2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

യൂത്ത് കോണ്‍ഗ്രസ് നേതാവിന് കോണ്‍ഗ്രസ് നേതാവിന്റെ ക്രൂരമര്‍ദനം

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡി.സി.സി ജനറല്‍ സെക്രട്ടറിയും കൂട്ടാളിയും ചേര്‍ന്ന് മര്‍ദിച്ചവശനാക്കി. പെരുങ്കടവിള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇടവനിക്കര ജയനാണ് ക്രൂരമര്‍ദനമേറ്റത്.
ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷിനെ കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്തു.
സുരേഷിന്റെ സഹോദരന്‍ മാരായമുട്ടം സഹകരണ ബാങ്ക് ഭരണസമിതിയുടെ മുന്‍ പ്രസിഡന്റാണ്. അക്കാലത്തു നടന്ന അഴിമതിയെക്കുറിച്ച് ജയന്‍ വിജിലന്‍സിനടക്കം പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.
പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരന്‍മാരും പല തവണ ജയനെ സമീപിച്ചിരുന്നുവെന്നും അതിനു വഴങ്ങാത്തതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിനു പിന്നിലെന്നുമാണ് വിവരം.
മൂന്നാം തിയതി 11 മണിയോടെ ബാങ്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സുരേഷും സുഹൃത്ത് രാജീവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രാജീവാണ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത്.
ബോധംകെട്ടു വീണ ജയനെ മാരായമുട്ടം സുരേഷ് ക്രൂരമായി മര്‍ദിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. ജയനെ ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് സുരേഷ് അടക്കം നാലു പേര്‍ക്കെതിരേ വധശ്രമത്തിനു പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സുരേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാനെ ചുമതലപ്പെടുത്തിയതായും കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.