2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രണ്ടു മാസം പിന്നിട്ടിട്ടും പൊള്ളലായി ജി.എസ്.ടി

ജോര്‍ജ് ജോസഫ്, പറവൂര്‍ 9846443966

കറന്‍സി നിരോധനം രാജ്യത്തെ സാമ്പത്തികമായി പടുകുഴിയിലേക്കു നയിച്ചപ്പോഴാണ്, ഉല്‍പന്നങ്ങളുടെ വില കുറയുമെന്നു പ്രതീക്ഷ നല്‍കി ജൂലൈ ഒന്നിനു ജി.എസ്.ടി എന്ന പേരില്‍ പരോക്ഷനികുതിയിലെ വന്‍ അഴിച്ചുപണി നടത്തിയത്. അതു ജലരേഖയായി മാറിയിരിക്കുന്നു. ജി.എസ്.ടി. സമ്പ്രദായത്തെക്കുറിച്ചു രാജ്യം രണ്ടുദശകത്തോളം ചര്‍ച്ചചെയ്തതാണെങ്കിലും അതു തിടുക്കത്തില്‍ നടപ്പാക്കണമെന്ന വാശിയായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക്.

വലിയൊരു മാറ്റത്തിനു വ്യാപാരമേഖലയും ജനങ്ങളും ഒരുങ്ങാതിരിക്കെ ഭരണതലത്തില്‍പോലും മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കി. ഫലമോ, ഇന്നു നികുതിവിദഗ്ധര്‍ക്കും സാധാരണക്കാര്‍ക്കും കീറാമുട്ടിയാണു ജി.എസ്.ടി. കൂനിന്മേല്‍ കുരുപോലെ കടുത്ത വിലക്കയറ്റത്തിനും ഇതു വഴിയൊരുക്കി. നോട്ടുനിരോധനത്തിന്റെ ആഘാതത്തില്‍നിന്നു കരകയറി വരുന്നതിനിടയിലാണു ജി.എസ്.ടിയുടെ വരവ്. അതു വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനും വഴി തുറന്നു.

ജൂലൈ ഒന്നു മുതല്‍ മറ്റെല്ലാ നികുതികളും ഒഴിവാക്കി ജി.എസ്.ടി മാത്രമേ പിരിക്കാവൂ എന്നു സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയിരുന്നു. എന്നിട്ടും പലയിടത്തും പഴയ നികുതിയുള്‍പ്പെടെയുള്ള എം.ആര്‍.പിക്കൊപ്പം ജി.എസ്.ടി കൂടി പിരിച്ചു. ജി.എസ്.ടി മാത്രം സര്‍ക്കാരിലേക്ക് അടക്കേണ്ട വ്യാപാരികള്‍ക്കു കൊള്ളലാഭം. ജനങ്ങള്‍ക്കു കടുത്ത നഷ്ടം. പുതിയ എം.ആര്‍.പിയുമായി വരുമെന്നു പറഞ്ഞ കമ്പനികള്‍ പഴയവിലയും ജി.എസ്.ടിയും ചേര്‍ത്തു വാങ്ങി പുരകത്തുമ്പോള്‍ ആകാവുന്നത്ര വാഴ വെട്ടി.

കോര്‍പറേറ്റുകളുടെ വിശ്വസ്തനായ വക്കീലും വിനീതദാസനുമാണ് അരുണ്‍ ജെയ്റ്റിലി. അതുകൊണ്ടാണു തെരഞ്ഞെടുപ്പില്‍ ജനം തോല്‍പിച്ചിട്ടും ധനമന്ത്രിക്കസേരയിലെത്തിയത്. വെറുതെയല്ല മൂക്കുന്നതിനു മുന്‍പു തല്ലിപ്പഴുപ്പിക്കുന്നപോലെ ജി.എസ്.ടി ജൂലൈ ഒന്നുമുതല്‍ നടപ്പാക്കണമെന്ന് അദ്ദേഹം വാശിപിടിച്ചത്. മുന്നൊരുക്കങ്ങളില്ലാത്തതിനാല്‍ നടപ്പാക്കല്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം പല കോണുകളില്‍നിന്ന് ഉയര്‍ന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

