2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

യുവേഫ ചാംപ്യന്‍സ് ലീഗ്: സമനിലയില്‍ കുരുങ്ങി റയല്‍

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ കരുത്തരുടെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ജര്‍മന്‍ കരുത്തര്‍ ബൊറൂസിയ ഡോര്‍ട്മുണ്ടും നേര്‍ക്കുനേര്‍ വന്ന ഗ്രൂപ്പ് എഫിലെ പോര് 2-2നാണ് ഒപ്പത്തിനൊപ്പം പിരിഞ്ഞത്. രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് റയല്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ സമനില വഴങ്ങിയത്.
മറ്റു മത്സരങ്ങളില്‍ പോര്‍ട്ടോ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഇംഗ്ലീഷ് ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റിയെ തകര്‍ത്തപ്പോള്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസ് 2-0ത്തിനു ഡൈനാമോ സഗ്രെബിനെയും ടോട്ടനം 3-1നു സി.എസ്.കെ.എ മോസ്‌കോയെയും കീഴടക്കി. ബയര്‍ ലെവര്‍കൂസന്‍ 3-0ത്തിനു മൊണോക്കയേയും ലെഗിയ 1-0ത്തിനു സ്‌പോര്‍ടിങിനേയും കൊബന്‍ഹെവന്‍ 2-0ത്തിനു ക്ലബ് ബ്രുഗ്ഗയേയും പരാജയപ്പെടുത്തി. ഒളിംപിക് ലിയോണ്‍- സെവിയ്യ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
കരിം ബെന്‍സമ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് റയല്‍ ലീഡെടുത്തത്. 28, 53 മിനുട്ടുകളിലാണ് ഫ്രഞ്ച് താരം വല ചലിപ്പിച്ചത്. എന്നാല്‍ രണ്ടാം പകുതിയുടെ 60ാം മിനുട്ടില്‍ ഔബമെയങ് ലീഡ് കുറച്ചു. കളി അവസാനിക്കാന്‍ രണ്ടു മിനുട്ടുകള്‍ ശേഷിക്കേ മാര്‍ക്കോ റൂസിന്റെ ഗോള്‍ ബൊറൂസിയക്ക് നാടകീയ സമനില സമ്മാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ടീമായും ബൊറൂസിയ മാറി. 21 ഗോളുകാണ് ആറു മത്സരങ്ങളില്‍ നിന്നായി അവര്‍ എതിരാളിയുടെ വലയില്‍ നിക്ഷേപിച്ചത്. ഹിഗ്വെയ്ന്‍, റുഗാനി എന്നിവര്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളിലാണ് യുവന്റസ് വിജയം സ്വന്തമാക്കിയത്. ലെയ്സ്റ്ററിനെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത പോര്‍ടോ വിജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.