കെയാണെന്നാണ് സംഘ്പരിവാറും ഡല്‍ഹി പൊലിസും ആരോപിക്കുന്നത്. യഥാര്‍ഥത്തില്‍ ഉമര്‍ കടുത്ത നിരീശ്വരവാദിയും തീവ്ര കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനുമാണെന്നാണ് ജെ.എന്‍.യു കാംപസില്‍ നിന്ന് പുറത്തുവരുന്ന വിവരം. കാംപസിലെ തീവ്ര ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ഡി.എസ്.യുവിന്റെ പ്രവര്‍ത്തകനാണ് ഉമര്‍. നാസ്തികനായതിനാല്‍ സ്വന്തം കുടുംബത്തിലെ തന്നെ പലരുടെയും വിരോധം സമ്പാദിച്ചുവച്ചയാള്‍. ഒരു നാസ്തികന്‍ മുസ്്‌ലിം തീവ്രവാദിയും ഐ.എസ് അനുകൂലിയുമൊക്കെ ആകുമെന്ന വാദം തലയ്ക്കു വെളിവുള്ള ആരും വിശ്വസിക്കാനിടയില്ല. അങ്ങനെയാണെങ്കില്‍ സനല്‍ ഇടമറുകിനെയും യു. കലാനാഥനെയുമൊക്കെ മുസ്്‌ലിം തീവ്രവാദികളുടെ പട്ടികയില്‍ പെടുത്തേണ്ടിവരും.

ഉമറിന്റെ പിതാവ് മുന്‍ സിമിക്കാരനും ഇപ്പോള്‍ ജമാഅത്തെ ഇസ്്‌ലാമി പ്രവര്‍ത്തകനുമൊക്കെയാണെന്നതാണ് അദ്ദേഹത്തിന്റെ തീവ്രവാദ ബന്ധത്തിനു തെളിവായി പൊലിസും സംഘ്പരിവാറും എടുത്തുകാട്ടുന്നത്. മാതാപിതാക്കളുടെയോ മറ്റു ബന്ധുക്കളുടെയോ ഒക്കെ രാഷ്ട്രീയ വിശ്വാസം ഒരാളില്‍ ആരോപിക്കുന്നത് ശുദ്ധ അസംബന്ധവും തികഞ്ഞ നെറികേടുമാണ്. പ്രമുഖ ബി.ജെ.പി നേതാവായിരുന്ന വിജയരാജെ സിന്ധ്യയുടെ മകന്‍ മാധവറാവു സിന്ധ്യ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു. ദീര്‍ഘകാലം കോണ്‍ഗ്രസിനെ നയിച്ച ഇന്ദിരാഗാന്ധിയുടെ മരുമകളായ മേനക ഗാന്ധി ബി.ജെ.പി നേതാവാണ്. ഇതുപോലുള്ള നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ട് ഇന്ത്യയില്‍. ഉമറിനെ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെന്നോ മാവോയിസ്റ്റ് എന്നോ വിശേഷിപ്പിച്ചിരുന്നെങ്കില്‍ അതില്‍ അല്‍പമെങ്കിലും യുക്തിയുണ്ടാകുമായിരുന്നു. എന്നാല്‍ ജനാധിപത്യ ഇന്ത്യയില്‍ അതുപോലും ഒരു കുറ്റമല്ല. ഒരാള്‍ മാവോയിസ്റ്റ് ആകുന്നതു കുറ്റമല്ലെന്നും അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും അയാള്‍ എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ കേസെടുക്കാവൂ എന്നും കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ട്.

