2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

രണ്ടിടത്തും ഒരാള്‍ മത്സരിക്കുമ്പോള്‍

എന്‍. അബു

 

വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാളും സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കരുതെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വന്തം പടംവച്ചു പത്രങ്ങളില്‍ പരസ്യം നല്‍കുന്നു. ഇതു കേള്‍ക്കേണ്ട താമസം ഉത്തരേന്ത്യയില്‍ ഭരണമുന്നണിയില്‍പ്പെട്ട ഒരു നേതാവിന്റെ ആഹ്വാനം, യഥാര്‍ഥ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കള്ളവോട്ടു ചെയ്യാനും മടിക്കരുതെന്ന്. 90 കോടി വോട്ടര്‍മാര്‍ തങ്ങളെ ഭരിക്കാനുള്ള ആളുകളെ തെരഞ്ഞെടുക്കാന്‍ വരി നില്‍ക്കുന്നിടത്തു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇങ്ങനെയും വികലചിന്തകളോ.
ഏപ്രില്‍ 11 ന് ആരംഭിച്ച തെരഞ്ഞെടുപ്പ് മേയ് 19ന് അവസാനിക്കുമെങ്കിലും ഫല പ്രഖ്യാപനത്തിനു പിന്നെയും നാലുനാള്‍ കാക്കണം, ബി.ജെ.പി മുന്നണി ഭരണത്തുടര്‍ച്ചയുടെ പ്രതീക്ഷയിലാണ്. പ്രതിപക്ഷകക്ഷികള്‍ മോദി ഭരണം അവസാനിപ്പിക്കുമെന്ന ദൃഢനിശ്ചയത്തിലും.
ലോകം ശ്രദ്ധിക്കുന്ന ഏറ്റവും വലിയ ഈ ജനഹിതപരിശോധന പ്രഹസനമാണെന്നു വരുത്താന്‍ ഇന്ത്യയില്‍ത്തന്നെ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്. തനിക്കു വോട്ടു ചെയ്തില്ലെങ്കില്‍ സഹായത്തിനു തന്റെയടുത്തു വന്നുപോകരുതെന്ന് ഒരു പ്രത്യേക സമുദായക്കാരോടു കേന്ദ്രമന്ത്രി മേനകാഗാന്ധി ആക്രോശിക്കുന്നു. കള്ളവോട്ട് ചെയ്യാന്‍ മടിക്കേണ്ടെന്നു ഉത്തര്‍പ്രദേശ് വദായുവിലെ ബി.ജെ.പി ലോക്‌സഭാ സ്ഥാനാര്‍ഥി സംഗമിത്ര മൗര്യ ആഹ്വാനം ചെയ്യുന്നു.

അതിര്‍ത്തിയില്‍ യുദ്ധം ജയിച്ചതു മോദിസേനയാണെന്നു വരെ അവകാശവാദമുണ്ടായി. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതു ജാതി നോക്കിയാണെന്ന് ഒരു മുഖ്യമന്ത്രിയാണു പറഞ്ഞത്. മുംബൈ സ്‌ഫോടനത്തിനിടയില്‍ പൊലിസ് ഉദ്യോഗസ്ഥനായ ഹേമന്ത് കാര്‍ക്കറെ കൊല്ലപ്പെട്ടത്, തന്റെ ശാപമേറ്റാണെന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയാണ് അവകാശപ്പെട്ടത്.
ഇതിനിടയില്‍ ജനം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ സ്ഥാനാര്‍ഥിയായി ഒരാളെത്തിയത് കേന്ദ്രം തന്നെ അനുവദിച്ചരുളിയ ഗവര്‍ണര്‍ പദവി വലിച്ചെറിഞ്ഞു കൊണ്ടല്ലേ. തങ്ങള്‍ കഷ്ടപ്പെട്ടു നിയമസഭയിലെത്തിച്ച അഞ്ചാറുപേര്‍ എന്തേ അതൊക്കെ മറന്ന് ലോക്‌സഭയിലേയ്ക്കു സ്ഥാനാര്‍ഥികളായി.

ലോക്‌സഭയിലേയ്ക്കു മത്സരിക്കുന്ന ഒരു നിയമസഭാ സമാജികന്‍ പോരാട്ടത്തിനിടയില്‍ പറഞ്ഞത് താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്നാണ്. ജയിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം. തോറ്റാലും രാജിവയ്ക്കുന്നതിലെ ഗുട്ടന്‍സ് പിടികിട്ടിയില്ല. അദ്ദേഹം രാഷ്ട്രീയത്തെ തമാശയായിട്ടേ കാണുന്നുള്ളുവെന്നാണോ.
എം.എല്‍.എ സ്ഥാനം കൈവശം വച്ച് എം.പിയാവാന്‍ തയാറെടുക്കുന്നവരുടെ മുന്നണിക്കാര്‍തന്നെ പരസ്പരം കുറ്റം പറയുന്നതു നാം കാണാതിരിക്കുന്നില്ല. എന്നാല്‍, രണ്ടു മണ്ഡലങ്ങളില്‍ നിന്നു ലോക്‌സഭയിലേയ്ക്കു മത്സരിക്കുന്നവരെ ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നതിലാണ് തമാശ. തങ്ങളുടെ മുന്‍ഗാമികള്‍ മുന്‍കൈയെടുത്തു തെരഞ്ഞെടുപ്പു ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി നല്‍കിയ അവകാശത്തിനെതിരേയാണെന്നതു മറ്റൊരു തമാശ.

543 അംഗ ലോക്‌സഭയിലേയ്ക്കു കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയിലും കേരളത്തിലെ വയനാട്ടിലും ഒരേസമയം ജനവിധി തേടുന്നതാണ് എന്‍.ഡി.യെയും എല്‍.ഡി.എഫിനെയും അരിശപ്പെടുത്തിയിരിക്കുന്നത്. 1967 ല്‍ മണ്ഡലമായി രൂപവല്‍ക്കരിക്കപ്പെട്ട ശേഷം പതിനഞ്ചുവര്‍ഷമായി കോണ്‍ഗ്രസ്സിനെ അംഗീകരിക്കുന്ന അമേത്തിയില്‍ 2004 മുതല്‍ ജയിച്ചതു രാഹുലാണ്.
ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയെ കഴിഞ്ഞതവണ ഒരു ലക്ഷം വോട്ടിനു തോല്‍പ്പിച്ചാണ് അദ്ദേഹം സീറ്റ് നിലനിര്‍ത്തിയത്. നേരത്തെ സഞ്ജയ് ഗാന്ധി പ്രതിനിധീകരിച്ച ഈ മണ്ഡലത്തില്‍ രാഹുല്‍ വീണ്ടും ജനവിധി തേടുമ്പോള്‍ ഗുജറാത്തില്‍നിന്നു രാജ്യസഭയിലെത്തിയ മുന്‍ ടെലവിഷന്‍ നടി കൂടിയായ സ്മൃതി ഇറാനി തന്നെയാണ് അവിടെ ഇത്തവണയും രാഹുലിനെ എതിരിടുന്നത്.

