2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

രാജ്യത്ത് ക്ഷയരോഗികള്‍ സര്‍ക്കാര്‍ കണക്കിന്റെ ഇരട്ടിയിലധികം

ഫസല്‍ മറ്റത്തൂര്‍

മലപ്പുറം: ആരോഗ്യമേഖലക്ക് വെല്ലുവിളിയായി രാജ്യത്ത് ക്ഷയരോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ലോകത്ത് ക്ഷയ രോഗത്തിനു പുതുതായി ചികിത്സ തേടുന്നവരില്‍ നാലിലൊന്നും ഇന്ത്യക്കാരാണെന്നു ഔദ്യോഗിക കണക്കുകള്‍ പറയുന്നു. എന്നാല്‍ ഔദ്യോഗിക കണക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇന്ത്യയിലെ ക്ഷയരോഗികളുടെ എണ്ണമെന്നാണ് പുതിയ പഠനം.

സാംക്രമിക രോഗങ്ങളെ കുറിച്ച് ലാന്‍സെറ്റ് ഇന്‍ഫെക്ഷസ് ഡിസീസ് ജേണല്‍ ആണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്്. വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന ക്ഷയരോഗ പ്രതിരോധ മരുന്നുകളെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് രാജ്യത്തെ ആരോഗ്യമേഖലയെ കുറിച്ച് ഏറെ ഭീതിയുണ്ടാക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ക്ഷയരോഗത്തിനു സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍ കൃത്യമായി ലഭ്യമാകുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ ചികിത്സ തേടുന്നവരുടെ കണക്കാണ് ലഭിക്കാത്തത്.

2014 ല്‍ മാത്രം 22 ലക്ഷത്തോളം പേര്‍ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ക്ഷയ രോഗ ചികിത്സ തേടിയെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ഒരുലക്ഷത്തോളം ടി.ബി രോഗികള്‍ മാത്രമാണ് 2014 ല്‍ സ്വകാര്യ മേഖലയില്‍ ചികിത്സ തേടിയത്. ബാക്കിവരുന്നവരൊന്നും കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഇടംപിടിച്ചില്ല.

സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമായി മരുന്നും മറ്റു ചികിത്സാ സൗകര്യങ്ങളും ഉണ്ടായിട്ടും മാനഹാനി ഭയന്നാണ് വന്‍തുക ചെലവിട്ട് പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത് എന്നാണു നിരീക്ഷണം. ക്ഷയ രോഗ നിയന്ത്രണത്തിനും ചികിത്സക്കുമായി സര്‍ക്കാര്‍ പ്രതിവര്‍ഷം 640 കോടി രൂപയാണ് പരിഷ്‌കരിച്ച ദേശീയ ക്ഷയരോഗ പരിപാടി (ആര്‍.എന്‍.ടി.സി.പി)യുടെ ഭാഗമായി രാജ്യത്ത് ചെലവിടുന്നത്.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം 14 ലക്ഷം പേരാണ് ആര്‍.എന്‍.ടി.സി.പി യുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികമാണ് ക്ഷയരോഗികളുടെ എണ്ണമെന്നാണ് ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നത്. ക്ഷയ രോഗത്തിനു വിവിധ കമ്പനികളുടേതായി 179 അംഗീകൃത മരുന്നുകളാണ് രാജ്യത്തുള്ളത്. ഇത്തരത്തില്‍ മരുന്നു വാങ്ങാനായി 2014ല്‍ മാത്രം 395 കോടി രൂപയാണ് സ്വകാര്യ വ്യക്തികള്‍ ചെലവിട്ടതെന്നു പഠനം പറയുന്നു. 22 ലക്ഷത്തോളം പേരാണ് സ്വകാര്യ മേഖലയില്‍ ചികിത്സ തേടിയത്.

സ്വകാര്യ ആശുപത്രികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാത്തതാണ് കൃത്യമായ കണക്കു ലഭ്യമാകാതിരിക്കാന്‍ കാരണം. ഔദ്യോഗിക കണക്കുപ്രകാരം 2014 ല്‍ 96 ലക്ഷം പേര്‍ക്കാണ് ടി.ബി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15 ലക്ഷം പേര്‍ മരിച്ചിട്ടുണ്ട്. പേരു വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ അനൗദ്യോഗിക കണക്കുകളില്‍ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

രണ്ടാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന വിട്ടുമാറാത്ത ചുമയാണ് ക്ഷയ രോഗത്തിന്റെ പ്രധാന ലക്ഷണം. പ്രമേഹം, മദ്യപാനം പുകയില ഉപയോഗം എച്ച്.ഐ.വി ഘടകങ്ങള്‍ രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

പ്രമേഹ രോഗികള്‍ക്ക് പ്രതിരോധ ശേഷി കുറവായതിനാല്‍ ക്ഷയ രോഗം ഉണ്ടാകാനുളള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് കൂടുതലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നതിനാല്‍ ക്ഷയ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന സംസ്ഥാനത്തെ ആരോഗ്യ മേഖലക്കാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.