2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

രക്ഷിതാക്കള്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് വിദ്യാര്‍ഥികള്‍ ആലോചിക്കാതിരിക്കരുത്…

രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒരുപോലെ കാത്തിരുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം പുറത്തുവന്നിരിക്കുന്നു. പ്ലസ്ടു പരീക്ഷയുടെ ഫലം ഏതാനും ദിവസങ്ങള്‍ക്കകം വരാനിരിക്കുകയാണ്. കേരളത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍വരെ കരിയര്‍ ക്ലാസുകളും അവാര്‍ഡ് ദാനങ്ങളും നടക്കുന്ന സമയമാണ്. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒട്ടേറെ ചിന്തിച്ചു തീരുമാനങ്ങളെടുക്കാനുള്ള സമയവുമാണിത്.

 

രക്ഷിതാവിന് ഒരു മകന്‍, അല്ലെങ്കില്‍ മകളുടെയും രാജ്യത്തിന് ഒരു പൗര, അല്ലെങ്കില്‍ പൗരന്റെയും ഭാവി നിര്‍ണയിക്കപ്പെടുന്ന സന്ദര്‍ഭം.പ്രലോഭനങ്ങളിലും പ്രതീക്ഷകളിലും വീഴാതെ, ഏതു മേഖലയിലാണോ വിദ്യാര്‍ഥിക്ക് അഭിരുചിയുള്ളത്, ഏതു മേഖലയാണോ അവന്‍ അല്ലെങ്കില്‍ അവള്‍ ഇഷ്ടപ്പെടുന്നത്… ആ മേഖല അവര്‍ക്കുവേണ്ടി തെരഞ്ഞെടുക്കുക.. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെ കുറിച്ചും കോഴ്‌സുകളെ കുറിച്ചും അറിയുകയും നമുക്ക് ആകര്‍ഷകമായി തോന്നിയ ഏതെങ്കിലും ഒരു കോഴ്‌സ് തെരഞ്ഞെടുക്കുകയും ചെയ്യുന്ന സമയമാണിത്.

 

സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ മുഖേന കെണിയിലകപ്പെടുന്നവരും സമൂഹത്തില്‍ ധാരാളമുണ്ട്. ഈ കെണി മനസിലാകുമ്പോഴേക്ക് വിദ്യാര്‍ഥി ജീവിതത്തിലെ വലിയൊരു ഭാഗം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട്, അഭിരുചിക്കും ആഗ്രങ്ങഹള്‍ക്കും വലിയ പ്രാധാന്യം കൊടുത്ത്, പഠിക്കാന്‍ പോകുന്ന കോഴ്‌സ് എത്രത്തോളം തനിക്കനുയോജ്യമാണെന്നും കിട്ടാന്‍ പോകുന്ന ജോലിയില്‍ എത്രത്തോളം വിജയിക്കാനും ആസ്വദിക്കാനും കഴിയുമെന്നും ആലോചിക്കുന്നത് നന്നായിരിക്കും. ഒപ്പം, ജോലി സാധ്യതയും വലിയൊരു ഘടകമാണ്.
കോളജിന്റെ വലിപ്പവും യൂനിഫോമിന്റെ ഭംഗിയും കൂട്ടുകാരുടെ സാമീപ്യവുമായിരിക്കരുത് കോഴ്‌സുകളും കലാലയങ്ങളും തെരഞ്ഞെടുക്കുന്നതില്‍ നമ്മുടെ മാനദണ്ഡം. അത്തരം വികാരപരമായ തീരുമാനങ്ങളെടുക്കുന്നതിനു പകരം വിചാരപരമായി തീരുമാനമെടുക്കാനാണ് ഓരോ വിദ്യാര്‍ഥിയും രക്ഷിതാവും ശ്രദ്ധിക്കേണ്ടത്. ഭക്ഷണവും വസ്ത്രവും മറ്റു സൗകര്യങ്ങളും നല്‍കുന്നതോടൊപ്പം അവരുടെ കരിയര്‍ തെരഞ്ഞെടുക്കുന്നതിലും കുട്ടികള്‍ക്കു രക്ഷിതാക്കളുടെ സഹായം ആവശ്യമാണ്. ഇവിടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഉചിതമല്ല. അവരുടെ ആഗ്രഹങ്ങളനുസരിച്ചു തിരിച്ചറിവോടെ തീരുമാനമെടുക്കാന്‍ രക്ഷിതാവിനു സാധിക്കണം.
രക്ഷിതാവ് ചിന്തിക്കുന്നതു പോലെയാകില്ല വിദ്യാര്‍ഥികള്‍ ചിന്തിക്കുന്നത്. ഒന്നില്‍കൂടുതല്‍ മക്കളുള്ളവര്‍ അവരെയൊന്നു ശ്രദ്ധിച്ചുനോക്കൂ, അവരെല്ലാം വ്യത്യസ്തമായി ചിന്തിക്കുന്നു.
ലോകത്തുള്ള ഒരോ വ്യക്തിയും വ്യത്യസ്തമായാണ് ചിന്തിക്കുന്നത്.

 

ആ വ്യത്യാസത്തെ തിരിച്ചറിയേണ്ടതുണ്ട്. അവരൊക്കെ വ്യത്യസ്തരാണെന്നറിഞ്ഞിട്ടും ഒരുപോലെയാണ് പരിചരണവും സ്‌നേഹവും നല്‍കുന്നത്. എല്ലാ മക്കളെയും ഒരുപോലെ പരിചരിക്കാനും സ്‌നേഹിക്കാനും കഴിയുന്നുവെന്ന് അഭിമാനിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിയെയും അറിയുകയും അവനാവശ്യമായതു കൊടുക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ രക്ഷിതാവ്.

 
പരിമിതമായ അറിവു വച്ചുകൊണ്ട് ഒരിക്കലും തീരുമാനങ്ങളെടുക്കരുത്. തനിക്ക് നേടാന്‍ കഴിയാതെ പോയതു തന്റെ മക്കളിലുടെ നേടണമെന്നുള്ള ആഗ്രഹം, പലപ്പോഴും അബദ്ധമാകും. ഇവിടെ നമ്മുടെ കുട്ടികളെ തിരിച്ചറിയുകയും അവരുടെ ആഗ്രഹങ്ങള്‍ ചോദിച്ചറിയുകയും അതിനെക്കുറിച്ചു ധാരാളം സംസാരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി ഒരു കൗണ്‍സിലറുടെ സഹായം തേടുന്നതും നന്നായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.