2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

യുവേഫ ചാംപ്യന്‍സ് ലീഗ്; ടുറാന്റെ ഹാട്രിക്കില്‍ ബാഴ്‌സ

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍മാരായ ബാഴ്‌സലോണ, ആഴ്‌സണല്‍, ബയേണ്‍ മ്യൂണിക്ക് എന്നിവര്‍ക്ക് തകര്‍പ്പന്‍ ജയം. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി, പാരിസ് സെന്റ് ജെര്‍മെയ്ന്‍ ടീമുകള്‍ സമനിലയില്‍ കുരുങ്ങി.

ബാഴ്‌സലോണ എതിരില്ലാത്ത നാലു ഗോളിന് ബൊറൂസിയ മോണ്‍ചെന്‍ഗ്ലേഡ്ബാച്ചിനെയാണ് പരാജയപ്പെടുത്തിയത്. ആര്‍ദ്ര ടുറാന്റെ ഹാട്രിക്കാണ് ബാഴ്‌സയ്ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. ശേഷിച്ച ഗോള്‍ ലയണല്‍ മെസ്സി സ്വന്തമാക്കി. ജയത്തോടെ ആറു കളിയില്‍ നിന്ന് അഞ്ചു ജയത്തോടെ അവസാന 16ലേക്ക് മുന്നേറാനും ബാഴ്‌സയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഹാട്രിക്ക് നേടിയിരുന്നെങ്കില്‍ മെസ്സിക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കുമായിരുന്നു.
16ാം മിനുട്ടില്‍ ഗോള്‍ നേടി മെസ്സി കാണികളുടെ പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ മെസ്സിക്ക് വേണ്ടത്ര മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല. എന്നാല്‍ ടുറാന്‍ പകുതിയില്‍ 17 മിനുട്ടിനുള്ളില്‍ മൂന്നു ഗോളുകള്‍ നേടി മെസ്സിയുടെ പോരായ്മ പരിഹരിച്ചു. 50, 53, 67 മിനുട്ടുകളിലായിട്ടായിരുന്നു ടുറാന്റെ ഗോളുകള്‍.

ആഴ്‌സണല്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ബേസലിനെയാണ് വീഴ്ത്തിയത്. ലൂക്കാസ് പെരസ് ഗണ്ണേഴ്‌സിനായി ഹാട്രിക്ക് നേടി. ശേഷിച്ച ഗോള്‍ ഇവോബിയുടേതാണ്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്താനും ആഴ്‌സണലിന് സാധിച്ചു. 8, 16, 47 മിനുട്ടുകളിലായിട്ടാണ് ലൂക്കാസിന്റെ ഹാട്രിക്ക് പിറന്നത്. ബേസലിനായി ഡൗംബിയ ആശ്വാസ ഗോള്‍ നേടി.

അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ വീഴ്ത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 28ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി നേടിയ ഗോളിലാണ് ബയേണ്‍ വിജയം സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ ബയേണിന്റെ തുടര്‍ച്ചയായ 15ാം ജയമാണിത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി അവസാന 16ല്‍ ഇടംപിടിക്കാനും ഇതോടെ ബയേണിന് സാധിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിയെ 1-1ന് സെല്‍റ്റിക്കാണ് സമനിലയില്‍ കുരുക്കിയത്. നാലാം മിനുട്ടില്‍ തന്നെ പാട്രിക് റോബര്‍ട്‌സിന്റെ ഗോളില്‍ സിറ്റിയെ ഞെട്ടിക്കാന്‍ സെല്‍റ്റിക്കിന് സാധിച്ചു. എന്നാല്‍ നാലു മിനുട്ടുകള്‍ക്ക് ശേഷം കെല്ലച്ചി ഇഹിയനാച്ചോയുടെ ഗോളില്‍ സമനില പിടിക്കുകയായിരുന്നു സിറ്റി. സമനില വഴങ്ങിയെങ്കില്‍ ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായി സിറ്റി പ്രീ ക്വാര്‍ട്ടറിലെത്തി.

ലുഡോഗ്രറ്റ്‌സിനെതിരേ 2-2ന് കഷ്ടിച്ചാണ് പി.എസ്.ജി സമനില പിടിച്ചത്. മിസിദ്ജാന്‍, വാന്‍ഡേഴ്‌സന്‍ എന്നിവരുടെ ഗോളില്‍ മുന്നിലെത്തിയ ലുഡോഗ്രറ്റ്‌സിനെ എഡിന്‍സന്‍ കവാനി, എയ്ഞ്ചല്‍ ഡി മരിയ എന്നിവരുടെ ഗോളിലാണ് പി.എസ്.ജി സമനില പിടിച്ചത്.
മറ്റു മത്സരങ്ങളില്‍ നാപ്പോളി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബെന്‍ഫിക്കയെയും ഡൈനാമോ കീവ് എതിരില്ലാത്ത ആറു ഗോളിന ്‌ബെസിക്റ്റസിനെയും പരാജയപ്പെടുത്തിയപ്പോള്‍ പി.എസ്.വി-റോസ്‌തോവ് മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News