2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

രാജ്യത്തെ മികച്ച ജുഡിഷ്യറി സംവിധാനം കേരളത്തിലേത്: ജ. ആന്റണി ഡൊമിനിക്

 

ചങ്ങനാശേരി: രാജ്യത്തെ മികച്ച ജുഡിഷ്യറി സംവിധാനം കേരളത്തിലാണെന്നും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയാണ് കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്നും കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. ചങ്ങനാശേരിയില്‍ പുതുതായി നിര്‍മിച്ച കോടതി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ പ്രശ്‌നപരിഹാരത്തിന് പ്രധാന പങ്കുവഹിക്കുന്നത് കീഴ്‌ക്കോടതികളാണ്. വളരെയധികം പരിമിതകളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന കീഴ്‌ക്കോടതികളെ കുറിച്ച് കേസുകള്‍ പരിഹരിക്കപ്പെടുന്നതിലുള്ള കലതാമസമാണ് ജനങ്ങള്‍ ഉന്നയിക്കുന്ന പ്രധാന പരാതി. കോടതികളുടെ പശ്ചാത്തല സൗകര്യങ്ങളുടെ അഭാവവും ജീവനക്കാരുടെ അപര്യാപ്തതയുമാണ് ഇതിനു കാരണം. പുതിയ കോടതി സമുച്ചയങ്ങള്‍ നിര്‍മിക്കപ്പെടുകയും ജീവനക്കാരെ നിയമയിക്കുകയും ചെയ്യുന്നതില്‍ സമീപകാലത്തു സര്‍ക്കാരുകളില്‍ നിന്നുള്ള സമീപനം ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചങ്ങനാശേരിയില്‍ സ്‌പെഷല്‍ കോടതികള്‍ അനുവദിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കാലതാമസമില്ലാതെ നടപടികള്‍ കൈക്കൊള്ളുമെന്ന് യോഗത്തില്‍ അധ്യക്ഷനായ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
ജുഡിഷ്യറിയും ഭരണസംവിധാനവും തമ്മിലുള്ള അസ്വാരസ്യം ജനങ്ങളെ ആശങ്കയിലാക്കുന്നു.
ഇത് ജനാധിപത്യ വ്യവസ്ഥക്ക് വെല്ലുവിളിയാകും. നിയമത്തെക്കുറിച്ച് അവബോധമില്ലാതെയുള്ള ഉത്തരവുകള്‍ സാധാരണക്കാരനു നീതി നിഷേധിക്കുന്നു. പട്ടികജാതി നിയമത്തില്‍ നിന്നും പ്രധാനപ്പെട്ട വകുപ്പ് എടുത്തുമാറ്റിയതിലൂടെ 12 പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് ഇതിനുദാഹരണമാണ്. ഒരു സിറ്റിങ്ങിന് 37 ലക്ഷം രൂപ വരെ വാങ്ങുന്ന കാലഘട്ടത്തില്‍ പണമില്ലാത്തതിന്റെ പേരില്‍ സാധാരണക്കാരനു നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഇതിനെ ഗൗരവമായി കണ്ട് ഇന്ത്യന്‍ പ്രസിഡന്റിന് കത്തയക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ഹൈക്കോടതി ജഡ്ജ് എ.എം ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി.
സമയബന്ധിതമായി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയ കരാറുകാരന്‍ സാജന്‍ ഓവേലിയെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊമന്റോ നല്‍കി അനുമോദിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, സി.എഫ് തോമസ് എം.എല്‍.എ, കോട്ടയം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എ. ഇജാസ്, ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി, നഗരസഭ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, ചങ്ങനാശേരി മുന്‍സിഫ് എ.ജൂബിയ, ഒന്നാം കല്‍സ് മജിസ്‌ട്രേറ്റ് ലൈജുമോള്‍ ഷെരീഫ്, പി.ഡബ്യൂ.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീന രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ അംബിക വിജയന്‍, ക്ലാര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി ജോസഫ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. മാധവന്‍ പിള്ള, സെക്രട്ടറി ഇ.എ സജികുമാര്‍ സംസാരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.