2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

രാജിവ് ഗാന്ധി വധക്കേസ്: പ്രതികളുടെ ദയാഹരജി പരിഗണിക്കണം

 

ന്യൂഡല്‍ഹി: ശിക്ഷ ഇളവ് നല്‍കി വിട്ടയക്കണമെന്ന രാജിവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ അപേക്ഷ പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സാഹചര്യമൊരുക്കി സുപ്രിം കോടതി. 2015 ഡിസംബര്‍ 30ന് പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ ഗവര്‍ണര്‍ ഇതുവരെയും തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ തങ്ങളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിലെ ഹരജി തീര്‍പ്പാക്കണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പേരറിവാളന്‍ ഉള്‍പ്പെടെയുള്ള ഏഴ് പ്രതികളുടെ മോചനത്തിനാണ് ഇപ്പോള്‍ സുപ്രിം കോടതി വഴിയൊരുക്കിയിരിക്കുന്നത്. പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രിം കോടതി ജീവപര്യന്തമാക്കയിരുന്നു. തുടര്‍ന്ന് 2016ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചു. ഭരണഘടനയുടെ 161ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചായിരുന്നു അത്. ഇത് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ വരുന്ന ഒരു കേസില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് കേന്ദ്ര ം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് തീരുമാനം ഗവര്‍ണര്‍ക്ക് വിട്ട് സുപ്രിം കോടതി ഉത്തരവിട്ടിത്.
പേരറിവാളന്റെ ജയില്‍ മോചനത്തിനായി നിയമയുദ്ധം നടത്തുന്ന മാതാവ് അര്‍പുതമ്മാള്‍, കോടതി ഉത്തരവില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ സന്ദര്‍ശിച്ച് അഭിനന്ദനമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.