2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

യു.എസ് സ്റ്റേറ്റ് സെക്രട്ടറി പാകിസ്താനില്‍: തീവ്രവാദം ചര്‍ച്ചയായേക്കും

 

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്താനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇസ്‌ലാമാബാദിലെത്തി.
പാകിസ്താന് യു.എസ് നല്‍കിയിരുന്ന 30 കോടി ഡോളറിന്റെ സൈനിക സഹായം റദ്ദാക്കിയതിന് പിന്നാലെയാണ് പോംപിയോയുടെ സന്ദര്‍ശനം.
ഇമ്രാന്‍ ഖാന്‍ അധികരാമേറ്റെടുത്തതിന് ശേഷം യു.എസ് ഉന്നത നേതൃത്വവുമായി പാകിസ്താന്‍ നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജോസഫ് ഡണ്‍ഫോര്‍ഡും പോംപിയോയെ അനുഗമിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറൈഷിയുമായും ഇരുവരും ചര്‍ച്ച നടത്തും.
കൂടാതെ പാകിസ്താന്‍ സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ്‌വയുമായി പോംപിയോ കൂടിക്കാഴ്ച നടത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിന് പാകിസ്താനിലെത്തിയ പോംപിയോ ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും.
യു.എസ്-പാകിസ്താന്‍ ബന്ധങ്ങളില്‍ നിരവധി വെല്ലുവിളികളുണ്ടെന്നും എന്നാല്‍ പൊതു ധാരണയിലെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പോംപിയോ പാകിസ്താനിലേക്കുള്ള യാത്രക്കിടെ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ ഭരണാധികാരിയാണ് പാക്‌സ്താനിലുള്ളത്. ഇരു രാജ്യങ്ങള്‍ക്കിടിയിലെ ബന്ധം പുന:ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദികള്‍ക്ക് അനുകൂലമായ നടപടികളാണ് പാകിസ്താന്‍ സ്വീകരിക്കുന്നതെന്നാണ് യു.എസിന്റെ ആരോപണം. ഹഖാനി ശൃംഖല, അല്‍ ഖാഇദ എന്നീ തീവ്രവാദ സംഘടനകള്‍ അഫ്ഗാനില്‍ അക്രമണം നടത്തുന്നതിന് പാകിസ്താന്‍ പിന്തുണക്കുന്നുണ്ടെന്നും യു.എസ് പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.