2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

രാജസൂയം കഴിഞ്ഞു… ഇനി രാജയോഗം

ശുംഭന്റെ അര്‍ഥം മറ്റൊരു ജയരാജന്‍ മലയാള ശബ്ദതാരാവലിയില്‍ നിന്നു പുറത്തെടുത്തു മാലോകരെ അറിയിച്ചതുപോലെ ഇ.പിയുടെ അന്തഃകരണവും ബന്ധനങ്ങളുടെ നോവറിയുകയായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയം തൊട്ടേ എന്നും പിണറായി വിജയന്റെ നിഴലായിരുന്നു ഇ.പി. പാര്‍ട്ടിയില്‍ വി.എസിന്റെ പിടി അയഞ്ഞതോടെ സര്‍വശക്തരായ കണ്ണൂര്‍ ലോബിയില്‍ പിണറായി കഴിഞ്ഞാല്‍പ്പിന്നെ ഇ.പി എന്നായിരുന്നു ചൊല്ല്. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ പണിറായിക്ക് പകരം ഇ.പിയെന്ന പേര്‍ ഉയര്‍ന്നപ്പോഴാണ് ആദ്യമായി പലരും അപകടം മണത്തത്.

രാജു ശ്രീധര്‍ 8589984452

പേരില്‍ രാജനും കാഴ്ചയില്‍ രാജഭാവമുള്ളയാളുമായ ഇ.പി ജയരാജന് ഇത് രാജവാഴ്ചയുടെ കാലമാണ്. മന്ത്രിമാര്‍ ഒരുപാടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭാ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുക ചില്ലറ കാര്യമല്ല. സംസ്ഥാനത്തിന്റെ ചരിത്രമെടുത്താല്‍ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചവരുടെ എണ്ണം വിരലിലെണ്ണാം. അങ്ങനെ സി.പി.എമ്മിലും ഭരണത്തിലും ചരിത്രമാകുകയാണ് കണ്ണൂര്‍കാരന്‍.

