2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

യുവാവിന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കളുടെ പരാതി

 

പത്തനംതിട്ട: ഹൃദയാഘാതത്തെ തുടര്‍ന്ന് അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചത് ചികിത്സാപ്പിഴവു മൂലമാണെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കരുവാറ്റ തുണ്ടിയില്‍കിഴക്കേതില്‍ (ജോയ് ബംഗ്ലാവ്) ജോയി വര്‍ഗീസ്(47) മരിച്ചത് കഴിഞ്ഞ 19നാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇ.സി.ജിയില്‍ ഹൃദയാഘാതമുണ്ടായെന്ന് വ്യക്തമായെങ്കിലും അതിനനുസരിച്ചുള്ള ചികിത്സ നല്‍കാന്‍ അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് കഴിഞ്ഞില്ല. സാധാരണ എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്കു ചെയ്യാവുന്ന പ്രാഥമിക ചികിത്സ പോലും ജോയിക്ക് നല്‍കിയില്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
അത്യാസന്ന നിലയിലായിരുന്ന രോഗിയോട് ഏത് മരുന്നാണ് നല്‍കേണ്ടതെന്നാണത്രേ ഡോക്ടര്‍ ചോദിച്ചത്. നാല്‍പ്പത് മിനിട്ടോളം കാര്യമായ ചികിത്സ നല്‍കാതെ രോഗിയെ കിടത്തി. ഇതിനിടെ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനോട് ഒരുതവണ പോലും ഫോണില്‍ ബന്ധപ്പെടാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആരോപിക്കുന്നു.
ഇതിനിടെ രണ്ടാമതും ഹൃദയ സ്തംഭനം ഉണ്ടാകുകയും മരണം സംഭവിക്കുകയും ആയിരുന്നത്രേ. രോഗി മരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അവിടെ നിന്നും മറ്റെവിടേക്കെങ്കിലും കൊണ്ടുപോയ്‌ക്കൊള്ളാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇത് ക്രിമിനല്‍ കുറ്റമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രി അധികൃതരുടെ പിഴവിനെതിരെ ജില്ലാ പൊലിസ് ചീഫ്, ഡി.എം.ഓ, ആരോഗ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മരിച്ച ജോയി വര്‍ഗീസിന്റെ സഹോദരങ്ങളായ ജോയി ഫിലിപ്പ് (ബെന്നി), ഡോ. സന്തോഷ് ജോയി, ഡോ. അനില്‍ കോശി എന്നിവര്‍ പങ്കെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.