2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

യു.പിയില്‍ റിട്ട. പൊലിസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് കൊലപ്പെടുത്തി

അലഹബാദ്: ഉത്തര്‍പ്രദേശില്‍ റിട്ട. പൊലിസ് ഉദ്യോഗസ്ഥനെ മൂന്നംഗ സംഘം മര്‍ദിച്ച് കൊലപ്പെടുത്തി. 70 വയസ് പ്രായമുള്ള അബ്ദുല്‍ സമദ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. മര്‍ദനമേറ്റ് രക്തം വാര്‍ന്ന് ഇയാള്‍ ഏതാനും സമയം റോഡില്‍ കിടന്നിരുന്നു. അക്രമികള്‍ ഇയാളുടെ ഒരുകൈ ഛേദിക്കുകയും ചെയ്തിട്ടുണ്ട്. നടുറോഡില്‍ കിടന്ന ഇയാളെ ആരും തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.
തിങ്കളാഴ്ച രാവിലെയായിരുന്നു ഇയാള്‍ക്കുനേരെ ആക്രമണം ഉണ്ടായത്. റിട്ട. സബ് ഇന്‍സ്‌പെക്ടറായ സമദ് ഖാന്‍ തന്റെ സൈക്കിളില്‍ പോകുമ്പോള്‍ ചുവന്ന ഷര്‍ട്ടിട്ട ഒരാള്‍ വന്ന് ഇയാളെ അടിക്കുന്ന ദൃശ്യം അടുത്തുള്ള സി.സി.ടി.വി കാമറയില്‍ കാണുന്നുണ്ട്. തുടര്‍ന്ന് റോഡില്‍ വീണ ഇയാളെ മറ്റ് രണ്ടുപേര്‍കൂടി എത്തി മര്‍ദിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഇയാളില്‍ നിന്ന് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടായില്ല. ഇയാള്‍ അവശനിലയിലായെന്ന് കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പൊലിസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസിലെ മുഖ്യപ്രതി ജുനൈദ് എന്ന ആളാണെന്ന് പൊലിസ് പറയുന്നു. വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ പത്തിലധികം കേസുകളുണ്ട്. പ്രതികളിലൊരാളായ മുഹമ്മദ് യൂസഫ് എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമദ്ഖാന്റെ ഉടമസ്ഥതയിലുള്ള ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇയാളുടെ സഹോദരന്‍ അബ്ദുല്‍ വാഹിദ് പൊലിസില്‍ മൊഴി നല്‍കി. പ്രതികളില്‍ നിന്ന് നിരവധി തവണ സഹോദരന് ഭീഷണിയുണ്ടായിരുന്നുവെന്നും വാഹിദ് പറഞ്ഞു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.