സ്ഥിരം സീറ്റില്‍ പരാജയം ഭയന്നാണു രാഹുല്‍ വയനാട്ടിലേയ്ക്കു വന്നിരിക്കുന്നതെന്നാണ് എതിര്‍പക്ഷത്തിന്റെ ആക്ഷേപം. തെന്നിന്ത്യക്കു കൂടി കേന്ദ്രത്തില്‍ പ്രാതിനിധ്യം ഉറപ്പിക്കാനാണ് താന്‍ ഒരു സീറ്റില്‍കൂടി മത്സരിക്കുന്നതെന്ന രാഹുലിന്റെ വിശദീകരണത്തില്‍ അവര്‍ തൃപ്തരായിട്ടില്ല.
എങ്കില്‍ എന്തുകൊണ്ടു കേരളം, എന്തു കൊണ്ടു വയനാട് എന്ന മറുചോദ്യവും എതിര്‍കക്ഷികള്‍ ഉയര്‍ത്തുന്നു. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി, 28 വര്‍ഷം മുമ്പു 46-ാം വയസില്‍ ദാരുണമായി കൊല്ലപ്പെട്ട പിതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത തെക്കന്‍ കാശിയില്‍ നില്‍ക്കുന്ന മണ്ഡലത്തില്‍ നിന്നാണു താന്‍ മത്സരിക്കുന്നതെന്നാണ്. പിതാവിനും മുത്തശ്ശിക്കും ഏഴു പൂര്‍വിക തലമുറകള്‍ക്കും മോക്ഷത്തിനായി പാപനാശിനിയില്‍ പിതൃതര്‍പ്പണം നടത്തി തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണു രാഹുല്‍ പ്രചാരണം ആരംഭിച്ചത്.
രാഹുല്‍ ഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ എന്‍.ഡി.എ പരിഹസിക്കുമ്പോള്‍ പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ഉത്തര്‍പ്രദേശിലെ വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും മത്സരിച്ചത് അവര്‍ സൗകര്യപൂര്‍വം മറക്കുകയാണ്. ഇന്ദിരാഗാന്ധിയും വാജ്‌പേയിയും സോണിയാഗാന്ധിയും മുലായം സിങ് യാദവും രണ്ടിടത്തു മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ അതിനു നിരോധനമില്ല. അപ്പോള്‍ രാഹുലിനു മാത്രം അതു ബാധകമല്ലെന്നു ശഠിക്കുന്നത് മറ്റ് ഉദ്ദേശ്യങ്ങളോടെയാണ്.
വാരണാസിയിലേ മത്സരിക്കുന്നുള്ളൂ ഇത്തവണയെന്നാണു പറയുന്നതെങ്കിലും തോറ്റാലും ജയിച്ചാലും കുഴപ്പമില്ല എന്നല്ല മോദിയുടെ നിലപാട്. ഇത്തവണയും ജയിച്ച് അധികാരത്തിലേറണമെന്ന ആഗ്രഹത്തിലാണദ്ദേഹം. ഇത്തവണ മാത്രം പോരാ എക്കാലവും ജയിക്കണമെന്ന് ആഗ്രഹമുള്ളതായി തോന്നുന്നു. അധികാരമോഹം അത്രയേറെയുള്ളയാളാണ് അദ്ദേഹം.
ഗുജറാത്തില്‍ പതിനാലുവര്‍ഷം മുഖ്യമന്ത്രിയായിരുന്നു. അവിടെ നിന്നു രാജ്യത്തിന്റെ അധികാരക്കസേരയിലെത്തുന്നതിന് ആദ്യം വെട്ടി മാറ്റിയത് പാര്‍ട്ടിയുടെ മുന്‍ അഖിലേന്ത്യാധ്യക്ഷന്മാരായ എല്‍.കെ അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും പുറംതള്ളിയാണ്. ഇത്തവണ ജയിച്ച് അധികാരത്തിലെത്തിയാല്‍ പിന്നെ മോദിയെ 2025 വരെ ഇളക്കാനാവില്ലെന്ന് ഉറ്റതോഴനായ പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാ പറയുന്നു. ആരറിഞ്ഞു ഇനിയങ്ങോട്ട് ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പുണ്ടാകുമോയെന്ന്.

