2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യു.എസില്‍ കുടിയേറ്റനിയമങ്ങളില്‍ മാറ്റംവരുത്തി

 

വാഷിങ്ടണ്‍: യു.എസില്‍ കുടിയേറ്റ നിയമങ്ങളില്‍ വീണ്ടും മാറ്റംവരുത്തി. നിയമപരമായി കുടിയേറിയ ദരിദ്രര്‍ക്ക് അവരുടെ വിസാ കാലാവധി നീട്ടുന്നതിനോ സ്ഥിരമായ താമസം (ഗ്രീന്‍ കാര്‍ഡ്) ഉറപ്പുവരുത്തുന്നതിനോ ഇനി കൂടുതല്‍ ബുദ്ധിമുട്ടാകും. ഒരു വര്‍ഷത്തിലേറെയായി ഭക്ഷ്യസഹായം, വൈദ്യസഹായം, പൊതു ഭവനനിര്‍മാണ സഹായം പോലുള്ള ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന കുടിയേറ്റക്കാരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
ഭാവിയില്‍ സര്‍ക്കാര്‍ സഹായത്തെ ആശ്രയിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ അത്തരക്കാരുടെ അപേക്ഷകള്‍ നിരസിക്കപ്പെടും. ജനങ്ങളെ സ്വയം പര്യാപ്തമാക്കാനാണ് ഈ നടപടിയെന്ന് അധികൃതര്‍ പറയുന്നു. ‘പബ്ലിക് ചാര്‍ജ് റൂള്‍’ എന്നറിയപ്പെടുന്ന പുതിയ നിയന്ത്രണം തിങ്കളാഴ്ച ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 15 മുതല്‍ അത് പ്രാബല്യത്തില്‍ വരും.

യു.എസില്‍ ഇതിനകം സ്ഥിരതാമസക്കാരായ കുടിയേറ്റക്കാരെ പുതിയ ചട്ടം ബാധിക്കാന്‍ സാധ്യതയില്ല. യു.എസിലേക്കു കടക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന അഭയാര്‍ഥികളേയും ബാധിച്ചേക്കില്ല. എന്നാല്‍ വിസാ കാലാവധിയോ ഗ്രീന്‍ കാര്‍ഡോ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാകും.
വരുമാന മാനദണ്ഡങ്ങള്‍ പാലിക്കാത്തവരോ ഭാവിയില്‍ സര്‍ക്കാരിന്റെ ആരോഗ്യ- ഭവന സഹായങ്ങള്‍ ആവശ്യമായി വന്നേക്കാവുന്നവരോ ആണെങ്കില്‍ അവരെ രാജ്യത്ത് നിന്നു പുറത്താക്കാനാണ് നിയമം ലക്ഷ്യം വയ്ക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ യു.എസിലേക്ക് നിയമപരമായി കുടിയേറിയ 22 ദശലക്ഷം ആളുകളെ അത് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
അതിനിപുണരും ഉയര്‍ന്ന വരുമാനക്കാരുമായ കുടിയേറ്റക്കാര്‍ക്കു മാത്രം രാജ്യത്ത് സ്ഥിരതാമസം നല്‍കുകയെന്നതാണ് ട്രംപിന്റെ പദ്ധതി.

ഈ നടപടി താഴ്ന്ന വരുമാനക്കാരായ കുടിയേറ്റക്കാരെ അന്യായമായി ലക്ഷ്യമിടുന്നതായി പൗരാവകാശ സംഘടനകള്‍ പറഞ്ഞു. നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത് തടയാന്‍ ട്രംപ് ഭരണകൂടത്തിനെതിരേ കേസെടുക്കുമെന്ന് ദേശീയ ഇമിഗ്രേഷന്‍ ലോ സെന്റര്‍ (എന്‍.എല്‍.സി) അറിയിച്ചു. എന്നാല്‍ നിയമത്തെ ന്യായീകരിച്ചുകൊണ്ട് വൈറ്റ്ഹൗസ് രംഗത്തെത്തി. 2018ല്‍ 6,38,000 പേര്‍ക്ക് യു.എസില്‍ സ്ഥിരതാമസത്തിന് അനുവാദം നല്‍കുന്ന ഗ്രീന്‍കാര്‍ഡ് അനുവദിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.