2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യു.പിയെ ഇളക്കിമറിച്ച് പ്രിയങ്കയുടെ റോഡ്‌ഷോ

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശോജ്വല തുടക്കം. ലഖ്‌നൗവില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ്‌ഷോ നടത്തിയ പ്രിയങ്കയെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് വരവേറ്റത്.
ഇന്നലെ രാവിലെ ലഖ്‌നൗ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിക്കും പശ്ചിമ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യക്കുമൊപ്പമാണ് പ്രിയങ്ക പ്രചാരണ പരിപാടികള്‍ക്കായി എത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പ്രിയങ്കക്കൊപ്പം റോഡ്‌ഷോയുടെ ഭാഗമായി.
വിമാനത്താവളത്തില്‍ നിന്ന് യു.പി.സി.സി ആസ്ഥാനത്തേക്കായിരുന്നു യാത്ര. വഴിനീളെ വന്‍ജനക്കൂട്ടമാണ് പൂക്കളും മൂവര്‍ണപ്പതാകയും കൈയിലേന്തി പ്രിയങ്കയെ എതിരേറ്റത്. ഇന്ദിരാഗാന്ധിയുടെയും പ്രിയങ്കയുടെയും പോസ്റ്ററുകള്‍ നഗരവീഥികളില്‍ വ്യാപകമായി പതിച്ചിരുന്നു. പാര്‍ട്ടി പതാകയുടെ നിറത്തില്‍ അലങ്കരിച്ച തുറന്ന വാഹനത്തിലാണ് പ്രിയങ്കയും രാഹുലും മറ്റ് നേതാക്കളും റോഡ്‌ഷോയുടെ ഭാഗമായി സഞ്ചരിച്ചത്.
1991ന് ശേഷം യു.പിയില്‍ ആശാവഹമായ ഒരു നേട്ടവുമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ രംഗത്തിറക്കി കോണ്‍ഗ്രസ് നിര്‍ണായക നീക്കത്തിന് തുടക്കംകുറിച്ചത്. റായ്ബറേലിക്കും അമേഠിക്കും പുറത്ത് പ്രിയങ്ക റോഡ്‌ഷോ നടത്തുന്നത് ഇതാദ്യമായാണ്. കൈവീശിയും കൈകൂപ്പിയും വിജയമുദ്ര കാണിച്ചും പ്രിയങ്ക ജനങ്ങളെ അഭിവാദ്യം ചെയ്തു.
റാലിയോടെ പ്രിയങ്ക തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രിയങ്കയുടെ വ്യക്തിപ്രഭാവം സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയും യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗൊരഖ്പുരും ഉള്‍പ്പെടുന്നു. ഇവിടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതടക്കമുള്ള ചുമതല പ്രിയങ്കക്കാണ്. ഹസ്രത്ഗഞ്ച്, അലാം ബാഗ്, ലാല്‍ബാഗ് തുടങ്ങി 28 സ്ഥലങ്ങളിലൂടെ റോഡ്‌ഷോ കടന്നുപോയി. സര്‍ദാര്‍ പട്ടേല്‍, ബി.ആര്‍ അംബേദ്കര്‍, മഹാത്മാ ഗാന്ധി എന്നിവരുടെ പ്രതിമകളില്‍ രാഹുലും പ്രിയങ്കയും ഹാരാര്‍പ്പണം നടത്തി. അതിനിടെ, രാഷ്ട്രീയപ്രവേശനത്തിന്റെ ആദ്യഘട്ടമായി ട്വിറ്ററില്‍ വെരിഫൈഡ് പേജും പ്രിയങ്കയുടേതായി തയാറായി. ഇതുവരെ ട്വീറ്റ് ചെയ്തിട്ടില്ലെങ്കിലും 67,000ല്‍ അധികം ഫോളോവേഴ്‌സിനെ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയമായിരുന്നു. രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനം രണ്ട് ശതമാനം മാത്രമായിരുന്നു. ഇത്തരം സാഹചര്യത്തിലാണ് പ്രിയങ്കയെ രംഗത്തിറക്കി കോണ്‍ഗ്രസ് പുതിയ പരീക്ഷണത്തിന് തുടക്കംകുറിച്ചത്. 30 കി.മീറ്റര്‍ ദൂരത്തിലാണ് ഇന്നലെ റോഡ്‌ഷോ സംഘടിപ്പിച്ചത്. പ്രിയങ്കയും സിന്ധ്യയും 12,13,14 തിയതികളിലായി ലഖ്‌നൗവിലെ പാര്‍ട്ടി ഓഫിസില്‍ പ്രവര്‍ത്തകരുമായി സംവദിക്കും.
കൂടാതെ കിഴക്കന്‍ യു.പിയിലെ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. റോഡ്‌ഷോയുടെ ഭാഗമായി വിവിധ ഇടങ്ങളില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ മോദിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്.
രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായ രീതിയില്‍ പണം കവര്‍ന്നു. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുന്നതുവരെ വിശ്രമമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.