2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

രാജ്യത്തിന് നാണക്കേടായി: മധ്യപ്രദേശിലെ വെടിവയ്പും കര്‍ഷക ആത്മഹത്യയും

ഗിരീഷ് കെ നായര്‍ kgirishk@gmail.com

ഭോപ്പാലിലെ ചില്ലുമേടയില്‍ സ്വര്‍ഗീയസുഖം അനുഭവിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍. പാളത്താറുമുടുത്ത് പനന്തൊപ്പിവച്ച് പൊരിവെയിലില്‍ മണ്ണിനോട് പടവെട്ടി ജീവസന്ധാരണം നടത്തുന്ന കര്‍ഷകര്‍. മധ്യപ്രദേശില്‍ തുടരുന്ന സ്ഥിതിയാണിത്. 2005 മുതല്‍ സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ്. ജീവിത മാര്‍ഗമില്ലാതെ കഷ്ടപ്പെടുന്ന കര്‍ഷകരുടെ രോഷം ആളിപ്പടര്‍ന്നതാണ് മധ്യപ്രദേശില്‍ ഇപ്പോള്‍ കണ്ടത്. അതിനെ ജനാധിപത്യഭരണകൂടം നേരിട്ടത് തോക്കുകൊണ്ടായിരുന്നു. കാര്‍ഷിക വരുമാനം രണ്ടുവര്‍ഷം കൊണ്ട് ഇരട്ടിയാക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം വെടിയുണ്ടയുടെ രൂപത്തില്‍ തുളഞ്ഞുകയറുന്നതാണ് ഇവിടുത്തെ കര്‍ഷകരുടെ അനുഭവം.

സംഭവവും കാരണവും
കടുത്ത വേനലില്‍ വിളകളുണങ്ങിയപ്പോള്‍ കര്‍ഷകര്‍ കടം വാങ്ങിയും മറ്റും ജീവിതം തള്ളിനീക്കി. മഴവന്നതോടെ സവാളയും പയര്‍വര്‍ഗങ്ങളുമെല്ലാം അധികംവിളവെടുത്തെങ്കിലും മൂല്യം ലഭിക്കാതായത് കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. കടക്കെണിയില്‍ നിന്നു രക്ഷിക്കണമെന്നും വായ്പകള്‍ തള്ളണമെന്നും കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവിലയെങ്കിലും പ്രഖ്യാപിക്കണമെന്നുമുള്ള അവരുടെ ആവശ്യം ചെവിക്കൊള്ളാതായതോടെ പ്രതിഷേധിക്കുകയല്ലാതെ മാര്‍ഗമില്ലാതായി. ജൂണ്‍ ഒന്നിനാണ് പ്രതിഷേധം തുടങ്ങിയത്. മുഖ്യമന്ത്രിയോ കേന്ദ്രമോ ശ്രദ്ധിക്കുന്നില്ലെന്നും കര്‍ഷക കുടുംബങ്ങള്‍ നാമാവശേഷമായാല്‍പോലും അധികാരികള്‍ പ്രതികരിക്കില്ലെന്നുമായപ്പോള്‍ പ്രതിഷേധത്തിന്റെ നിറം സ്വാഭാവികമായും മാറി.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 325 കിലോമീറ്റര്‍ അകലെ മന്ദ്‌സൗര്‍ ജില്ലയില്‍ ജൂണ്‍ അഞ്ചിന് രാത്രി രോഷാകുലരായ കര്‍ഷകര്‍ റെയില്‍വേ ട്രാക്കുകള്‍ തകര്‍ത്തു. പൊലിസിനെ ആക്രമിച്ചു. വാഹനങ്ങള്‍ക്ക് തീവച്ചു. അക്രമം ആറാംതീയതിയും തുടര്‍ന്നു. പിപ്ലിയ ടോള്‍ നാകയില്‍ പൊലിസിനെ കല്ലെറിഞ്ഞ് അകറ്റി 27 വാഹനങ്ങള്‍ക്ക് തീയിട്ടു. നഹര്‍ഗഢ് പൊലിസ് ചെക്ക് പോസ്റ്റ് കത്തിച്ചു. അക്രമം വളര്‍ന്നപ്പോള്‍ അന്ന് ഉച്ചയോടെ പൊലിസ് കര്‍ഷര്‍ക്കു നേരേ വെടിയുതിര്‍ത്തു.
ആറ് അരവയര്‍ പ്രാണനുകള്‍ ഒറ്റധോത്തിയില്‍ നടുറോഡില്‍ പിടഞ്ഞുമരിച്ചു. ഡസനിലേറെ കര്‍ഷകര്‍ക്ക് പരുക്കേറ്റെന്ന് ഔദ്യോഗിക കണക്ക്. മന്ദ്‌സൗറില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ ഇന്‍ഡോറിലെ ആശുപത്രികളിലാണ് വെടിവയ്പില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. ആശുപത്രികള്‍ക്കു ചുറ്റും പൊലിസ് ബാരിക്കേഡും.
പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ഫോണ്‍ ഉപയോഗമറിയാത്ത പാവം കര്‍ഷകരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് അക്രമത്തിന്റെ മാര്‍ഗം ഉപേക്ഷിക്കണമെന്നാണ്. അതും ഇന്റര്‍നെറ്റ് ഉപയോഗം തടഞ്ഞശേഷം ഉപരിവര്‍ഗത്തിന്റെതെന്നു കരുതാവുന്ന സാമൂഹമാധ്യമമായ ട്വിറ്ററിലൂടെ. ട്വിറ്ററില്‍ ജീവിക്കുന്ന പ്രധാനമന്ത്രിക്ക് ട്വിറ്ററില്‍ വിരാജിക്കുന്ന മുഖ്യമന്ത്രി. അസ്വാഭാവികതയില്ലെങ്കിലും മരിച്ച ജീവനുകളോട് ഉത്തരവാദിത്തം പറയേണ്ട ബാധ്യത ചൗഹാനുണ്ടായി.
കര്‍ഷകര്‍ക്കിടയില്‍ കടന്നുകയറിയ അക്രമികള്‍ അവരെ വെടിവച്ചുകൊന്നെന്നായിരുന്നു ബാലിശമായ വിശദീകരണം. രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെ ചൗഹാന്‍ നിരാഹാര ഗിമ്മിക്ക് കാട്ടി. പിന്നെ മന്ദ്‌സൗറിലെത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപയും പരുക്കേറ്റവര്‍ക്ക് അഞ്ചുലക്ഷവും നല്‍കി. ഈ പണം സമരത്തിനുമുന്‍പേ കൊടുത്തിരുന്നെങ്കില്‍ അനിഷ്ടസംഭവങ്ങളുണ്ടാകുമായിരുന്നില്ലെന്ന കാര്യം ഭരിക്കുന്നവര്‍ക്ക് അറിയാഞ്ഞിട്ടാണോ. സഹായം നല്‍കാന്‍ വന്ന മുഖ്യമന്ത്രിയെ ജില്ലവിട്ടുപോകാന്‍ അനുവദിക്കില്ലെന്ന കര്‍ഷക നിലപാട് വാര്‍ത്തകളില്‍ ആരും കണ്ടുകാണില്ല. വെടിവച്ച പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്‌തോളാം എന്ന് മുഖ്യമന്ത്രിയെക്കൊണ്ടുപറയിപ്പിച്ചിട്ടാണ് കര്‍ഷകര്‍ അദ്ദേഹത്തെ ജില്ലവിടാന്‍ അനുവദിച്ചത്. വിവരമില്ലാത്ത കൃഷി ചാര്‍ജുള്ള മന്ത്രി അര്‍ച്ചന ചിട്‌നിസിനെ കൂടെ കൊണ്ടുവരരുതെന്ന് കര്‍ഷകര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ സംഭവങ്ങള്‍ക്കിടെ ബംഗളൂരുവില്‍ മോദി ഫെസ്റ്റില്‍ പങ്കെടുക്കുകയായിരുന്നു കൃഷിമന്ത്രി ഗൗരി ശങ്കര്‍ ബൈസന്‍. ശകാരം സഹിക്കവയ്യാതെ ഇദ്ദേഹം വേദിവിട്ടുവെന്നാണ് അവസാനം കേട്ടത്.

