2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.എസില്‍ ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിച്ചവര്‍ക്ക് പണമൊഴുകി

വാഷിങ്ടണ്‍: അമേരിക്കയിലെ ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്ക് 200 ദശലക്ഷം ഡോളര്‍ 2008- 2013 കാലത്ത് ലഭിച്ചതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ അനാദൊലു വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

അമേരിക്കയും ഇസ്‌ലാമും തമ്മിലുള്ള ബന്ധത്തിന് വേണ്ടി നിലകൊള്ളുന്ന കൗണ്‍സിലും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ലിംഗ- ജാതി സെന്ററുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ച 33 സംഘടനകള്‍ക്കാണ് ഇത്തരത്തില്‍ തുക ലഭിച്ചത്. 10 സംസ്ഥാനങ്ങളില്‍ 81 ഇസ്‌ലാംവിരുദ്ധ ബില്ലുകള്‍ അവതരിപ്പിച്ചത് റിപ്പബ്ലിക്കുകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുസ്‌ലിംകളെ ലക്ഷ്യമാക്കി 2015 ല്‍ 78 ആക്രമണങ്ങള്‍ നടന്നതായും മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം ഇരുപതും ഇരുപത്തിരണ്ടും ആയിരുന്നെന്നും കഴിഞ്ഞ വര്‍ഷം 17 പള്ളികള്‍ കേന്ദ്രീകരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സാന്‍ബെര്‍ണാഡിയോയിലും പാരിസിലുമുണ്ടായ തീവ്രവാദി ആക്രമങ്ങളേയും റിപ്പോര്‍ട്ട് സംശയത്തോടെ പരാമര്‍ശിക്കുന്നു. മുസ്‌ലിം സ്വതന്ത്രവ്യാപാരങ്ങള്‍ എന്ന പേരില്‍ പുതിയ ഒരു ഇസ്‌ലാംവിരുദ്ധ നീക്കം അമേരിക്കയില്‍ നടക്കുന്നുണ്ട്.

ഇസ്‌ലാംവിരുദ്ധ പ്രകടനങ്ങള്‍ അമേരിക്കയില്‍ വ്യാപകമാണെന്നും കഴിഞ്ഞ ജനുവരിയില്‍ ടെക്‌സാസില്‍ ഉണ്ടായ സംഭവം ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫെഡറല്‍ നിയമപ്രകാരം വിവേചനപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതാണ്. എന്നിട്ടും ന്യൂയോര്‍ക്കിലും ഫ്‌ളോറിഡയിലും പൊതുവായി ഇസ്‌ലാംവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.

2016 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിനോടുള്ള ഭയം മുഖ്യ വിഷയമായെന്നും നിരവധി സര്‍ക്കാരേതര പ്രവര്‍ത്തനങ്ങളെ അതു ബാധിച്ചുവെന്നും കൗണ്‍സില്‍ ഡയറക്ടര്‍ കോറി സയ്‌ലര്‍ പറഞ്ഞു.

വിദ്യാഭ്യാസവും ഗവേഷണവുമാണ് സമൂഹത്തില്‍ സാമൂഹികനീതി പ്രചരിപ്പിക്കാനുള്ള വഴിയെന്ന് ഇസ്‌ലാമോഫോബിയയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോക്ടര്‍ ഹാതിം ബാസിന്‍ പറഞ്ഞു. അമേരിക്കന്‍ സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആശയ വിനിമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.