2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍; ചെല്‍സി- ബാഴ്‌സലോണ ക്ലാസ്സിക്ക് @ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ്

ബയേണ്‍ മ്യൂണിക്ക് സ്വന്തം തട്ടകത്തില്‍ തുര്‍ക്കി ക്ലബ് ബെസിക്റ്റസിനെ നേരിടും

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് രണ്ടാം ഘട്ട പ്രീ ക്വാര്‍ട്ടറിലെ ഒന്നാം പാദ മത്സരങ്ങള്‍ ഇന്നും നാളെയുമായി അരങ്ങേറും. ഇന്ന് നടക്കുന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സി സ്വന്തം തട്ടകത്തില്‍ കരുത്തരും മുന്‍ കിരീട ജേതാക്കളുമായ ബാഴ്‌സലോണയുമായി ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാര്‍ തന്നെയായ ബയേണ്‍ മ്യൂണിക്ക് ഹോം പോരാട്ടത്തില്‍ തുര്‍ക്കി ക്ലബ് ബെസിക്റ്റസുമായി ഏറ്റുമുട്ടും.


ചെല്‍സി- ബാഴ്‌സലോണ

ഒരു ഹൃദയഭേദകമായ പുറത്താകലിന്റെ ഓര്‍മകളുമായാണ് ചെല്‍സി സ്വന്തം തട്ടകത്തില്‍ സ്പാനിഷ് കരുത്തിനെ വെല്ലുവിളിക്കാനായി ഇറങ്ങുന്നത്. 2009ലെ ചാംപ്യന്‍സ് ലീഗ് സെമി പോരാട്ടത്തില്‍ റഫറിയുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്ന് ചെല്‍സിക്ക് അര്‍ഹിച്ച ഫൈനല്‍ സ്ഥാനം നിഷേധിക്കപ്പെട്ടതിന്റെ മായാത്ത മുറിവുമായാണ് ടീം ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. അന്ന് മത്സരം നിയന്ത്രിച്ച റഫറി ടോം ഹെന്നിസ് ഒവെബ്രോ തനിക്ക് തെറ്റ് സംഭവിച്ചതായി തുറന്ന് സമ്മതിച്ച് സമീപ ദിവസങ്ങളില്‍ രംഗത്തുവന്നതും ശ്രദ്ധേയമാണ്.
അതേ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തന്നെ ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരു ടീമുകളും കളിക്കാനിറങ്ങുമ്പോള്‍ തീപ്പാറും പോരാട്ടം പ്രതീക്ഷിക്കാം. 2009ല്‍ ബാഴ്‌സ താരങ്ങളായിരുന്ന സാമുവല്‍ എറ്റു, പിക്വെ എന്നിവര്‍ ബോക്‌സില്‍ വച്ച് കൈകൊണ്ട് പന്ത് തൊട്ടിട്ടും റഫറി ചെല്‍സിക്ക് പെനാല്‍റ്റി അനുവദിച്ചില്ല.
പിന്നീട് ആന്ദ്ര ഇനിയെസ്റ്റ നേടിയ ഒറ്റ ഗോളില്‍ മത്സരം 1-1ന് സമനിലയിലെത്തിച്ച് എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ബാഴ്‌സലോണ ഫൈനലിലേക്ക് കടക്കുകയും മറ്റൊരു ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി കിരീടം ഉയര്‍ത്തുകയും ചെയ്തിരുന്നു. 2012ല്‍ നൗകാംപില്‍ സെമി കളിക്കാനെത്തി ചെല്‍സി ബാഴ്‌സയെ വീഴ്ത്തി ഫൈനലിലേക്ക് കടന്ന് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി തങ്ങളുടെ കന്നി കിരീടമുയര്‍ത്തിയതിന്റെ മറ്റൊരു ചരിത്രവുമുണ്ട്.
നിലവില്‍ അപരാജിത മുന്നേറ്റം നടത്തുന്ന ബാഴ്‌സയുടെ ആക്രമണ ഫുട്‌ബോളും ചെല്‍സിയുടെ പ്രതിരോധാത്മക തന്ത്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി ഇന്നത്തെ മത്സരം മാറും. കഴിഞ്ഞ തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി മികച്ച മുന്നേറ്റം നടത്തിയ ചെല്‍സിക്ക് പക്ഷേ ഈ സീസണില്‍ സന്തുലിതമായ മുന്നേറ്റം നടത്താന്‍ സാധിക്കുന്നില്ല എന്നത് ക്ഷീണമായി നില്‍ക്കുന്ന ഘടകമാണ്.
ആഴ്‌സണലില്‍ നിന്ന ഒലിവര്‍ ജിറൂദിന്റെ വരവ് മുന്നേറ്റത്തിന് ശക്തി പകരും. മുന്‍ ബാഴ്‌സലോണ താരങ്ങളായ സെസ്‌ക് ഫാബ്രിഗസും പെഡ്രോയും ഇന്ന് ചെല്‍സി കുപ്പായത്തില്‍ കളത്തിലിറങ്ങും. മറുഭാഗത്ത് മെസ്സി, സുവാരസ്, പൗലീഞ്ഞോ ത്രയത്തിന് കൂട്ടായി ലിവര്‍പൂളില്‍ നിന്നെത്തിയ കുട്ടീഞ്ഞോ ബാഴ്‌സയ്ക്കായി തന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന് ഇന്ന് കളത്തിലെത്തും. ഒപ്പം ഇവാന്‍ റാക്കിറ്റിച്, വെറ്ററന്‍ താരം ആന്ദ്രെ ഇനിയെസ്റ്റ എന്നിവരും കരുത്തായി ഉണ്ടാകും.
കഴിഞ്ഞ ഏഴ് ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ ആറിലും എതിരാളിക്ക് ഒരു ഗോള്‍ പോലും അനുവദിക്കാതെ ക്ലീന്‍ ഷീറ്റുമായാണ് ബാഴ്‌സലോണ എത്തുന്നത്. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ ആറില്‍ അഞ്ച് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. ഈ സീസണില്‍ ലാ ലിഗയില്‍ അപരാജിത കുതിപ്പ് നടത്തുന്ന ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പില്‍ എസ്പാന്യോളിനോട് മാത്രമാണ് സീസണില്‍ ഒരേയൊരു തോല്‍വി വഴങ്ങിയത്. ചെല്‍സിയും ബാഴ്‌സയും 12 തവണ നേര്‍ക്കുനേര്‍ വന്നതില്‍ നാല് വിജയവുമായി ചെല്‍സിയും മൂന്ന് വിജയവുമായി ബാഴ്‌സയും ഒന്നും രണ്ടും സ്ഥാനത്ത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.