2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

യു.എന്‍ വെളിപ്പെടുത്തുന്നു; മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ബി.ജെ.പിക്കു പങ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിം, ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്കും ആദിവാസി, ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ക്കു പങ്കെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി. ബി.ജെ.പി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു പ്രോത്സാഹനമാവുകയാണെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വംശീയത, വര്‍ഗീയത, ജാതി വിവേചനം തുടങ്ങിയവയുമായി ബന്ധപ്പെട്ട അസഹിഷ്ണുത സംബന്ധിച്ച് നിരീക്ഷിക്കുന്ന യു.എന്നിന്റെ പ്രത്യേക പ്രതിനിധി ടെന്‍ഡായ് അച്യൂമെ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങളുള്ളത്. അസഹിഷ്ണുത സംബന്ധിച്ച് അസ്വസ്ഥത നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിരീക്ഷണം വേണമെന്ന 2017ലെ യു.എന്‍ പൊതുസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.
മനുഷ്യാവകാശ തത്വങ്ങള്‍ക്കും വിവേചനമില്ലായ്മ, തുല്യത എന്നിവയ്ക്കും അതിദേശീയവാദ ശൈലി ഉയര്‍ത്തുന്ന വെല്ലുവിളിയാണ് റിപ്പോര്‍ട്ടിലെ പരിഗണനാ വിഷയം. ഇന്ത്യയില്‍ ആള്‍കൂട്ട ആക്രമണത്തിന്റെ മറവില്‍ ബി.ജെ.പി രഹസ്യ അജണ്ട നടപ്പാക്കുകയാണ്.
രാജ്യത്ത് മുസ്‌ലിംകളെയും ദലിതരെയും ലക്ഷ്യംവയ്ക്കുന്ന ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ബി.ജെ.പി നേതാക്കള്‍. മതന്യൂനപക്ഷങ്ങള്‍ക്കും കീഴാള, പിന്നാക്ക വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളും ഹിന്ദു ദേശീയവാദികളുടെയും ബി.ജെ.പിയുടെയും വിജയവും തമ്മില്‍ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. അസമിലെ പൗരത്വ പട്ടിക തയാറാക്കിയതു സംബന്ധിച്ച വിവാദങ്ങളും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
പൗരത്വ പട്ടികയില്‍നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയവാദി പാര്‍ട്ടികള്‍ ഭരണതലത്തില്‍ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നത് പല രാജ്യങ്ങളിലുമുള്ള പതിവാണ്. മത-വംശ-ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാരെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇങ്ങനെ ചെയ്യുക.
ഇന്ത്യയില്‍ ഇതു സംബന്ധിച്ച നടക്കുന്ന കാര്യങ്ങളില്‍ ആശങ്കയറിയിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ചരിത്രപരമായി തന്നെ വിദേശികളെന്ന് മുദ്രകുത്തപ്പെട്ട അസമിലെ ബംഗാളി വംശജരെക്കുറിച്ചുള്ള ആശങ്ക കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയില്‍ പേര് ഉള്‍പ്പെടുകയും തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തുവരികയും ചെയ്യുന്നവരുടെ പേരുകള്‍പോലും പുതിയ പൗരത്വ പട്ടികയിലില്ലെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട്, റിപ്പോര്‍ട്ട് യു.എന്‍ പൊതുസഭയ്ക്ക് അയച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.