2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യു.എസ് ഓപണ്‍ ടെന്നീസിനു ഇന്നു തുടക്കം

ന്യൂയോര്‍ക്ക്: സീസണിലെ അവസാന ഗ്രാന്‍ഡ് സ്ലാം ടെന്നീസ് പോരാട്ടമായ യു.എസ് ഓപണിനു ഇന്നു ന്യൂയോര്‍ക്കിലെ ബില്ലി ജീന്‍ കിങ് നാഷനല്‍ ടെന്നീസ് സെന്ററില്‍ തുടക്കമാകും. പുരുഷ, വനിത വിഭാഗങ്ങളിലെ പ്രമുഖരെല്ലാം കളത്തിലിറങ്ങുന്നുണ്ട്. ഇന്നു മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ്.
നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പറുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്, നിലവിലെ വിംബിള്‍ഡണ്‍ ചാംപ്യനും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമായ ബ്രിട്ടന്റെ ആന്‍ഡി മുറെ,  ഒളിംപിക് ഡബിള്‍സില്‍ സ്വര്‍ണം നേടി ഫോമിലേക്കെത്തിയ സ്പാനിഷ് താരം റാഫേല്‍ നദാല്‍ എന്നിവര്‍ തന്നെ ഇത്തവണയും ശ്രദ്ധേയര്‍. ഒപ്പം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, മരിയന്‍ സിലിച്ച്, മിലോസ് റാവോനിക്ക്, കെയ് നിഷികോരി, വില്‍ഫ്രഡ് സോങ തുടങ്ങിയ പ്രമുഖരും വെല്ലുവിളികളുമായുണ്ട്. അതേസമയം പരുക്കിനെ തുടര്‍ന്നു റിയോ ഒളിംപിക്‌സ് നഷ്ടമായ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ യു.എസ് ഓപണിലും കളിക്കില്ല. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് മുന്‍ ചാംപ്യനായ ഫെഡറര്‍ മാറി നില്‍ക്കുന്നത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചും ടൂര്‍ണമെന്റില്‍ കളിക്കുന്നില്ല.
വനിതാ വിഭാഗത്തില്‍ കഴിഞ്ഞ യു.എസ് ഓപണ്‍ സ്വന്തമാക്കി കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം നേടി വിരമിച്ച ഇറ്റലിയുടെ ഫ്‌ളാവിയ പെന്നെറ്റ ഇത്തവണ കളത്തിലിറങ്ങുന്നില്ല. അതേസമയം ഫൈനലില്‍ പെന്നെറ്റയോടു തോല്‍വി വഴങ്ങിയ നാട്ടുകാരിയായ റോബര്‍ട്ട വിന്‍സി പോരിനിറങ്ങും. ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസും കളത്തിലിറങ്ങുന്നുണ്ട്. റിയോ ഒളിംപിക്‌സിന്റെ സിംഗിള്‍സിലും ഡബിള്‍സിലും കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കാത്തതിന്റെ ക്ഷീണത്തിലാണ് സെറീനയുടെ വരവ്.
ഒരാഴ്ചക്കിടെ രണ്ടു ഡബിള്‍സ് കിരീടങ്ങള്‍ നേടിയ ആത്മവിശ്വാസവുമായാണ് ഇന്ത്യയുടെ സാനിയ മിര്‍സ എത്തുന്നത്. ഒപ്പം ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരമെന്ന പെരുമയും. സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം കഴിഞ്ഞ യു.എസ് ഓപണ്‍ കിരീടം നേടിയ സാനിയ പക്ഷേ ഇത്തവണ ചെക്ക് റിപ്പബ്ലിക്ക് താരം ബാര്‍ബറ സ്‌ട്രൈക്കോവയക്കൊപ്പമാണ് മത്സരിക്കുന്നത്. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ രോഹന്‍ ബൊപ്പണ്ണയാണ്. റൊമാനിയന്‍ താരം ഫ്‌ളോറിന്‍ മെര്‍ജിയക്കൊപ്പമാണ് രോഹന്‍ മത്സരിക്കാനിറങ്ങുന്നത്.
മിക്‌സ്ഡ് ഡബിള്‍സിലെ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സ് സ്വിസ് താരം മാര്‍ട്ടിന ഹംഗിസിനൊപ്പം കളിക്കാനിറങ്ങും. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാകേത് മൈനേി പുരുഷ സിംഗിള്‍സില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയിരുന്നു. കരിയറില്‍ ആദ്യമായാണ് സാകേത് ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിനു യോഗ്യത നേടുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News