2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

രാജീവ് യൂത്ത് ഫൗണ്ടേഷന് അനുവദിക്കുന്ന സ്ഥലം ആറു മാസം മുമ്പ് എക്‌സൈസ് ഓഫിസിന് നല്‍കിയത്

അന്‍ഷാദ് കൂട്ടുകുന്നം

മലപ്പുറം: മഞ്ചേരി ആസ്ഥാനമായ രാജീവ് യൂത്ത് ഫൗണ്ടേഷനു സര്‍ക്കാര്‍ സൗജന്യമായി പതിച്ചുനല്‍കാന്‍ പോകുന്ന സ്ഥലം നേരത്തെ എക്‌സൈസ് വകുപ്പിന് നല്‍കിയത്. ഇക്കാര്യം മറച്ചുവെച്ചാണു ഭൂമി സൗജന്യമായി നല്‍കാന്‍ നീക്കം നടക്കുന്നത്.
2015 ജൂലൈ 21 ലെ 337-ാം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് എക്‌സൈസ് വകുപ്പിന് ഭൂമി കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവു പ്രകാരം മഞ്ചേരിയില്‍ 58-5 സര്‍വെ നമ്പരിലുള്ള 30 സെന്റ് ഭൂമി എക്‌സൈസ് വകുപ്പിനു നല്‍കണമെന്നാണ്. എന്നാല്‍ ഭൂമി കൈമാറിയിട്ടില്ലെന്നു മാത്രമല്ല ഇക്കാര്യം മറച്ചുവെച്ചു 38 സെന്റ് പുറമ്പോക്കു ഭൂമി കടലാസില്‍ മാത്രം പ്രവര്‍ത്തനം ഊര്‍ജിതമാക്കിയ രാജീവ് യൂത്ത് ഫൗണ്ടേഷനു നല്‍കുകയാണ്. പത്തു കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമി സൗജന്യമായിനല്‍കുന്ന കാര്യം ഇന്നലെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ വര്‍ഷം ജനുവരി 27നാണു ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ടു രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് റഷീദ് പറമ്പന്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്. ഉടന്‍തന്നെ അന്വേഷണത്തിനും തുടര്‍ നടപടിക്കുമായി മുഖ്യമന്ത്രി ജില്ലാകലക്ടര്‍ക്കു അപേക്ഷ കൈമാറി.
അന്വേഷണങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കുമായി അദ്ദേഹം ഏറനാട് തഹസില്‍ദാര്‍ക്കും തുടര്‍ന്നു വില്ലേജ് ഓഫിസര്‍ക്കും ഫയല്‍ കൈമാറുകയായിരുന്നു. ഒരു അപേക്ഷ മുഖ്യമന്ത്രി ഓഫിസില്‍ നിന്നു ഫയലാകണമെങ്കില്‍ മാസങ്ങള്‍ എടുക്കുമെന്നിരിക്കെ കൃത്യം 22 ദിവസം കഴിഞ്ഞപ്പോള്‍ തഹസില്‍ദാരും വില്ലേജ് ഓഫിസറും ഇക്കാര്യത്തില്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു രാഷ്ട്രീയ നേതൃത്വത്തിലെ ഉന്നത ഇടപെടലിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു.
വളരെ രഹസ്യമായും തിരക്കിട്ടും തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുമ്പു സ്ഥലം കൈവശപ്പെടുത്താന്‍ നാടകീയമായ നീക്കങ്ങളാണു നടന്നത്. ഫയല്‍ തീര്‍പ്പാക്കാനാവശ്യപ്പെട്ടു ജില്ലാകലക്ടര്‍ നേരിട്ടു തഹസില്‍ദാറെയും വില്ലേജ് ഓഫിസറെയും വിളിക്കുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സ്ഥലം അനുവദിക്കണമെന്നാണു ഫൗണ്ടേഷന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ റഷീദ് പറമ്പന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ആയിരത്തിലധികം വീട് സൗജന്യമായി വെച്ചു നല്‍കിയ സംഘടന സര്‍ക്കാരിന്റെ സ്ഥലം ആവശ്യപ്പെടാതെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുന്ന നാട്ടിലാണു കടലാസ് സംഘടനകളുടെ ഇത്തരം പ്രവൃത്തികള്‍ എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഫൗണ്ടേഷനു സ്ഥലം ലഭിക്കാന്‍ അര്‍ഹത:
റഷീദ് പറമ്പന്‍
മലപ്പുറം: രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കണക്കു കൃത്യമായി സര്‍ക്കാരിന്റെ കൈയിലുണ്ടെന്നും ഇക്കാരണത്താല്‍ നിയമപരമായി സ്ഥലം ലഭിക്കാന്‍ ഫൗണ്ടേഷന് അര്‍ഹതയുണ്ടെന്നും രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റും മുന്‍ ഡി.സി.സി സെക്രട്ടറിയുമായ റഷീദ് പറമ്പന്‍ പറഞ്ഞു. നിയമപരമായി എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് അപേക്ഷിച്ചത്. ഫൗണ്ടേഷന്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണു മുന്‍തൂക്കം നല്‍കുന്നത്. സ്വകാര്യ ആവശ്യത്തിനല്ല ഭൂമി അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എം.ഇ.എസിനും എ.കെ.ജി സെന്ററിനുമെല്ലാം നേരത്തെ സര്‍ക്കാര്‍ ഭൂമിയാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.