2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

രാജിവ് വധക്കേസിലെ പ്രതികളുടെ മോചനം: രാഹുലിനെ നന്ദി അറിയിച്ച് നളിനി

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധി വധക്കേസിലെ പ്രതികളായ തങ്ങളുടെ മോചനത്തിന് എതിര് നില്‍ക്കാതിരുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിന് നന്ദി അറിയിച്ച് നളിനി. രാജിവ് വധക്കേസില്‍ കഴിഞ്ഞ 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികളിലൊരാളായ നളിനി ഇന്നലെയാണ് രാഹുലിന് നന്ദി അറിയിച്ചത്. തന്റെ പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിക്കുകയും പ്രതികളുടെ മോചനത്തിനെതിരേ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തതിനാണ് നളിനി രാഹുലിനെ നന്ദി അറിയിച്ചത്. വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനി ജീവപര്യന്തം തടവിനാണ് ശിക്ഷിക്കപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച വനിതാ തടവുകാരികൂടിയാണ് അവര്‍. തങ്ങളെ മോചിപ്പിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ മഹാമനസ്‌കതയെ അഭിനന്ദിക്കുകയാണ്. തന്റെ ജീവിതത്തില്‍ ഒട്ടേറെ വേദനാജനകമായ കാര്യങ്ങളാണ് ഉണ്ടായത്. എന്നാല്‍, എല്ലാ വേദനകളും ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ്. തന്റെ ആഗ്രഹം മകള്‍ക്കൊപ്പം കഴിയുകയെന്നതാണെന്നും അവര്‍ വ്യക്തമാക്കി. 

രാജിവ് വധക്കേസില്‍ ഏഴ് പ്രതികളെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെതന്നെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ ദയാഹരജി പരിഗണിക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികളിലൊരാളായ പേരറിവാളന്റെ ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളെ വിട്ടയക്കുന്നതിനോട് മുന്‍മുഖ്യമന്ത്രി ജയലളിത താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി തമിഴ്‌നാട് നിയമ മന്ത്രി സി.വി ഷണ്‍മുഖം പറഞ്ഞു.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.