കണക്കുകള്‍ ഭയാനകം
മധ്യപ്രദേശില്‍ കര്‍ഷ ആത്മഹത്യ വാര്‍ത്തയല്ലാതായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 1600 കര്‍ഷകരാണ് കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തതെന്ന് ഔദ്യോഗിക കണക്കുകളില്‍ പറയുന്നു. അനൗദ്യോഗിക കണക്കുകളില്‍ ഇത് 1982 വരും. നാഷനല്‍ ക്രൈംസ് റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടെ മധ്യപ്രദേശില്‍ 18,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നാണ്.
മധ്യപ്രദേശിലെ സാധാരണ കര്‍ഷകന് കൂടിയ വിളവെടുപ്പ് കിട്ടിയാല്‍പോലും നീക്കിവയ്പുണ്ടാവില്ല. കാരണം നാമമാത്രമായ കൃഷിസ്ഥലമാണവര്‍ക്കുള്ളത്. കൃഷിയെ ആശ്രയിച്ച ജീവിതമാവുമ്പോള്‍ വിളവ് ലഭിച്ചാല്‍ ജീവിച്ചുപോകാം. കിട്ടാതായാല്‍ മരിക്കേണ്ടിവരുന്ന ദയനീയ അവസ്ഥ. പണം കൊടുത്ത് കൃഷി ചെയ്യിക്കാനാവാതെ പലരും സ്വന്തം കൃഷിഭൂമിയില്‍ അധ്വാനിച്ചിട്ടും വരുമാനമില്ലാത്ത അവസ്ഥ ഭയാനകമാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംസ്ഥാനത്തിനാണ് ഈ ദുരവസ്ഥ. രാജ്യത്ത് ഏറ്റവും കുറവ് കാര്‍ഷിക വരുമാനം ലഭിക്കുന്ന കര്‍ഷകരുള്ളതും ഇവിടെത്തന്നെ. 200-2001, 2014-2015 കാലത്ത് രാജ്യത്ത് ഗുജറാത്തിനുപിന്നില്‍ (9.5) ഏറ്റവും കൂടുതല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം (9.4) മധ്യപ്രദേശിലായിരുന്നു. രാജ്യത്തിന്റെ ശരാശരി വളര്‍ച്ചയായ 3.3 ശതമാനത്തില്‍ നിന്ന് വളരെയേറെയാണിതെന്നുകാണാം.

