2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

രക്ഷാപ്രവര്‍ത്തനം: ജനപങ്കാളിത്ത പദ്ധതി വേണമെന്ന് ഫയര്‍ഫോഴ്‌സ്

കൊച്ചി: രക്ഷാപ്രവര്‍ത്തനത്തിന് പൊതുജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസസ് ഡയരക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍. 

പ്രളയമുഖത്ത് കേരളത്തിന്റെ ഏറ്റവും വലിയ ശക്തി സമൂഹത്തിന്റെ അവസരോചിതമായ ഇടപെടലായിരുന്നു. അഗ്നിശമനസേനാംഗങ്ങളുള്‍പ്പെടെയുള്ളവര്‍ക്കൊപ്പം മാതൃകാപരമായ ഉത്തരവാദിത്തമാണ് സമൂഹം നിറവേറ്റിയത്.
സമൂഹത്തിന്റെ പ്രവര്‍ത്തനത്തെ ക്രിയാത്മകമായി ശക്തിപ്പെടുത്താന്‍ കഴിയണം. ഇതിനായി നിലവിലുള്ള കമ്മ്യൂണിറ്റി റസ്‌ക്യൂ വോളന്റിയര്‍ സ്‌കീം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസസ് എറണാകുളം മേഖലയുടെ ആഭിമുഖ്യത്തില്‍ പ്രളയമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ എണ്ണൂറോളം വരുന്ന സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലും അങ്കമാലിയിലും പറവൂരിലുമൊക്കെ സ്വന്തം ജീവന്‍പോലും വകവയ്ക്കാതെയാണ് അഗ്നിശമനസേന പ്രവര്‍ത്തിച്ചത്. ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ പോയ സേനാംഗങ്ങളുടെ നേര്‍ക്ക് മറ്റൊരു ഉരുള്‍പൊട്ടല്‍ പൊടുന്നനെ വന്നപ്പോള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നിക്കല്‍ ഡയരക്ടര്‍ ആര്‍. പ്രസാദ് അധ്യക്ഷനായി. സേനാംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഡോ.തോമസ് മാത്യു, വി.ജെ ആന്‍ഡ്രു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. എറണാകുളം ഡിവിഷന്‍ ഫയര്‍ ഓഫിസര്‍ പി. ദിലീപ്, ഇടുക്കി ഫയര്‍ ഓഫിസര്‍ റെജി വി. കുര്യാക്കോസ്, എ.എസ് ജോജി ,ബി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രളയത്തില്‍ അകപ്പെട്ട 12,900 പേരെയാണ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. ഒറ്റപ്പെട്ട് കഴിഞ്ഞ 33,000 പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.