ഇ.എം.എസ് വിദേശത്തു ചികില്‍സക്കു പോയപ്പോള്‍ അന്നത്തെ മന്ത്രിമാരെ അക്ഷരമാലാക്രമത്തില്‍ പരിഗണിച്ചാണു ചുമതല നല്‍കിയത്. അവുക്കാദര്‍ കുട്ടിനഹയും ടി.കെ ദിവാകരനും മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിച്ചു. സി. അച്യുതമേനോന്‍ വിദേശത്തു പോയപ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനായിരുന്നു ചുമതല.
കരുണാകരന്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അന്ന് ധനമന്ത്രിയും നിയമസഭാകക്ഷി ഉപനേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി സഭാനേതാവിന്റെ ചുമതലക്കാരനായി. തുടര്‍ന്ന്, കരുണാകരന്‍ വിദേശത്തു ചികില്‍സയ്ക്കു പോയപ്പോള്‍ മുഖ്യമന്ത്രിച്ചുമതല വൈദ്യുതിമന്ത്രി സി.വി പത്മരാജനായിരുന്നു. ഉമ്മന്‍ചാണ്ടി സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയപ്പോള്‍ അന്ന് ധകാര്യമന്ത്രിയായിരുന്ന വക്കം പുരുഷോത്തമന്‍ ചുമതല വഹിച്ചു.
2016 മെയ് 25നു പിണറായി മന്ത്രിസഭയില്‍ വ്യവസായം, കായികം വകുപ്പുകളുടെ ചുമതലയേറ്റ ഇ.പിക്കു ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് 2016 ഒക്ടോബര്‍ 14നു മന്ത്രിപദം രാജിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം പാര്‍ട്ടി പോളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും കല്‍പ്പിച്ചത് നീണ്ട വനവാസമായിരുന്നു. ഇക്കാലയളവില്‍ പാര്‍ട്ടിയുടെ പഞ്ചാഗ്നിമധ്യേ സഹനത്തിന്റെയും സഹിഷ്ണുതയുടെയും തപസ്സ് ചെയ്താണ് അഗ്നിശുദ്ധി വരുത്തിയത്.
ഇക്കഴിഞ്ഞ മഴക്കാലത്ത്് അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നവിട്ടപോലെ ബന്ധുക്കള്‍ കൂട്ടത്തോടെ അരികില്‍ ഒഴുകിയെത്തിയപ്പോഴാണ് ഇ.പിയും വിവാദങ്ങളുടെ കുത്തൊഴുക്കില്‍പ്പെട്ടത്. അതുവരെ ഒഴുക്കിനെതിരേ മാത്രം നീന്തിയിട്ടുള്ള ഇ.പിയാകട്ടെ, ബന്ധുക്കള്‍ തീര്‍ത്ത വിവാദത്തിന്റെ കേതുര്‍ദശയില്‍ അകപ്പെടുകയായിരുന്നു. എന്നും പിണറായി വിജയന്റെ നിഴലായിരുന്നെങ്കിലും അഗ്നിശുദ്ധി വരുത്താനായിരുന്നു പാര്‍ട്ടിയുടെ താന്ത്രികാചാര്യന്മാര്‍ കുറിപ്പടി നല്‍കിയത്. ബന്ധുക്കള്‍ ശത്രുക്കളാകുമെന്ന് കേട്ടിരുന്നെങ്കിലും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങളില്‍ ബന്ധുക്കള്‍ മൂലമുണ്ടാകാന്‍ ഇടയുള്ള അപഹാരങ്ങളെക്കുറിച്ച്് ഇ.പിക്ക്് അറിവില്ലായിരുന്നുതാനും.
ശുംഭന്റെ അര്‍ഥം മറ്റൊരു ജയരാജന്‍ മലയാള ശബ്ദതാരാവലിയില്‍ നിന്നു പുറത്തെടുത്തു മാലോകരെ അറിയിച്ചതുപോലെ ഇ.പിയുടെ അന്തഃകരണവും ബന്ധനങ്ങളുടെ നോവറിയുകയായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയം തൊട്ടേ എന്നും പിണറായി വിജയന്റെ നിഴലായിരുന്നു ഇ.പി. പാര്‍ട്ടിയില്‍ വി.എസിന്റെ പിടി അയഞ്ഞതോടെ സര്‍വശക്തരായ കണ്ണൂര്‍ ലോബിയില്‍ പിണറായി കഴിഞ്ഞാല്‍പ്പിന്നെ ഇ.പി എന്നായിരുന്നു ചൊല്ല്. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോള്‍ പണിറായിക്ക് പകരം ഇ.പിയെന്ന പേര്‍ ഉയര്‍ന്നപ്പോഴാണ് ആദ്യമായി പലരും അപകടം മണത്തത്.
സെക്രട്ടറിസ്ഥാനത്തേയ്ക്കു കോടിയേരിക്കെതിരേ കച്ചമുറുക്കിയെങ്കിലും ഇരുമ്പാണിക്കു പകരം മൂളയാണിവച്ച ചുരികയായിരുന്നു ഇ.പിക്കു ലഭിച്ചത്. മാറ്റച്ചുരിക ചോദിച്ചപ്പോള്‍ മറന്നുപോയെന്നു കളവുപറഞ്ഞ ചതിയന്‍ ചന്തുമാരെ അന്നാണ് ഇ.പി തിരിച്ചറിഞ്ഞത്.
ബന്ധുവിവാദത്തില്‍പ്പെട്ട സമയത്തു കവടി നിരത്തി ഇ.പിയുടെ രാഷ്ട്രീയഭാവി ചികഞ്ഞ രാഷ്ട്രീയവിശാരദന്മാര്‍ വരെ പാര്‍ട്ടിക്കൂട്ടത്തിലുണ്ട്. ബന്ധുവിവാദം എങ്ങനെ കത്തിപ്പടര്‍ന്നു തീയായി, കാറ്റായി തന്റെ രാഷ്ട്രീയമോഹങ്ങളെ വെന്തുരുക്കിയതെന്നു കമ്മ്യുണിസ്റ്റുകാരനാണെങ്കിലും പാഴൂര്‍ പടിപ്പുരവരെ പോകേണ്ട കാര്യം ഇ.പിക്കില്ല.
സമൂഹത്തിലെ ജന്മിത്വത്തിനും അടിമത്വത്തിനും അടിയന്തരാവസ്ഥയ്ക്കുമെതിരേയായിരുന്നു പാര്‍ട്ടി പട പൊരുതിയത്. അതിന്റെ കൈക്കരുത്തും മെയ്‌വഴക്കവും ഇന്നും തഴമ്പേറി നില്‍ക്കുന്നുണ്ട്് ഇ.പിയില്‍. പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറും പിണറായിയോടുള്ള വിശ്വസ്തതയുമാണ് ഇ.പിയുടെ രണ്ടാംവരവിനു കളമൊരുക്കിയത്.
അടിച്ചമര്‍ത്തപ്പെട്ടവന്‍ സ്വപ്നം കണ്ടിരുന്ന സ്വാതന്ത്ര്യത്തിന്റെ വിപ്ലവ മധുരം, ഇപ്പോള്‍ നുണയുന്ന ഇ.പി ഇനി ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നതും കൊണ്ടും കൊടുത്തും മാത്രമല്ല, ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടുമാണ്. ഇ.പിക്ക്് രാജസൂയം കഴിഞ്ഞതോടെ ഇനി രാജയോഗമാണ്…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.