2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

യു.പിയില്‍ ബി.ജെ.പി സഖ്യത്തില്‍നിന്ന് എസ്.ബി.എസ്.പിയും പുറത്തേക്ക്

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സഖ്യം ഉപേക്ഷിക്കുമെന്ന ഭീഷണിയുമായി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി). ഈ മാസം 24ന് മുന്‍പ് സാമൂഹിക നീതി കമ്മിറ്റി ശുപാര്‍ശ ചെയ്ത നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ലെങ്കില്‍ മുന്നണി വിട്ട് എസ്.പി-ബി.എസ്.പി സഖ്യത്തിനൊപ്പം ചേരുമെന്നാണ് പാര്‍ട്ടി അധ്യക്ഷനും സംസ്ഥാന പിന്നാക്ക ക്ഷേമ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭാറിന്റെ മകനും ജനറല്‍ സെക്രട്ടറിയുമായ അരുണ്‍ രാജ്ഭാര്‍ ഭീഷണി മുഴക്കിയത്.

തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ബി.ജെ.പി തയാറായിട്ടില്ലെങ്കില്‍ ഈ മുന്നണി വിട്ട് ബി.ജെ.പി വിരുദ്ധ മുന്നണിയിലേക്ക് പോകാന്‍ മടിയില്ല. നിരന്തരമായി പാര്‍ട്ടി ആവശ്യപ്പെടുന്നതാണ് സാമൂഹിക നീതി കമ്മിറ്റി ശുപാര്‍ശ നടപ്പാക്കണമെന്നത്. എന്നാല്‍ ആവശ്യം അംഗീകരിക്കുന്നതല്ലാതെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇത് അവസാന മുന്നറിയിപ്പാണ്. ശുപാര്‍ശ നടപ്പാക്കാന്‍ തയാറായില്ലെങ്കില്‍ ഈ മുന്നണിയില്‍ നില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറുമാസം മുന്‍പ് ശുപാര്‍ശ നടപ്പാക്കുമെന്ന് ബി.ജെ.പി ഉറപ്പ് നല്‍കിയതായിരുന്നു. എന്നാല്‍ ഇതുവരെ അതുണ്ടായില്ല. കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പിന്നാക്കക്കാരായവരെ മൂന്ന് കാറ്റഗറിയിലായി തിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 44 ശതമാനം പേര്‍ പിന്നാക്കക്കാരാണ്. രാഷ്ട്രീയ രംഗത്ത് ഇവരുടെ നിലപാട് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ പൗരത്വ ഭേഗഗതി ബില്‍ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് അസമില്‍ അസം ഗണപരിഷത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി വിട്ടിരുന്നു. മണിപ്പൂരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടും ബില്ലിനെതിരേ കടുത്ത പ്രതിഷേധത്തിലാണ്. ബിഹാറില്‍ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേരത്തെ തന്നെ മുന്നണി വിട്ടിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര എച്ച്.ആര്‍.ഡി മന്ത്രിയുമായ ഉപേന്ദ്ര കുശ്‌വാഹ രാജിവയ്ക്കുകയും ചെയ്തിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.