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയും മുന്‍ സി.പി.എം നേതാവ് സോമനാഥ് ചാറ്റര്‍ജിയും കോണ്‍ഗ്രസ് നേതാവായിരുന്ന പി.എം സഈദും പത്തുതവണ വീതം ലോക്‌സഭയിലേക്ക് ജയിച്ചു കയറിയവരാണ്. ആ റെക്കോര്‍ഡ് തിരുത്തണമെന്ന ആഗ്രഹം മോദിക്കുണ്ടോ എന്നറിയില്ല. മന്‍മോഹന്‍സിങ്ങിനെപ്പോലെ രാജ്യസഭ വഴി കയറി പ്രധാനമന്ത്രിപദം നിലനിര്‍ത്താനൊന്നും മോദി ആഗ്രഹിക്കുന്നതായി ഇതുവരെ വാര്‍ത്തയില്ല.
രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തതിന്റെ റെക്കോര്‍ഡ് അഞ്ചുതവണ (1967-1998) രാജ്യസഭാംഗമായ മുസ്‌ലിം ലീഗിലെ ബി.വി അബ്ദുല്ലക്കോയയുടെ പേരിലാണ്. അദ്ദേഹം 120 സമ്മേളനങ്ങളില്‍ പങ്കെടുത്തു.
പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനേക്കാളേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടങ്ങളില്‍ നിന്നൊക്കെ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാനുമാണു താല്‍പ്പര്യമെങ്കിലും വര്‍ഷങ്ങളോളം സംസ്ഥാനങ്ങളില്‍ ഭരണം നടത്തിയ പലരെയും മോദി ഓര്‍ക്കുന്നുണ്ടാകാം. സിക്കിമില്‍ മുഖ്യമന്ത്രി പവാന്‍ ചാംസലിങ് 24 വര്‍ഷം പൂര്‍ത്തിയാക്കി ഇത്തവണയും ജനവിധി തേടി ഇറങ്ങിയിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ സി.പി.എം നേതാവ് ജ്യോതി ബസു 23 കൊല്ലമാണു ഭരിച്ചത്.

ഒഡിഷയില്‍ നവീന്‍ പട്‌നായ്ക് 19 വര്‍ഷത്തിനു ശേഷവും അധികാരത്തില്‍ തുടരുന്നു. അരുണാചലില്‍ ജിഗോംങ് അപാംങ്ങും (1990-1999) ത്രിപുരയില്‍ മണിക് സര്‍ക്കാറും (1998-2018) പത്തൊമ്പതു വര്‍ഷവും മുഖ്യമന്ത്രിപദത്തില്‍ ഇരുന്നു. കേരളത്തില്‍ ഇ.കെ നായനാര്‍ മൂന്നുതവണയായി 4009 ദിവസം ഭരണം നടത്തി റെക്കോര്‍ഡിട്ടതു ചരിത്രം.
പ്രധാനമന്ത്രിപദത്തില്‍ തന്നെ നമ്മുടെ ആദ്യത്തെ ഭരണത്തലവനായിരുന്ന പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു 17 വര്‍ഷമാണു ഭരിച്ചത്. പുത്രി ഇന്ദിരാഗാന്ധി രണ്ടുതവണയായി 15 വര്‍ഷവും, അവരുടെ പുത്രന്‍ രാജീവ്ഗാന്ധി അഞ്ചുവര്‍ഷവും അധികാരത്തിലിരുന്നു. രാജീവിന്റെ പുത്രന്‍ രാഹുല്‍ പുതിയ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ 37 വര്‍ഷത്തെ നെഹ്‌റു-ഗാന്ധി ഭരണം തങ്ങള്‍ അവസാനിപ്പിക്കുമെന്നുവരെ എന്‍.ഡി.എ. വെല്ലുവിളിക്കുന്നുമുണ്ട്.

അപ്പോഴും വിദേശങ്ങളില്‍ നിന്നു മോദി കണ്ണെടുക്കുന്നില്ല. ജര്‍മനിയിലെ അഡോള്‍ഫ് ഹിറ്റ്‌ലറെയോ ഇറ്റലിയിലെ ബെനിറ്റോ മുസോളിനിയേയോ റഷ്യയിലെ ജോസഫ് സ്റ്റാലിനെയോ പോലെ ഏകാധിപതിയായി വാഴാന്‍ മോദിക്കു ഉദ്ദേശ്യമുണ്ടോയെന്നറിയില്ല. സ്വന്തം അമ്മാവനെ പുറന്തള്ളി ഗിനിയയില്‍ 39 വര്‍ഷമായി വാഴുന്ന തിയോഡോറ എംബാഡോഗോയുടെയോ 36 വര്‍ഷമായി കാമറൂണ്‍ ഭരിക്കുന്ന പോള്‍ബിയ എന്ന 86 കാരന്റെയോ, കംബോഡിയയില്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുത്ത് 35 വര്‍ഷമായി പ്രധാനമന്ത്രിപദം കയ്യാളുന്ന ഇന്‍ സെന്നിനെയോ കവച്ചു കടക്കാനൊക്കുമോ എന്ന ആശ മോദിക്കുണ്ടാകാം. റഷ്യയില്‍ നിന്നും സഊദിയില്‍ നിന്നും യു.എ.ഇ.യില്‍ നിന്നുമൊക്കെയായി ഏഴു രാജ്യാന്തര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായല്ലോ.