ജെ.എന്‍.യു സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന മറ്റൊരാള്‍ പ്രമുഖ സി.പി.ഐ നേതാക്കളായ ഡി. രാജയുടെയും ആനി രാജയുടെയും മകളും എ.ഐ.എസ്.എഫ് പ്രവര്‍ത്തകയുമായ അപരാജിതയാണ്. സി.പി.ഐ രാഷ്ട്രീയ പശ്ചാത്തലമുള്ള ഈ പെണ്‍കുട്ടിയും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് വിശ്വസിക്കാനാവില്ല. അപരാജിതയും ഉമര്‍ ഖാലിദും സുഹൃത്തുക്കളായിരുന്നെന്നാണ് ഈ വാദത്തിനു ബലം പകരാന്‍ സംഘ്പരിവാറും അവരെ അനുകൂലിക്കുന്ന ചില മാധ്യമങ്ങളും പൊലിസും പ്രചരിപ്പിക്കുന്നത്. ഒരു കാംപസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ രണ്ടു വ്യത്യസ്ത സംഘടനകളില്‍ പെട്ടവരായാലും സൗഹൃദമുണ്ടാകുന്നതില്‍ അസ്വാഭാവികത ഒട്ടുമില്ല.

കായികമായി പോലും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തന്നെ കാന്റീനില്‍ ഒരുമിച്ചിരുന്ന് ചായ കുടിക്കുന്നത് കേരളത്തിലെ കാംപസുകളില്‍ പതിവു കാഴ്ചയാണ്. ആ സൗഹൃദത്തെ പോലും രാഷ്ട്രീയ വേട്ടയ്ക്ക് ആയുധമാക്കുകയാണ് സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍. അവര്‍ക്കു പാദസേവ ചെയ്യുന്ന ചില മാധ്യമങ്ങളും ഈ സൗഹൃദത്തെ വലിയൊരു അപരാധമായാണ് ചിത്രീകരിക്കുന്നത്. ഒരു മലയാള പത്രം വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഇവര്‍ തമ്മില്‍ സൗഹൃദം എന്നല്ല, ‘ഉറ്റ ബന്ധം’ എന്ന തലക്കെട്ടോടെയാണ്. അന്യരുടെ സ്വകാര്യജീവിതത്തില്‍ അതിയായ താല്‍പര്യം കാണിക്കുന്ന കേരളീയ പൊതുബോധം ഇത് എങ്ങനെയാണ് വായിച്ചെടുക്കുക എന്ന വ്യക്തമായ അറിവോടെ നല്‍കിയ ഈ തലക്കെട്ട് നീചമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം ഒരു പെണ്‍കുട്ടിയ അപകീര്‍ത്തിപ്പെടുത്തുക എന്ന ദുഷ്ടലാക്കു കൂടി വെളിപ്പെടുത്തുന്നു.

ദാരിദ്ര്യത്തിനും ജാതിവ്യവസ്ഥയ്ക്കും സവര്‍ണ ഫാസിസത്തിനുമൊക്കെ എതിരായാണ് യഥാര്‍ഥത്തില്‍ ജെ.എന്‍.യു കാംപസില്‍ മുദ്രാവാക്യം മുഴങ്ങിയത്. രാഷ്ട്രീയമായി ഉണരുന്ന കാംപസുകള്‍ ഭരണകൂടത്തിനു മാരകമായ പരുക്കേല്‍പ്പിക്കുമെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമരവും ക്യൂബന്‍ വിപ്ലവവും ടിയാനന്‍മെന്‍ സ്‌ക്വയറുമക്കെ ഇതു സാക്ഷ്യപ്പെടുത്തുന്നു. ഭരണകൂട ഭീകരത ഉള്‍പ്പെടെയുള്ള അനീതികള്‍ക്കെതിരേ ഇന്ത്യന്‍ കാംപസുകള്‍ ശബ്ദമുയര്‍ത്തിത്തുടങ്ങിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം മോദി ഭരണകൂടത്തെയും അതിനെ നയിക്കുന്ന സംഘ്പരിവാറിനെയും വലിയതോതില്‍ ഭയപ്പെടുത്തുന്നുണ്ട്. ആ ഭയപ്പാടാണ് രാഷ്ട്രീയമായി ഉണരുന്ന ഇളംതലമുറയ്ക്കു മേല്‍ രാജ്യദ്രോഹ മുദ്ര ചാര്‍ത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.