
ദുബൈ: യു.എ.ഇയെ തോല്‍പ്പിച്ച് ഹോങ്കോങ് ഈ മാസം നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന് യോഗ്യത നേടി. മഴകാരണം 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ യു.എ.ഇ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു. എന്നാല്‍ വിക്കറ്റുകള്‍ നഷ്ടമായിട്ടും അവസാന ഓവറുകളിലെ തിരിച്ചുവരവ് ഹോങ്കോങ്ങിന് ടൂര്‍ണമെന്റിലേക്കുള്ള അവസരം നല്കി. മഴയെത്തുമ്പോള്‍ 65ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയായിരുന്നു യു.എ.ഇ. പിന്നീട് 24 ഓവറുകളാക്കി കളി ചുരുക്കി. ഓപ്പണര്‍ മുഹമ്മദ് അഷ്ഫാഖ് അഹമ്മദ് 51 പന്തില്‍ 79 റണ്‍സെടുത്തു. ഹോങ്കോങ്ങിന്റെ ഐസാസ് ഖാന് 28 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ് വീഴ്ത്തിയിരുന്നു. നിശ്ചിത 24 ഓവറില്‍ യു.എ.ഇ 176 റണ്‍സെടുത്തപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഹോങ്കോങ്ങിന് ജയിക്കാന്‍ 179 റണ്‍സ് എന്ന് പുനര്‍നിശ്ചയിച്ചു.
തുടക്കത്തില്‍തന്നെ രണ്ടണ്ടുവിക്കറ്റ് നഷ്ടമായ ഹോങ്കോങ് ഒരവസരത്തില്‍ 7 വിക്കറ്റിന് 147 എന്ന നിലയിലായിരുന്നു. എന്നാല്‍ കളിയുടെ 22-ാം ഓവറില്‍ തന്‍വീര്‍ അഫ്സലിന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് ടീമിനെ തിരികെയെത്തിച്ചത്. അവസാന ഓവര്‍വരെ കളി നീണ്ടെണ്ടങ്കിലും വിജയം ഹോങ്കോങ്ങിനൊപ്പമായി. ഗ്രൂപ്പ് എ യില്‍ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പമാണ് ഹോങ്കോങ് കളിക്കുക. അതേസമയം, ഏഷ്യാ കപ്പില്‍ ടീമുകളെല്ലാം തുല്യരാണെന്നാണ് ബംഗ്ലാദേശ് നായകന് മഷ്റഫ് മുര്‍തസ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മൂന്ന് സീസണുകളിലും ബംഗ്ലാദേശ് ഫൈനല്‍ കളിച്ചെങ്കിലും കപ്പ് നേടാന്‍ സാധിച്ചിട്ടില്ല.
ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാന്, ശ്രീലങ്ക എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലാദേശുള്ളത്. മറ്റുള്ള രണ്ട് ടീമുകളും ശക്തരാണെന്നറിയാം. എന്നാലും ഇത്തവണ ബംഗ്ലാദേശ് മികച്ച പ്രകടനം നടത്തുമെന്നതില്‍ സംശയമില്ലെന്ന് മുര്‍തസ പറഞ്ഞു. മികച്ച ഫോമിലുള്ള അഫ്ഗാനിസ്ഥാനെ കരുതിയിരിക്കണമെന്നും മുര്‍തസ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 18ന് ഹോങ്കോങ്ങുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. തൊട്ടടുത്ത ദിവസം പാകിസ്താനുമായാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം.