2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

യു.പിയില്‍ സര്‍വശക്തിയും ഉപയോഗിച്ച് കോണ്‍ഗ്രസ് മത്സരിക്കുമെന്ന് രാഹുല്‍

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി പാര്‍ട്ടികളുമായുള്ള സഖ്യസാധ്യതക്കുള്ള വാതില്‍ അടഞ്ഞെങ്കിലും തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ശക്തിയും ഉപയോഗപ്പെടുത്തിയായിരിക്കും കോണ്‍ഗ്രസ് മത്സരിക്കുകയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
തെരഞ്ഞെടുപ്പ് രംഗത്ത് മുന്നില്‍നിന്നുതന്നെയായിരിക്കും പാര്‍ട്ടി മത്സരിക്കുക. ഒരിക്കല്‍പോലും പിന്നോട്ടുപോയുള്ള ഒരു മത്സരമായിരിക്കില്ല ഇതെന്നും ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
എസ്.പിയും ബി.എസ്.പിയുമായും കോണ്‍ഗ്രസിന് ഒരു തരത്തിലുള്ള ശത്രുതയുമില്ല. കോണ്‍ഗ്രസിന്റെ ആശയങ്ങളുമായി ആ പാര്‍ട്ടികള്‍ക്കും വിവിധ തലങ്ങളില്‍ യോജിക്കാന്‍ കഴിയും.
അതോടൊപ്പം തന്നെ മായാവതിയെയും അഖിലേഷിനെയും ഒരുപോലെ താന്‍ മാനിക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. ആവശ്യമുള്ള സ്ഥലങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയാറാണ്.
ഇക്കാര്യത്തില്‍ അവരുമായി ഏത് സമയത്തും ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് ജന.സെക്രട്ടറിയായി നിയോഗിച്ചതിനെതിരേ ബി.ജെ.പി വിമര്‍ശനവുമായി രംഗത്തെത്തി.
മഹാസഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയ സാഹചര്യത്തിലാണ് കുടുംബാധിപത്യം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തയാറായത്. പ്രിയങ്കയെ പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ടുവന്നത് രാഹുലിന്റെ പരാജയം തിരിച്ചറിഞ്ഞാണെന്നും ബി.ജെ.പി വക്താവ് സാംബിത് പത്ര പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.