2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

യുവാവ് കൊല്ലപ്പെട്ടെന്ന സംശയം മൃതദേഹം കണ്ടെത്താനായി മണ്ണുനീക്കി തിരച്ചില്‍ നടത്തി

 

കൂത്തുപറമ്പ് (കണ്ണൂര്‍): കാണാതായ ശേഷം കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന മമ്പറം പറമ്പായിയിലെ നിഷാദിന്റെ മൃതദേഹം കണ്ടെത്താനായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി പൊലിസ് തിരച്ചില്‍ നടത്തി. അഞ്ചുമണിക്കൂറോളം സമയം നടത്തിയ തിരച്ചിലില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല. തിരച്ചില്‍ ഇന്നും തുടരുമെന്ന് പൊലിസ് അറിയിച്ചു.
നിഷാദിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കസ്റ്റഡിയിലുള്ള ബംഗളൂരു സ്‌ഫോടന കേസിലെ പ്രതി സലീമിനെ സ്ഥലത്തെത്തിച്ചാണ് പൊലിസ് സംഘം ഇന്നലെ രാവിലെ 10.30ഓടെ തെളിവെടുപ്പ് ആരംഭിച്ചത്. നേരത്തെ തീരെ ആള്‍പാര്‍പ്പില്ലാത്തതും കാടുപിടിച്ചുകിടക്കുന്നതുമായിരുന്നു ഈ സ്ഥലം.
ഇപ്പോള്‍ ഇതിന്റെ പരിസരങ്ങളിലൊക്കെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ആള്‍ താമസവുമുണ്ട്. നിഷാദിന്റെ വീട്ടില്‍ നിന്നു 500 മീറ്റര്‍ മാറിയാണ് ഈ സ്ഥലം.
രാവിലെ വന്‍ പൊലിസ് സംഘത്തിന്റെ സുരക്ഷയിലാണ് സലീമിനെ ഇവിടെയെത്തിച്ചത്. 30 മീറ്ററോളം നീളത്തില്‍ ഇടവഴി ആഴത്തില്‍ കുഴിച്ചായിരുന്നു മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയത്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി യു. പ്രേമന്‍, സി.ഐ സനല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഫോറന്‍സിക് വിഭാഗവും പരിശോധനയ്‌ക്കെത്തിയിരുന്നു. 2012 ലായിരുന്നു നിഷാദിനെ കാണാതായത്. ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ ഒക്ടോബറില്‍ ബംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായ പറമ്പായിയിലെ പി.എ സലീമിനെ ബംഗളൂരു പൊലിസ് ചോദ്യം ചെയ്യുന്നതിനിടയിലാണ്‌നിഷാദിന്റെ തിരോധാന കേസന്വേഷണത്തിലും വഴിത്തിരിവുണ്ടായ വെളിപ്പെടുത്തല്‍ ഉണ്ടായത്.
നിഷാദിനെ ക്വട്ടേഷന്‍ വാങ്ങി കൊലപ്പെടുത്തിയതാണെന്ന സലീമിന്റെ മൊഴിയോടെയാണ് നിഷാദ് തിരോധാന കേസിലെ അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതേതുടര്‍ന്നു സലീമിനെ ഈ കേസില്‍ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് സംഘം കൂത്തുപറമ്പ് കോടതിയുടെ അനുമതിയോടെ തെളിവെടുപ്പ് നടത്താന്‍ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.