2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

യുവാവ് കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ പിടികൂടി

കയ്പ്പമംഗലം: മൂന്നുപീടികയില്‍ യുവാവിന്റെ മരണത്തിനിടയാക്കി നിറുത്താതെ പോയ കാറിന്റെ ഡൈവര്‍ അറസ്റ്റിലായി. കോഴിക്കോട് കാഞ്ഞിരപറമ്പ് കൊട്ടിയാട്ട് കാഞ്ഞിരങ്ങാടന്‍ അബ്ദുള്ളക്കുട്ടി മകന്‍ മുജീബ് റഹ്മാനെയാണ് എസ്.ഐ കെ.ജെ ജിനേഷ് അറസ്റ്റു ചെയ്തത്.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ടാക്‌സി ഡ്രൈവറാണ് ഇയാള്‍. കയ്പ്പമംഗലം സ്വദേശി ഞാറ്റു കെട്ടി ശശി മകന്‍ ശരത്താണ് (24) മരിച്ചത്. ഈ മാസം പതിനാറാം തിയതി രാത്രി പതിനൊന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രളയത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് അടച്ചതിനാല്‍ കോഴിക്കോട് വിമാനമിറങ്ങിയ പറവൂര്‍ സ്വദേശികളെ കൊടുങ്ങല്ലൂര്‍ വരെ എത്തിച്ച് മടങ്ങുമ്പോഴാണ് കാര്‍ അപകടമുണ്ടാക്കിയത്. മൂന്നുപീടികയിലെ ബാറില്‍ മദ്യപിക്കാനെത്തിയ ശരത്തും കൂട്ടു കാരും ചളിങ്ങാട്ടുള്ള കുറച്ചു പേരുമായി വാക്കുതര്‍ക്കം ഉണ്ടായതായി പറയുന്നു. ഇത് ബാറിന് പുറത്തെത്തി സംസാരിച്ച് തീര്‍ക്കുന്നതിനിടയില്‍ റോഡ് മുറിച്ചുകടന്ന ശരത്തിനെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരന്നു. പൊലിസ് അന്വേഷണം നടത്തി വരവെ അത് വഴി വന്ന ആളുകളെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ചതിന്റെയും 22 ഓളം സി.സി.ടി.വി ക്യാമറകള്‍ പരിശോധന നടത്തിയതില്‍ നിന്നും ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
ആ സമയം പൊലിസിനോട് തന്റെ മുന്‍പില്‍ പോയ മറ്റൊരു കാറാണ് ഇടിച്ചതെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങളില്‍ വൈരുധ്യം തോന്നിയ പൊലിസ് സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചും സാക്ഷികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും സയന്റിഫിക് എക്‌സ്‌പെര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയശാസത്രീയ തെളിവുകളുടേയും അടിസ്ഥാനത്തില്‍ വീണ്ടും ഇയാളെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ഒരു കാര്‍ പോയതിനു പിന്നാലെ റോഡ് മുറിച്ചു കടക്കുമ്പോള്‍ മുജീബിന്റെ കാര്‍ ശരീരത്തില്‍ തട്ടി ശരത്ത് റോഡില്‍ തലയടിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ ഇയാള്‍ പിന്നീട് മരിച്ചു. പൊലിസ് അന്വേഷണത്തെ വഴിതെറ്റിക്കുന്ന തരത്തില്‍ സംഭവത്തെക്കുറിച്ച് നാട്ടില്‍ സംസാരമുണ്ടായി. ഇതേ തുടര്‍ന്ന് ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസിസ് കൈപമംഗലം എസ്.ഐ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ അന്വോഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മദ് അഷറഫ് എം.കെ ഗോപി, ഇ.എസ് ജീവന്‍ എ.എസ്.ഐ ലത്തീഫ്, അബ്ദുള്‍ സലാം, സീനിയര്‍ സി.പി.ഒ സി.കെ. ഷാജു എന്നിവരാണ് അന്വോഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.