2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

രണ്ടാം ഭവനം നല്‍കിയവരോട് അവര്‍ പറഞ്ഞു; മനം നിറഞ്ഞ നന്ദി

കോഴിക്കോട്: ഒരു ജനതയെയും വംശത്തെയും സംസ്‌കാരത്തെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള അയല്‍രാജ്യത്തിന്റെ കൊടിയ പീഡനങ്ങള്‍. നിര്‍ബന്ധിത വന്ധ്യംകരണവും സൈനിക കടന്നുകയറ്റവും ഉള്‍പ്പെടെയുള്ള ചൈനയുടെ കിരാത നടപടികളെ ജീവന്‍ നല്‍കി പ്രതിരോധിക്കുന്ന തിബറ്റന്‍ ജനത. നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്കു രണ്ടാം ഭവനമെന്നോണം അഭയംനല്‍കിയ ഇന്ത്യയോടു മനംനിറഞ്ഞ പുഞ്ചിരിയാല്‍ തിബറ്റ് സ്വദേശികളായ തെന്‍സിന്‍ റന്‍ജാനും ടെന്‍സിന്‍ സോണ്ടുവും കൂട്ടുകാരും നന്ദി പ്രകടിപ്പിക്കുകയാണ്.
കോഴിക്കോട് മലബാര്‍ പാലസില്‍ ‘താങ്ക് യു ഇന്ത്യ’ എന്ന പേരില്‍ നടക്കുന്ന തിബറ്റന്‍ ഫെസ്റ്റിവലാണ് ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശം ഹനിക്കപ്പെട്ടതിന്റെ വേദനകളുടെ നേര്‍ക്കാഴ്ചയാകുന്നത്. ഇന്തോ-തിബറ്റന്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി കേരള ചാപ്റ്ററും തിബറ്റ് ആസ്ഥാനമായുള്ള ഏതാനും സംഘടനകളും ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. 1949 മുതല്‍ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥ പറയാനുള്ള രാജ്യത്തിന്, തങ്ങളുടെ ആത്മീയ നേതാവ് ദലൈലാമക്കും ആയിരക്കണക്കിനു ജനങ്ങള്‍ക്കും അഭയം നല്‍കിയ ഇന്ത്യയോടുള്ള കടപ്പാട് വാക്കുകളില്‍ ഒതുക്കാവുന്നതല്ല. സൗജന്യ തിബറ്റന്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാംപും തിബറ്റന്‍ ജ്യോതിഷവും യോഗ ഡെമോണ്‍സ്‌ട്രേഷനും കലാസാംസ്‌കാരിക പ്രകടനങ്ങളുടെ നിറക്കാഴ്ചകളുമൊരുക്കിയാണ് ഇന്നലെ ആരംഭിച്ച് 13 വരെ തുടരുന്ന തിബറ്റന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.
പരമാധികാരം ലഭിച്ചില്ലെങ്കിലും ജീവിക്കാനുള്ള അവകാശമെങ്കിലും ലഭിക്കുന്നതിനായി ചൈനയുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ മുന്‍കൈയെടുക്കണമെന്ന ആവശ്യവും ഇവര്‍ കൂട്ടായ്മയിലൂടെ ആവശ്യപ്പെടുന്നു. ചടങ്ങ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. തിബറ്റന്‍ ജനതയെ ഭൂമുഖത്തു നിന്ന് ഇല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ലോക മനുഷ്യാവകാശ സംഘടനകള്‍ ഇതു ഗൗരവമായി കാണണം. തിബറ്റിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മുഴുവന്‍ ജനപ്രതിനിധികളും സഭകളില്‍ വിഷയം ഉന്നയിക്കണണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഡോ. അനൂപ് ആനന്ദയോഗി അധ്യക്ഷനായി. തിബറ്റ് മ്യൂസിയം ഡയരക്ടര്‍ ടാഷി ഫുന്‍സോക്, ഡോ. ജയേഷ്, ടി. നാരായണന്‍, സാജന്‍ സിന്ധു സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News