2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

യുവേഫ നാഷന്‍സ് ലീഗിന് തുടക്കമായി

മ്യൂണിക്ക്: യുവേഫയിലെ രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതുതായി പ്രഖ്യാപിച്ച യുവേഫാ നാഷന്‍സ് ലീഗിന് തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ ഫ്രാന്‍സും ജര്‍മനിയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇരു പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഇന്നലെ ജര്‍മനിയുടെ ഹോം മത്സരമായിരുന്നു കഴിഞ്ഞത്. ഇനി ഇരു ടീമുകളും ഫ്രാന്‍സിലും ഏറ്റുമുട്ടും. ലീഗ് ബി യിലെ മത്സരത്തില്‍ ഉക്രൈനും ചെക്ക് റിപ്പബ്ലിക്കും തമ്മില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ഉക്രൈന്‍ ജയിച്ചു.

4-1 എന്ന സ്‌കോറിന് വെയില്‍സ് അയര്‍ലന്റിനെ പരാജയപ്പെടുത്തി. ലീഗ് സിയിലെ മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ബള്‍ഗേറിയ സ്‌ലോവേനിയയെ പരാജയപ്പെടുത്തി. 2-0ത്തിന് നോര്‍വെ സൈപ്രസിനെ പരാജയപ്പെടുത്തി. അന്‍ഡോറയും ലാത്വിയയും തമ്മില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാസിഡോണിയ ജിബ്രാള്‍ട്ടറിനെ പരാജയപ്പെടുത്തി. ഇന്ന് രാത്രി 12.15ന് ഇംഗ്ലണ്ടും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടും. എസ്‌റ്റോണിയയും ഗ്രീസും തമ്മിലാണ് മറ്റൊരു മത്സരം. ഇരു ടീമുകളുടെയും ലീഗിലെ ആദ്യ മത്സരം കൂടിയാണിത്. യുവേഫയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്‌ലോവാക്യ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി.
2-1 എന്ന സ്‌കോറിന് ഹോളണ്ട് പെറുവിനെ പരാജയപ്പെടുത്തി. ഹോളണ്ട് താരം സ്‌നൈഡറുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. താരം നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യാത്രയയപ്പ് മത്സരത്തിനായി പരിശീലകന്‍ അവസരമൊരുക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വീഡന്‍ ആസ്ട്രിയയോട് പരാജയപ്പെട്ടു. പോര്‍ച്ചുഗലും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ അവസാനിച്ചു. ക്രൊയേഷ്യക്ക് 18-ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചും 32-ാം മിനുട്ടില്‍ പോര്‍ച്ചുഗലിന് പെപ്പെയുമാണ് ഗോള്‍ നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയായിരുന്നു പോര്‍ച്ചുഗല്‍ മത്സരത്തിനിറങ്ങിയത്. പെപ്പെയുടെ 100ാം മത്സരത്തിലെ ഗോളാണ് തോല്‍വിയില്‍ നിന്ന് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. തിങ്കളാഴ്ച രാത്രി 12.15ന് ജര്‍മനിയും പെറുവും റഷ്യയും ചെക്ക്‌റിപ്പബ്ലിക്കും തമ്മില്‍ സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടും. ബുധനാഴ്ച രാത്രി 12.30ന് ഇംഗ്ലണ്ടും സ്വിറ്റ്‌സര്‍ലന്റും തമ്മിലാണ് മത്സരം.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.