2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

രാജിയില്‍ ഉരുണ്ടുകളിച്ച് എന്‍.സി.പി

തിരുവനന്തപുരം: രാജിവച്ചൊഴിയാന്‍ ഇടതുമുന്നണി അന്ത്യശാസന നല്‍കിയിട്ടും തോമസ് ചാണ്ടിയുടെ മന്ത്രിക്കസേര നിലനിര്‍ത്താന്‍ അവസാന അടവുമായി എന്‍.സി.പി നേതൃത്വം. ഇന്ന് രാജിവയ്ക്കണമെന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന എല്‍.ഡി.എഫ് യോഗം എന്‍.സി.പിക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇന്ന് എറണാകുളത്ത് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടിലാണ് എന്‍.സി.പി.
ഒരു മാസം മുന്‍പേ തീരുമാനിച്ചതാണ് ഇന്നത്തെ യോഗമെന്നും സംഘടനാ കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യൂ എന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ എറണാകുളത്ത് പറഞ്ഞു. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ തെളിയിക്കപ്പെടാതിരിക്കുകയും വസ്തുതകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ കുറ്റക്കാരനായി കാണാനാകില്ല. കലക്ടറുടെ റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പിശകുണ്ട്. പിശക് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചതെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. സി.പി.ഐ നിലപാട് ശത്രുക്കള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. എല്ലാത്തിലും വിരുദ്ധാഭിപ്രായം പറയുന്നത് സി.പി.ഐയുടെ പൊതുസമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പീതാംബരന്‍ മാസ്റ്റര്‍ക്ക് മറുപടിയുമായി വൈകാതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തു വന്നു.
തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എല്‍.ഡി.എഫില്‍ മാറ്റമില്ലെന്നും തീരുമാനം മാറ്റാന്‍ ഇത് വേലിയേറ്റമോ വേലിയിറക്കമോ അല്ലെന്നും കാനം പ്രതികരിച്ചു. പീതാംബരന്‍ മാസ്റ്റര്‍ക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍ അത് എല്‍.ഡി.എഫില്‍ പറയാമായിരുന്നു. കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ക്കില്ലെന്നും കാനം കോട്ടയത്ത് പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ പിടിച്ചു പുറത്താക്കേണ്ടിവരുമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ എന്‍.സി.പി കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ വിളിച്ച് തോമസ് ചാണ്ടിയുടെ രാജി ഹൈക്കോടതി വിധി വരുന്നതുവരെ നീട്ടി വയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അനുകൂലമല്ലെന്നാണ് അറിയുന്നത്.
ഇതോടെ ദേശീയ അധ്യക്ഷന്‍ ശരദ്പവാറിനെ തന്നെ രംഗത്തിറക്കാനാണ് എന്‍.സി.പി ശ്രമം. മുഖ്യമന്ത്രിയുമായി പവാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും. തോമസ് ചാണ്ടി രാജിവച്ചാല്‍ മന്ത്രിസഭയില്‍ എന്‍.സി.പി പ്രാതിനിധ്യം നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് പാര്‍ട്ടി നേതൃത്വത്തിന്. ഫോണ്‍കെണിയില്‍ എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായെത്തിയാല്‍ തോമസ് ചാണ്ടി മാറിക്കൊടുക്കുമെന്ന ധാരണ നേരത്തേയുണ്ട്.

ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി

തിരുവനന്തപുരം: കായല്‍ കൈയേറ്റ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ തോമസ് ചാണ്ടിക്കു വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയുമായ വിവേക് തന്‍ഖ ഹാജരാകും. അദ്ദേഹം ഇന്നലെ കൊച്ചിയിലെത്തി. ചാണ്ടി രാജിവയ്ക്കണമെന്നു മുറവിളി കൂട്ടുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഇത് തിരിച്ചടിയാകും. കേസില്‍ സ്‌റ്റേ ലഭിക്കുകയും അനുകൂല പരാമര്‍ശം കോടതിയില്‍ നിന്നുണ്ടാകുകയും ചെയ്താല്‍ രാജി അടഞ്ഞ അധ്യായമാകുമെന്നും എന്‍.സി.പി നേതൃതം കണക്കുകൂട്ടുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.