2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന സഭാസമ്മേളനം നാളെ

ബജറ്റിന്‍മേല്‍ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച 2016-17 ബജറ്റിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന്. ബാര്‍ കോഴയും സോളാര്‍ വിഷയവും പ്രതിപക്ഷം നിയമസഭയില്‍ എത്തിച്ചതോടെയാണ് സര്‍ക്കാരിന്റെ അവസാന ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കാതെ പോയത്. എങ്കിലും പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ മുഖ്യമന്ത്രി ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പ്രസംഗം നടത്തി. ഇന്ന് ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ബില്ലും പരിഗണിക്കും.
ഇതിനായി അധികസമയം മാറ്റിവച്ചിട്ടുണ്ട്. ബജറ്റിലേക്കുള്ള അന്തിമ ധനാഭ്യര്‍ഥനകളുടെ ധനവിനിയോഗ ബില്‍, വോട്ട് ഓണ്‍ അക്കൗണ്ട് ധനവിനിയോഗബില്‍ എന്നിവയും പരിഗണിക്കും.
സബ്ജക്ട് കമ്മിറ്റികള്‍ റിപ്പോര്‍ട്ടു ചെയ്ത പ്രകാരമുള്ള അങ്കണവാടി ക്ഷേമനിധി ബില്‍, ഭൂനികുതി ഭേദഗതി ബില്‍ എന്നിവയും ഇന്നു പാസാക്കും. ഇതോടെ പതിമൂന്നാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം നാളെ അവസാനിക്കും.
യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റും അവസാന നിയമസഭാ സമ്മേളവുമാണ് നാളെ അവസാനിക്കുന്നത്. ഇനി പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനായിരിക്കും നിയമസഭാ സമ്മേളനം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റ് എല്ലാ മേഖലയിലുള്ളവര്‍ക്കും പ്രത്യേക പരിഗണ നല്‍കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാര്‍ നിരവധി അഴിമതി ആരോപണ കേസുകള്‍ക്കും സമരപരമ്പരകള്‍ക്കും ഇടയിലൂടെയാണ് ഭരണം പൂര്‍ത്തിയാക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്നു ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു- പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര. മുന്‍ ഭക്ഷ്യമന്ത്രി ടി.എം. ജേക്കബിന്റെ മരണത്തോടെയായിരുന്നു പിറവം ഉപതെരഞ്ഞെടുപ്പ്. ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായി നിയമസഭയിലെത്തി.
ശെല്‍വരാജ് എം.എല്‍.എ. സി.പി.എം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതോടെയാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ശെല്‍വരാജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വീണ്ടും നിയമസഭയിലെത്തി. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തോടെയാണ് അവസാന ഉപതെരഞ്ഞെടുപ്പ് അരുവിക്കരയില്‍ നടന്നത്. ഇവിടെയും കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥ് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലെത്തി. ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍. ശക്തന്‍ സ്പീക്കറായി. ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവിയേയും തെരഞ്ഞെടുത്തു. സഭാനടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ പ്രതിപക്ഷത്തെ അഞ്ച് എം.എല്‍.എമാരെ സ്പീക്കര്‍ക്ക് സസ്‌പെന്റു ചെയ്യേണ്ടിവന്നതും പ്രധാന സംഭവങ്ങളില്‍പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.