2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

യെച്ചൂരി പറഞ്ഞതാണ് ശരി: മദ്യനയം വ്യക്തമാക്കി വി.എസ്

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: മദ്യനയത്തില്‍ സി.പി.എം സംസ്ഥാന ഘടകത്തിന്റെ പൊതു നിലപാടു തള്ളി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയം. ഇതുതന്നെയാണ് എല്‍.ഡി.എഫിന്റെ മദ്യനയമെന്നും വി.എസ് പറയുന്നു. മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടു വരികയും മദ്യവര്‍ജനം നടപ്പാക്കുകയുമാണ് ആ നയമെന്ന് വി.എസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അടച്ച ബാറുകള്‍ തുറക്കുകയില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതും ഈ നയം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ കാണുന്നത്.

ഇവിടെ എവിടെയാണ് ആശയക്കുഴപ്പം? എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരു പുതിയ ബാറും തുറക്കുകയില്ല. നിലവിലുള്ള മദ്യവിതരണ സമ്പ്രദായം അഴിച്ചുപണിയും. മദ്യത്തിന്റെ ഉപഭോഗം യഥാര്‍ഥത്തില്‍ കുറയ്ക്കാനുള്ള അഴിച്ചുപണിയായിരിക്കും ഇത്. ബാറുകളെല്ലാം ഒറ്റയടിക്കു പൂട്ടുകയല്ല വേണ്ടത്. മദ്യവര്‍ജനത്തിനു സഹായകമായ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുകയും അതിനുള്ള പ്രചാരവേല സംഘടിപ്പിക്കുകയുമാണ് വേണ്ടതെന്നും വി.എസ് പറയുന്നു.

പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന യെച്ചൂരിയുടെ നിലപാട് പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്ന സൂചന കഴിഞ്ഞ ദിവസം പാര്‍ട്ടി പി.ബി അംഗം പിണറായി വിജയന്‍ നല്‍കിയിരുന്നു. ഇതു ചര്‍ച്ചയായതിനെ തുടര്‍ന്നു പിന്നീടു തിരുത്തിയെങ്കിലും യെച്ചൂരി പറഞ്ഞതല്ല സംസ്ഥാന ഘടകത്തിന്റെ നയമെന്നു വ്യക്തമാണ്. കേരളത്തിലെ സാഹചര്യം വ്യക്തമായി അറിയാതെയാണ് യെച്ചൂരിയുടെ നിലപാടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പറയുന്ന മദ്യനയം യെച്ചൂരിയുടെ നയത്തെ അതേപടി ശരിവയ്ക്കുന്നതുമല്ല.

യെച്ചൂരി പറഞ്ഞത്

കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയം തിരുത്തില്ല. പൂട്ടിയ ഒരു ബാറും തുറക്കില്ല. മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരണമെന്നാണ് സി.പി.എം നിലപാട്. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കും. മദ്യ ഉപഭോഗം ഇനിയും എങ്ങനെ കുറയ്ക്കാമെന്നാണ് ആലോചിക്കുന്നത് ”

പ്രകടനപത്രികയിലുള്ളത്

ബാറുകളിലൂടെയുള്ള വീര്യം കൂടിയ മദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിയെങ്കിലും മദ്യ ഉപഭോഗം കൂടിയെന്നാണ് എല്‍.ഡി.എഫിന്റെ കണ്ടെത്തല്‍. മദ്യ ഉപഭോഗം ക്രമേണ കുറയ്ക്കുന്നതിനും മദ്യ വര്‍ജനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ തുടങ്ങുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.