തുടരുന്ന ആത്മഹത്യകള്‍
ഉരുക്കുമുഷ്ടികൊണ്ട് പ്രതിഷേധം അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനെതിരേ അന്നം ചോദിച്ചിട്ടുകാര്യമില്ലെന്നു മനസിലായ പാവം കര്‍ഷകര്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ജൂണ്‍ എട്ടിനുശേഷം 13 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. പട്ടിണി കിടന്നുമരിക്കാതെ സന്തോഷത്തോടെ മരണം വരിക്കുകയായിരുന്നു അവരെന്നും വ്യാഖ്യാനിക്കാം. വിളവ് കൂടിയിട്ടും കര്‍ഷകര്‍ എന്തേ ആത്മഹത്യ ചെയ്യുന്നു എന്ന ചോദ്യം ഉയര്‍ന്നേക്കാം.
നര്‍മദ പ്രസാദെന്ന കര്‍ഷകന്റെ ആത്മഹത്യ അതിനു മറുപടിയാകും. പയര്‍വര്‍ഗത്തില്‍ നിന്ന് നന്നായി വിളവ് ലഭിച്ചപ്പോള്‍ വരുമാനം 45,000 രൂപ. കൃഷിവായ്പ നല്‍കിയ പണമിടപാടുകാരന്‍ ഓടിയെത്തി അത് കൈക്കലാക്കി. ബാക്കി കൊടുക്കാനുള്ള പണം നല്‍കിയിട്ട് ട്രാക്ടര്‍ ഉപയോഗിച്ചാല്‍ മതിയെന്നു പറഞ്ഞ് അതും കൊണ്ട് അയാള്‍ പോയി. ജീവിതോപാധി കൂടി ഇല്ലാതായതോടെ വിഷംകഴിച്ച് പ്രസാദ് ആത്മഹത്യ ചെയ്തു. ഈ കര്‍ഷകന്‍ ജീവിച്ചിരുന്നെങ്കില്‍ അത് അത്ഭുതമായേനേ എന്ന് തോന്നുക സ്വാഭാവികമല്ലേ.

മഹാരാഷ്ട്ര പഠിപ്പിക്കുന്നത്
കടക്കെണിയില്‍ പെട്ട മറാഠി കര്‍ഷകര്‍ മധ്യപ്രദേശിലെ പാവങ്ങളെപ്പോലെ ആയിരുന്നില്ല. അവര്‍ പ്രതിഷേധം നടത്തിയെങ്കിലും അത് ബി.ജെ.പി മുഖ്യമന്ത്രി ഫട്‌നാവിസിന്റെ അടുത്ത് വിലപ്പോവില്ലെന്ന് മനസിലായി. അതോടെ കളംമാറ്റിച്ചവിട്ടി കര്‍ഷകര്‍.
പച്ചക്കറികളും പഴവര്‍ഗങ്ങളും പാലുല്‍പന്നങ്ങളും നല്‍കുന്നത് അവര്‍ നിര്‍ത്തിവച്ചു. ഡല്‍ഹിയിലും മുംബൈയിലും അതിന്റെ തീക്ഷ്ണത അറിഞ്ഞു. രാഷ്ട്രീയക്കാരന്റെ പാലുകുടിയും മുട്ടതീറ്റിയും പഴച്ചാറും നിലച്ചതോടെ എങ്ങനെയും സമരം തീര്‍ക്കാമെന്നായി സര്‍ക്കാര്‍. കര്‍ഷകരുടെ കടമെല്ലാം എഴുതിത്തള്ളിയത് അങ്ങനെയാണ്. കര്‍ഷക സമൂഹം അറിഞ്ഞിരിക്കേണ്ടതും നൂതന സമര മുറകളാണ്.
സ്വജനതയെ വകവരുത്തുന്ന ജനാധിപത്യമാണ് മധ്യപ്രദേശില്‍ പുലരുന്നതെന്നുവേണം അനുമാനിക്കാന്‍. മന്ദ്‌സൗറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും കശ്മിരിനെ അനുസ്മരിപ്പിക്കുന്ന തെരുവുകളില്‍ പട്ടാളം റോന്തുചുറ്റുകയും ചെയ്യുമ്പോള്‍ തലയില്‍കെട്ടും ഒറ്റതോര്‍ത്തുമായി തെരുവോരത്തെ വീടുകളില്‍ മുളകിട്ട കഞ്ഞി മോന്തി വിശപ്പടക്കുന്നവന്റെ കാഴ്ച ജനാധിപത്യത്തിന് ലജ്ജാകരമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.