പുതിയ നികുതിസമ്പ്രദായം നടപ്പിലാക്കി ജനങ്ങളെ എത്രയും വേഗം ‘സേവിക്ക’ലാണു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വലിയ വായ്ത്താരികള്‍ അടിച്ചുവിട്ടപ്പോള്‍ ജനങ്ങള്‍ മാത്രമല്ല അതിബുദ്ധിമാന്മാരായ സംസ്ഥാന ധനമന്ത്രിമാര്‍പോലും അതു വിശ്വസിച്ചുപോയി. കോര്‍പറേറ്റുകളുടെ കുഴലൂത്തുകാര്‍ മാത്രമായി തരംതാഴ്ന്ന ദേശീയമാധ്യമങ്ങള്‍ ജി.എസ്.ടിയുടെ ഗുണഗണങ്ങള്‍ അക്കമിട്ടു നിരത്തിയപ്പോള്‍ എല്ലാവരും കോരിത്തരിച്ചു. സംസ്ഥാനത്തിനു കൂടുതല്‍ പണം വന്നുചേരുമെന്നായപ്പോള്‍ തോമസ് ഐസക്കും ഒന്നിളകിപ്പോയി. പിന്നെ എങ്ങനെയും അതു നടപ്പാക്കുന്നതിലായി ചിന്ത. ഇവിടെയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെയും കോര്‍പറേറ്റ് ഭീമന്മാരുടെയും തന്ത്രത്തിന്റെ വിജയം.

ജി.എസ്.ടി വരുമ്പോള്‍ ഇരട്ടനികുതി പിരിച്ചും വിലകൂട്ടിയും കൊള്ളനടത്താമെന്നു വ്യവസായികള്‍ കണക്കുകൂട്ടിയിരുന്നു. അതു പല രാജ്യങ്ങളിലും സംഭവിച്ചതാണ്. അതു തടയുന്നതിനും അമിതവില ഈടാക്കുന്നതിനുമെതിരായ ആന്റി പ്രോഫിറ്റിയറിങ് നിയമം നടപ്പാക്കിയ ശേഷമാണു ജി.എസ്.ടി സമ്പ്രദായത്തിലേക്കു മാറേണ്ടിയിരുന്നത്. എന്നാല്‍, തന്ത്രപൂര്‍വം അതു മാറ്റിവച്ചു.

അത്തരമൊരു നിയമവും അധികാരപ്പെട്ട നിയന്ത്രണസംവിധാനവും ഉണ്ടെങ്കില്‍ മാത്രമേ അമിതനികുതി ഈടാക്കിയെന്നു കണ്ടാല്‍ ഉപഭോക്താവിനു പരാതി നല്‍കാന്‍ കഴിയൂ. ഹോട്ടലിലോ മറ്റു വ്യാപാരസ്ഥാപനങ്ങളിലോ അമിതവിലയോ അമിതനികുതിയോ ഈടാക്കിയാല്‍ പരാതിപ്പെടാന്‍ നിലവില്‍ നിയമവും സംവിധാനവുമില്ല. ഇതാണ് ജെയ്റ്റിലി കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഒരുക്കിക്കൊടുത്ത രക്ഷാമാര്‍ഗം.

ആന്റി പ്രോഫിറ്ററിങ് കമ്മിഷന്‍ രൂപീകരിക്കാന്‍ ജി.എസ്.ടി നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതിനുള്ള ചട്ടങ്ങള്‍ ഇനിയും തയാറായിട്ടില്ല. പരാതിപ്പെടേണ്ട കമ്മിഷന്‍ അംഗങ്ങളെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. ജി.എസ്.ടി നടപ്പാക്കാന്‍ കാണിച്ച സ്പീഡ് ഇവിടെയില്ല. ഇത്തരത്തില്‍ ചട്ടങ്ങളുണ്ടാക്കി കമ്മിഷന്‍ രൂപീകരിക്കുന്നതിനു മിനിമം ഒരു വര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ ഉപഭോക്താവിനു പരാതിപ്പെടാനും നിയമപരമായ പരിഹാരം കാണാനും മാര്‍ഗമില്ല.

ഒരു നിയമമാറ്റം വരുമ്പോള്‍ അതിന്റെ പഴുതുപയോഗിച്ചു തെറ്റുചെയ്യുന്നത് ഒഴിവാക്കുന്നതിനു നിയമവിധേയമായ സംവിധാനം വേണം. അങ്ങനെയാണു ജനാധിപത്യസംവിധാനത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്തുന്നത്. അക്കാര്യത്തില്‍ വരുത്തുന്ന കാലതാമസം ആരുടെ താല്‍പര്യമാണു സംരക്ഷിക്കുന്നതെന്നതാണു കാതലായ പ്രശ്‌നം. ജി.എസ്.ടിയുടെ കാര്യത്തില്‍ ഒരു വര്‍ഷത്തേക്കെങ്കിലും സര്‍ക്കാര്‍ കാര്യമായി അനങ്ങില്ലെന്നു വ്യക്തമാണ്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്ന വ്യാപാരികള്‍ ഇപ്പോള്‍ നിശബ്ദരാണ്. ഉത്തരേന്ത്യയില്‍ കടയടച്ചു സമരം തുടങ്ങിയതാണ്. ഇപ്പോള്‍ എതിര്‍പ്പും പ്രകടിപ്പിക്കാതെ സഹകരിക്കുന്നു.

