2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകില്ല: നിയമ കമ്മിഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാകില്ലെന്ന് നിയമ കമ്മിഷന്‍. അക്രമത്തിലൂടെയോ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങളാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹ കുറ്റമായി പരിഗണിക്കാന്‍ കഴിയൂ എന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
രാജ്യത്തെയോ രാജ്യത്തിന്റെ ഏതെങ്കിലും ദര്‍ശനങ്ങളെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാകില്ല. വിമര്‍ശനങ്ങളോട് തുറന്ന സമീപനമല്ല രാജ്യം കൈകൊള്ളുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും എന്നതില്‍ വ്യത്യാസമില്ലാതാകും. സ്വന്തം ചരിത്രത്തെ വിമര്‍ശന വിധേയമാക്കുന്നതിനുള്ള അവകാശവും പ്രതിരോധിക്കുന്നതിനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കമ്മിഷന്‍ പറയുന്നു.
സര്‍ക്കാരിന്റെ നിലപാടുകളോടോ അഭിപ്രായങ്ങളോടോ ഐക്യപ്പെടാത്തതിന്റെ പേരില്‍ ഒരു വ്യക്തിയേയും രാജ്യദ്രോഹിയായി മുദ്രകുത്താനാകില്ല.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ കമ്മിഷന്‍ ഉദാഹരണായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. നിയമകമ്മിഷന്‍ പുറത്തുവിട്ട കണ്‍സള്‍ട്ടേഷന്‍ പേപ്പറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ബഹുസ്വരതയും വിമര്‍ശനവും സക്രിയ ജനാധിപത്യത്തിന്റെ നിര്‍ണായക ഘടകങ്ങളാണ്. അതുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന സന്ദര്‍ഭങ്ങളെ ശ്രദ്ധാപൂര്‍വം വീക്ഷിക്കേണ്ടതാണെന്നും നിയമ കമ്മിഷന്‍ അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.