2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

രാജ്യത്തെ അക്രമിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് ഇറാനോട് മക്ക ഗവര്‍ണര്‍

നിസാര്‍ കലയത്ത്

ജിദ്ദ:: രാജ്യത്തെ അക്രമിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് ഇറാനോട് മക്ക ഗവര്‍ണര്‍. തന്റെ രാജ്യത്തെ ‘എളുപ്പത്തില്‍ വിഴുങ്ങാവുന്ന ഉരുള’യല്ലെന്നും അതിന്റെ ഭൂപ്രദേശങ്ങളെ ഉന്നംവെക്കുന്നവരെ ‘എല്ലാ അക്രമികളെയും വിറപ്പിക്കുക തന്നെ ചെയ്യു’മെന്നും മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് ഫൈസല്‍ വ്യക്തമാക്കി.

ഇറാന്‍ നേതാക്കളെ നേര്‍മാര്‍ഗത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് അല്ലാഹുവോട് പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിനയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മക്ക ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.
ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ ഇടപെടില്ല.

ഈ വിശുദ്ധ മണ്ണിനെയോ ഹജ്ജിനെയോ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ ചിഹ്നങ്ങള്‍ക്കും ദുരുപയോഗപ്പെടുത്തുന്നത് ഞങ്ങള്‍ അംഗീകരിക്കുകയുമില്ല. മുസ്‌ലിംകളുടെ ഗുണത്തിന് വേണ്ടിയാണ് ഹജ്ജിനെ രാഷ്ട്രീയ വല്‍കരിക്കുന്നത് തടയുന്നത്.

എല്ലാ രാഷ്ട്രീയ ധാരകള്‍ക്കും അവരുടെ മുദ്രാവാക്യം വിളിക്കാനും പ്രകടനം നടത്താനും ഞങ്ങള്‍ അനുവാദം നല്‍കിയാല്‍ പിന്നെ എങ്ങിനെയാണ് ആളുകള്‍ ഹജ്ജ് നിര്‍വഹിക്കുകയെന്ന് ഹജ്ജിനെ ദുരുപയോഗപ്പെടുത്താനുള്ള ഇറാന്‍ ശ്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. ഇറാനില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ഉദ്ദേശിച്ച ആരെയും അവര്‍ക്ക് ഇറാന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ ഭരണകൂടത്തിനും നേതൃത്വത്തിനുമുള്ള എന്റെ സന്ദേശം അവര്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നാണ്. ഞങ്ങളോടു യുദ്ധം ചെയ്യാന്‍ സൈന്യത്തെ ഒരുക്കുകയാണ് അവര്‍ ചെയ്യുന്നതെങ്കില്‍ എളുപ്പത്തില്‍ വിഴുങ്ങാവുന്ന ഒരു ഉരുളയല്ല ഞങ്ങളെന്ന് അവര്‍ മനസ്സിലാക്കട്ടെ. ഈ വിശുദ്ധ മണ്ണിന്റെയും നാടിന്റെയും സംരക്ഷണത്തില്‍ ഒരു വിട്ട്‌വീഴ്ചക്കും തയ്യാറല്ല .

ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവശേഷിക്കെ അതിലെ ഒരു ചാണ്‍പോലും കളങ്കപ്പെടുത്താന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News