നേരത്തേ പറഞ്ഞതിനു കടകവിരുദ്ധമായി മിക്ക ഉല്‍പന്നങ്ങളുടെയും വില ജി.എസ്.ടിക്കു ശേഷം ഉയര്‍ന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ കണ്ടത് അഭൂതപൂര്‍വമായ വിലക്കയറ്റമാണ്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കു കുത്തനെ ഉയര്‍ന്ന് 2.6 ശതമാനമായി. ഒരുവിഭാഗം വ്യാപാരികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ഇത് അവസരമായി കണ്ടു മുതലെടുക്കുന്നു. അതിനെ ശക്തമായി നേരിടാന്‍ വാക്കുകൊണ്ടല്ലാതെ പ്രവൃത്തികൊണ്ടു സര്‍ക്കാര്‍ തയാറാകുന്നില്ല.

ജി.എസ്.ടി നടപ്പാക്കുന്നതിനു മുന്‍പേ സിമന്റ് കമ്പനികള്‍ ഒന്നിച്ചു വിലകൂട്ടിയപ്പോള്‍ ധനമന്ത്രി മൗനംപാലിച്ചു. ഉല്‍പാദനച്ചെലവു വളരെ കുറവായ ഉല്‍പന്നങ്ങള്‍ക്കും കൂടിയ എം.ആര്‍.പിയാണ് അടിക്കുന്നത്. ഇതുമൂലം ഉപഭോക്താവു വന്‍വിലയും ഉയര്‍ന്ന നികുതിയും നല്‍കേണ്ടി വരുന്നു. ഇരട്ടനഷ്ടമാണ് ഉപഭോക്താവിന് ഇക്കാര്യത്തിലുണ്ടാകുന്നത്. എം.ആര്‍.പി അമിതലാഭമെടുക്കുന്നതിനു പര്യാപ്തമായ വിധത്തിലാണു രേഖപ്പെടുത്തുന്നത്. പക്ഷേ, ഒരു നടപടിയും ഇന്നേവരെ എടുത്തതായി അറിവില്ല. കാരണം, ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതു സമ്പത്തും അതിന്റെ ഉപോല്‍പന്നമായ സ്വാധീനവുമാണ്.

ജി.എസ്.ടി വഴി ജനങ്ങള്‍ക്കു കിട്ടാവുന്ന വലിയനേട്ടം തട്ടിത്തെറിപ്പിക്കുകയാണു പെട്രോളിയം ഉല്‍പന്നങ്ങളെ ഒഴിവാക്കിയതിലൂടെ ചെയ്തത്. 47 ശതമാനത്തിനു മുകളില്‍ മൊത്തം നികുതി വരുന്ന പെട്രോളിന് ജി.എസ്.ടി ഏര്‍പെടുത്തിയിരുന്നെങ്കില്‍ വരുമായിരുന്ന പരമാവധി നികുതി 28 ശതമാനമാണ്. പക്ഷേ, വരുമാനം കുറയുമെന്ന ആധിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളെ ഒഴിവാക്കി.

വന്‍വിലക്കയറ്റത്തിനു പാകമായ വിധത്തില്‍ നടപ്പാക്കപ്പെട്ട ജി.എസ്.ടി ആത്യന്തികമായി ചെറുകിട, ഇടത്തരം വ്യപാരമേഖലയുടെ അന്തകനുമാണ്. ഒറ്റനികുതി വരുമ്പോള്‍ സംസ്ഥാനാന്തര നെറ്റ് വര്‍ക്ക് വില്‍പനയിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിയുന്നതു വന്‍കിട കമ്പനികള്‍ക്കും രാജ്യാന്തര ഭീമന്മാര്‍ക്കുമാണ്. പുതിയ നികുതിസമ്പ്രദായം പൂര്‍ണതോതിലാകുന്നതോടെ അവരുടെ ആധിപത്യം വിപണിയില്‍ ശക്തമാകും.
ജി.എസ്.ടിയുടെ പിന്നിലെ രഹസ്യ അജന്‍ഡ അന്താരാഷ്ട്ര മൂലധന താല്‍പര്യങ്ങളുടെ വഴിയൊരുക്കലാണ്. മോദി നടത്തിയ വിദേശസന്ദര്‍ശനങ്ങളിലെല്ലാം സമ്പന്നരാജ്യങ്ങള്‍ ഉയര്‍ത്തിയ മുഖ്യആവശ്യവും ഇതായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.