2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

യുവേഫ നാഷന്‍സ് ലീഗ്: ഇംഗ്ലണ്ടിനെ തകര്‍ത്ത് സ്‌പെയിന്‍

 

ലണ്ടന്‍: സ്പാനിഷ് കരുത്തിന് മുന്നില്‍ ഇംഗ്ലണ്ടിന് അടിപതറി. യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളിലെ ലീഗ് എയില്‍ നടന്ന കരുത്തരുടെ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ വിജയം. ലീഗ് എയിലെ തന്നെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഐസ്‌ലന്റിനെ തകര്‍ത്തു. എതിരില്ലാത്ത ആറു ഗോളുകളാണ് ഷാക്കിരിയും സംഘവും എതിര്‍ വലയില്‍ അടിച്ചുകയറ്റിയത്.
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ഇംഗ്ലണ്ടിന്റെ തോല്‍വി. സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് 11ാം മിനുട്ടില്‍ തന്നെ റാഷ്‌ഫോര്‍ഡിന്റെ ഗോളില്‍ ലീഡെടുത്തു. ഇടതു ഭാഗത്ത് കൂടി പന്തുമായി കുതിച്ച ലൂക്ക് ഷോ ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് റാഷ്‌ഫോര്‍ഡ് ഫസ്റ്റ്‌ടൈം ഷോട്ടില്‍ വലയിലാക്കുകയായിരുന്നു. പക്ഷേ രണ്ടു മിനുട്ടിനുള്ളില്‍ തന്നെ ഗോള്‍ തിരിച്ചടിച്ചു സ്‌പെയിന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. 13ാം മിനുട്ടില്‍ ഡാനി കര്‍വഹാളിന്റെ പാസില്‍നിന്ന് സൗള്‍ ആണ് സ്‌പെയിനിന്റെ ഗോള്‍ നേടിയത്. ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മികച്ച സേവുകളിലൂടെ ഗോള്‍കീപ്പര്‍മാര്‍ ഇരു ടീമുകളുടെയും രക്ഷകരാവുകയായിരുന്നു.
32ാം മിനിറ്റില്‍ റോഡ്രിഗോ മൊറേനോയിലൂടെ ലീഡ് നേടിയ സ്‌പെയിന്‍ പ്രതിരോധം ശക്തിപ്പെടുത്തി വിജയം പിടിച്ചെടുത്തു. ബോക്‌സിന് പുറത്ത് നിന്ന് തിയാഗോയെടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു മൊറോനോയുടെ ഗോള്‍. കളിക്കിടെ ഡിഫന്‍ഡര്‍ ലൂക്ക് ഷോയുടെ തലയ്ക്കു സാരമായി പരുക്കേറ്റത് തോല്‍വിയോടൊപ്പം ഇംഗ്ലണ്ടിനു മറ്റൊരു ആഘാതമായി മാറി. സ്‌ട്രെച്ചറിലാണ് താരത്തെ പുറത്തേക്കു കൊണ്ടുപോയത്. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും താന്‍ പെട്ടെന്ന് തന്നെ മത്സരങ്ങളില്‍ തിരിച്ചെത്തുമെന്നും ലൂക്ക് ഷോ ട്വിറ്ററിലൂടെ അറിയിച്ചു.
ലോകകപ്പില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്‌ലന്റിനെ സ്വിസ്പട ആറു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്വിറ്റ്‌സര്‍ലന്റിന് വേണ്ടി സ്റ്റീവന്‍ സൂബര്‍, ഡെനിസ് സക്കരിയ, ഷാക്കിരി, സെഫറോവിച്ച്, ആല്‍ബിയന്‍ അജേറ്റി, അദ്മിര്‍ മെഹ്മദി എന്നിവര്‍ ഗോള്‍ നേടി.
ലീഗ് ബിയിലെ മത്സരത്തില്‍ ബോസ്‌നിയ & ഹെര്‍സെഗോവിന 2-1ന് വടക്കന്‍ അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. ലീഗ് സിയില്‍ ഗ്രീസ് 1-0ന് എസ്റ്റോണിയയെയും ഫിന്‍ലന്‍ഡ് ഇതേ സ്‌കോറിന് ഹംഗറിയെയും തകര്‍ത്തു. ലീഗ് ഡിയിലെ മത്സരത്തില്‍ ബെലാറസ് 5-0ന് സാന്‍മരിനോയെയും ലക്‌സംബര്‍ഗ് 4-0ന് മാള്‍ഡോവയെയും തോല്‍പ്പിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.