2018 February 20 Tuesday
ഭൂമിയില്‍ കഴിയുന്നതിന് ഞാന്‍ നല്‍കുന്ന വാടകയാണ് സാമൂഹ്യപ്രവര്‍ത്തനം
ആലീസ് വാക്കര്‍

രണ്ടുഗോള്‍ ജയം; സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി പൂനെ

മുംബൈ: രണ്ടാംവട്ട മഹാരാഷ്ട്ര ഡെര്‍ബിയിലും മുംബൈ സിറ്റി എഫ്.സിക്കു തോല്‍വി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ പൂനെ സിറ്റി എഫ്.സി മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി. പൂനെയില്‍ നടന്ന ആദ്യ പാദത്തില്‍ എഫ്.സി. പൂനെ സിറ്റി 2-1നു മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതിയില്‍ പൂനെ ബ്രസീലില്‍ താരം ഡീഗോ കാര്‍ലോസിന്റെ ഗോളില്‍ (18ാം മിനിറ്റില്‍) മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ബ്രസീലുകാരനായ ക്യാപറ്റന്‍ മാഴ്‌സിലീഞ്ഞ്യോയിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഈ ജയത്തോടെ പൂനെ സിറ്റി ഐ.എസ്എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി സെമിഫൈനലിലേക്കുള്ള ടിക്കറ്റ് ഏകദേശം ഉറപ്പിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും പൂനെ മുന്നേറി. ഹോം ഗ്രൗണ്ടില്‍ മുംബൈയുടെ നാലാമത്തെ തോല്‍വിയാണിത്. നിലവിലെ സെമിഫൈനലിസ്റ്റുകളായ മുംബൈ 17 പോയിന്റോടെ എഴാം സ്ഥാനത്താണ്. ഇതോടെ മുംബൈയുടെ സെമി ഫൈനല്‍ പ്രേവശനത്തിനുള്ള സാധ്യതകള്‍ അവസാനിച്ചു.
മുംബൈ സിറ്റി ഒരു മാറ്റവുമായാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. വാഡുവിനു പകരം രാജു ഗെയ്്ക്ക് വാദ് ഇറങ്ങി. മറുവശത്ത് പൂനെ സിറ്റി ആദ്യ പാദത്തില്‍ മുംബൈയ്‌ക്കെതിരെ രണ്ട് ഗോള്‍ നേടിയ എമിലിയാനോ അല്‍ഫാരെയെ ഒഴിവാക്കി സ്റ്റാങ്കോവിച്ചിനെ ഇറക്കി. ഐസക്കിനു പകരം ഡിഫെന്‍ഡര്‍ സാര്‍ത്തക് ഗുലുവും വന്നു. പൂനെ പതിവ് 4231 ഫോര്‍മേഷനില്‍ ഇറങ്ങി. എന്നാല്‍ മുംബൈ പതിവിനുവിഭിന്നമായി 343 ഫോര്‍മേഷനിലായിരുന്നു കളിക്കാരെ വിന്യസിച്ചത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസും ചെന്നൈയ്യിന്‍ എഫ്. സിയു ഒരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഡല്‍ഹിക്ക് വേണ്ടി 59-ാം മിനിറ്റില്‍ കാലു ഉച്ചേയുടെ വകയായിരുന്നു ഗോള്‍. 81-ാം മിനിറ്റില്‍ മില്‍സണ്‍ ആല്‍വേസാണ് ചെന്നൈയുടെ ഗോള്‍ മടക്കിയത്. 13 മത്സരത്തില്‍ നിന്ന് എട്ടു പോയിന്റുമായി ഡല്‍ഹി പത്താം സ്ഥാനത്ത് തുടരുന്നു. 14 മത്സരത്തില്‍ നിന്ന് 24 പോയിന്റുമായി ചെന്നൈയ്യിന്‍ നാലാം സ്ഥാനത്താണുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.