സഫലമീയാത്ര എന്ന മട്ടിലുള്ള അദ്ദേഹത്തിന്റെ ലോക സഞ്ചാരം തടയാന്‍ ചെറുപ്പക്കാരനായ രാഹുല്‍ ജയിച്ചു വന്നേക്കുമോയെന്ന ആശങ്ക എന്‍.ഡി.എയ്ക്കു ജനിക്കുന്നതു സ്വാഭാവികം. രാഹുലിനെ അമേത്തിയില്‍ നിന്നെന്നപോലെ വയനാട്ടില്‍ നിന്നും തോല്‍പ്പിക്കണമെന്ന അവരുടെ വാശിക്കു പുറകില്‍ ലക്ഷ്യം മറ്റൊന്നാവില്ലല്ലോ.

വാരാണസിയില്‍ പ്രിയങ്കാഗാന്ധിവന്നാലും മോദി ജയിക്കുമെന്നു ഉത്തമവിശ്വാസത്തിലാണ് എന്‍.ഡി.എ. ലോക്‌സഭയിലേയ്ക്കു ജയിച്ചുകയറാന്‍ ഒത്തില്ലെങ്കില്‍ രാജ്യസഭ വഴി പാര്‍ലമെന്റിലെത്താനൊന്നും തല്‍ക്കാലം മോദിക്കു ആഗ്രഹമില്ല. അങ്ങനെ കയറിവന്ന പലരും നാടു ഭരിക്കാന്‍ ഇറങ്ങിയപ്പോഴും അവര്‍ക്കു പഴി കേള്‍ക്കേണ്ടിവന്നതാണല്ലോ.
അരുണ്‍ ജെയ്റ്റ്‌ലിയും നിര്‍മലാ സീതാറാമും സ്മൃതി ഇറാനിയും മുക്താര്‍ അബ്ബാസ് നഖ്‌വിയും എം.ജെ. അക്ബറും ഒക്കെ ഉദാഹരണം. അവരെപ്പോലെ തന്നെയാണല്ലോ അവരെ പിന്താങ്ങാനായി അല്‍ഫോണ്‍സ് കണ്ണന്താനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറുമൊക്കെ ലോക്‌സഭയിലേയ്ക്കു മത്സരിക്കാന്‍ നില്‍ക്കാതെ രാജ്യസഭാ വാതിലിലൂടെ കയറിവന്നതും.
മോദിക്കു ഭരണം തുടരാനൊക്കുന്നില്ലെങ്കിലും തന്റെ പാര്‍ട്ടിക്കെങ്കിലും ഭരണക്കുത്തക നിലനിര്‍ത്താനൊക്കുമോയെന്നു പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാക്കും തോന്നുന്നുണ്ടാകാം. ബാബര്‍ മുതല്‍ ഔറംഗസേബ്‌വരെ മുഗള്‍രാജാക്കന്മാര്‍ ഇന്ത്യയില്‍ 250 വര്‍ഷങ്ങള്‍ മാത്രമെ ഭരിച്ചുള്ളു. എങ്കിലും മൗര്യ ഭരണം 550 വര്‍ഷവും ഗുപ്തസാമ്രാജ്യം 400 വര്‍ഷവും പാണ്ഡ്യ ഭരണം 800 വര്‍ഷവും ചോള ഭരണം ആയിരം വര്‍ഷഴും ഇന്ത്യാ ഭരണം കയ്യാളിയിരുന്നു എന്നു സ്വന്തം ചരിത്രകാരന്മാര്‍ അവരെ ഓര്‍മിപ്പിക്കുന്നുമുണ്ടാവാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News