2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

യു.പി.എ കാലത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രം പിന്‍വലിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ ഭരണകാലത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. 2006-2007 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് രംഗം 10.08 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
റിപ്പോര്‍ട്ട് പിന്‍വലിക്കാനുണ്ടായ ന്യായീകരണവും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഔദ്യോഗികമായിരുന്നില്ല. യഥാര്‍ഥ റിപ്പോര്‍ട്ട് ഉടന്‍ പുറപ്പെടുവിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലെ ആഭ്യന്തരോല്‍പാദനത്തെ (ജി.ഡി.പി) അടിസ്ഥാനപ്പെടുത്തി തയാറാക്കിയ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച കണക്കുകളുള്ളത്.
സ്റ്റാറ്റിസ്റ്റിക്‌സ്പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ജൂലായ് 25ന് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. 1991 ലെ സാമ്പത്തിക ഉദാരീകരണ നയത്തിനു ശേഷം രാജ്യം കൈവരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് 2006-2007 കാലത്തേതെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെബ്‌സൈറ്റില്‍ ആദ്യം പ്രസിദ്ധീകരിച്ചിരുന്നിടത്തുനിന്ന് റിപ്പോര്‍ട്ട് നീക്കംചെയ്യുകയും കരട് റിപ്പോര്‍ട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു.
മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്‌പോര് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് പിന്‍വലിക്കപ്പെട്ടതെന്നാണ് സൂചന.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.