2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യു.എസ് ഓപ്പണ്‍ കിരീടത്തില്‍: ജാപ്പനീസ് മുത്തം

  • യു.എസ് ഓപ്പണ്‍ നേടുന്ന ആദ്യ ജപ്പാന്‍ താരമെന്ന നേട്ടം സ്വന്തമാക്കി നവോമി ഒസാക

വാഷിങ്ടണ്‍: യു എസ് ഓപണിന്റെ വനിതാ വിഭാഗത്തിന് ഇനി പുതിയ അവകാശി. ലോകത്തെ മികച്ച ഒന്നാം നമ്പര്‍ താരം സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു 20 വയസുകാരിയായ ജപ്പാന്‍ താരം നവോമി ചരിത്രമെഴുതിയത്.
6-2, 6-4 എന്ന സ്‌കോറിനായിരുന്നു നവോമിയുടെ ജയം. 24-ാം കിരീടം സ്വന്തമാക്കി മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്തുക എന്ന സെറീനയുടെ മോഹത്തിനാണ് ജപ്പാന്‍ താരം തടയിട്ടത്. ഒരു കുട്ടിയുടെ അമ്മയായതിന് ശേഷം മൂന്നാമത്തെ ഫൈനലിലാണ് സെറീനക്ക് കാലിടറുന്നത്. ഇതിന് മുമ്പ് രണ്ട് ഗ്രാന്റ്സ്ലാം ഫൈനലുകളിലും സെറീന പരാജയപ്പെട്ടിരുന്നു. വിംബിള്‍ഡനില്‍ സെറീന കെര്‍ബറോട് പരാജയപ്പെട്ടിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ജപ്പാനില്‍ നിന്നുള്ള ഒരു താരം യു. എസ് ഓപണിന്റെ കിരീടം സ്വന്തമാക്കുന്നത്. നവോമിയുടെ ഏറ്റവും ഇഷ്ടതാരമായ സെറീനയെ തന്നെ ഫൈനലില്‍ തോല്‍പിച്ചതിന്റെ ആവേശത്തിലാണ് നവോമി.
2016 മുതല്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ മത്സരിക്കാറുള്ള നവോമി 2017 ആസ്‌ത്രേലിയന്‍ ഓപണിലും 2017 വിംബിള്‍ഡനിലും 2016 യു. എസ് ഓപണിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതാദ്യമായാണ് ഒരു ഗ്ലാന്റ്സ്ലാം കിരീടം നവോമി സ്വന്തമാക്കുന്നത്. സസ്‌നോവിച്ച്, സെബലങ്ക, സുറങ്കോ, മാര്‍ട്ടിന്‍ കീസ് എന്നിവരെയെല്ലാം തോല്‍പിച്ചായിരുന്നു നവോമി ഫൈനലിലേക്ക് ചുവടുവെച്ചത്. ഫൈനലില്‍ വിംബിള്‍ഡിനിലെ കരുത്തയായ സെറീനയെ തോല്‍പിക്കാനായതില്‍ സന്തോഷമുണ്ടെന്നും നവോമി പറഞ്ഞു. അതേ സമയം ഫൈനലിനിടക്ക് സിറ്റിങ്ങ് അമ്പയര്‍ കാര്‍ലോസ് റാമോസ് സെറീനയുടെ പോയിന്റ് കുറച്ചതിന് സെറീനയും അമ്പയറും തമ്മില്‍ വാക്കേറ്റമുണ്ടായത് മത്സരത്തിന്റെ ശോഭ കെടുത്തി. സാധാരണ ഗ്രാന്റ്സ്ലാം മത്സരങ്ങള്‍ക്കിടെ കോച്ചിന്റെ നിര്‍ദേശം തേടുകയോ കോച്ച് നിര്‍ദേശം കൊടുക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ സെറീനയുടെ കോച്ച് സെറീനയോട് നെറ്റിന്റെ അടുത്തേക്ക് കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്ന് അമ്പയര്‍ വാദിച്ചു. പക്ഷെ സെറീന ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സെറീനയുടെ ഒരു പോയിന്റ് അമ്പയര്‍ കുറക്കുകയായിരുന്നു. പോയിന്റ് കുറച്ചതില്‍ ക്ഷുഭിതയായ സെറീന റാക്കറ്റ് പൊട്ടിക്കുകയും കയര്‍ക്കുകയും ചെയ്തതോടെ അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് സിറ്റിങ്ങ് അമ്പയര്‍ വീണ്ടും സെറീനയുടെ പോയിന്റ് കുറച്ചു. സംഭവവുമയി ബന്ധപ്പെട്ട് ഏറെ നേരം കളി തടസ്സപ്പെടുകയും ചെയ്തു. കാണികളായി എത്തിയവരെല്ലാം സെറീനയ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും മറ്റും സെറീനയെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. അമ്പയറിങ്ങിലെ പിഴവ് കാരണമാണ് സെറീനക്ക് കിരീടം നഷ്ടമായതെന്നും മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരുന്ന മത്സരത്തിന്റെ ആവേശം കെടുത്തുന്ന രീതിയിലാണ് അമ്പയര്‍ പെരുമാറിയതെന്നും സെറീനയുടെ പരിശീലകന്‍ പറഞ്ഞു. താന്‍ സെറീനയോട് മത്സരത്തിനിടക്ക് ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ചെറിയ രീതിയില്‍ താരങ്ങളോട് ആശയവിനിമയം നടത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നും പരിശീലകന്‍ മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മിക്‌സഡ് ഡബിള്‍സില്‍ മറ്റെക്- മുറെ സഖ്യം കിരീടം നേടി. അമേരിക്കന്‍ താരങ്ങളായ ബെഥാനി മറ്റെക് ജാമി മുറെ സഖ്യമാണ് കിരീടം നേടിയത്. ക്രൊയേഷ്യയുടെ താരം നിക്കോളാ മെക്കിട്ടിച്ച്, റഷ്യയുടെ റൊസാല്‍ക്ക എന്നിവരെയാണ് മുറെ സഖ്യം പരാജയപ്പെടുത്തിയത്. 2-6, 6-3,11-9 എന്ന സ്‌കോറിനായിരുന്നു മുറെ സഖ്യത്തിന്റെ ജയം.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.